News - 2024

ഈജിപ്തിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കിടയില്‍ സേവനം ചെയ്യുവാന്‍ വൈദികര്‍ക്ക് എ‌സി‌എന്നിന്‍റെ സഹായം

പ്രവാചകശബ്ദം 23-08-2022 - Tuesday

കെയ്റോ: ഈജിപ്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ക്രിസ്ത്യന്‍ സമൂഹത്തിനിടയിലെ അജപാലന സേവനങ്ങള്‍ വിപുലീകരിക്കുവാനുള്ള പരിശീലനത്തിന് കത്തോലിക്ക വൈദികര്‍ക്ക് സ്കോളര്‍ഷിപ്പുമായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍). ഈജിപ്തിലെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് കത്തോലിക്കരെന്നും, പൊതുവേ ഈജിപ്തിലെ ക്രൈസ്തവരെ രണ്ടാം തരം പൗരന്മാരായിട്ടാണ് കണ്ടുവരുന്നതെന്നും എ.സി.എന്‍ ഓഗസ്റ്റ് 18ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

സ്വന്തം രാജ്യത്ത് അപരിചിതരെപ്പോലെയാണ് ഈജിപ്തിലെ ക്രൈസ്തവര്‍ കഴിയുന്നതെന്ന്‍ ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ 2020-ലെ പദ്ധതികള്‍ വഴി ഈജിപ്തിലെ കത്തോലിക്ക വൈദികരുടെ പരിശീലനത്തിനുള്ള സ്കോളര്‍ഷിപ്പുകള്‍ക്കും, യുവജനങ്ങൾക്കുള്ള സമ്മര്‍ ക്യാമ്പുകള്‍ പോലെയുള്ള അജപാലന പദ്ധതികള്‍ക്കുമായി 3,60,000 സ്വിസ്സ് ഫ്രാങ്ക് നല്‍കിയതായും പറയുന്നു. ഏഴാം നൂറ്റാണ്ടിലെ ഇസ്ലാമികവല്‍ക്കരണത്തിന് മുന്‍പ് ഭൂരിപക്ഷമായിരുന്ന ക്രൈസ്തവര്‍ രാജ്യത്തു വളരെ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത് ഇപ്പോഴും തുടരുന്നതില്‍ സംഘടന ഖേദം രേഖപ്പെടുത്തി.

ക്രൈസ്തവര്‍ക്കെതിരായ പോരാട്ടത്തിന് ഈജിപ്തിലെ ഇസ്ലാമികവാദികള്‍ അമ്മമാരെയും കുട്ടികളെയും വരെ ഉപയോഗിക്കുന്നുണ്ടെന്നു ഇക്കഴിഞ്ഞ ജനുവരിയില്‍ പുറത്തുവിട്ട മറ്റൊരു റിപ്പോര്‍ട്ടില്‍ സംഘടന ചൂണ്ടിക്കാട്ടിയിരിന്നു. ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍ പതിവായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ മിഷേല്‍ ക്ലാര്‍ക്ക് പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ യുദ്ധത്തിലെ പ്രധാന ആയുധമാണ് ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കെതിരായ അക്രമമെന്ന് പറഞ്ഞ ക്ലാര്‍ക്ക്, ഇതിന് ഇസ്ലാമിക നിയമങ്ങളുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് മൊഹമ്മദ്‌ മുര്‍സിയുടെ നേതൃത്വത്തിലുള്ള മുസ്ലീം ബ്രദര്‍ഹുഡ് അധികാരത്തിലിരുന്ന 2012 – 2013 കാലയളവിലാണ് ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവുണ്ടായിട്ടുള്ളതെന്നും, അബ്ദേല്‍ ഫത്താ അല്‍-സിസി അധികാരത്തിലേറിയ ശേഷം കാര്യങ്ങളില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും സംഘടന പറയുന്നു. ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ മുസ്ലീങ്ങളല്ലാത്തവരെ കുഫാര്‍ അല്ലെങ്കില്‍ അവിശ്വാസികള്‍ എന്നാണ് വിശേഷിപ്പിക്കുന്നതെന്ന്‍ പറഞ്ഞ എ.സി.എന്‍ ഭരണ രംഗത്തെ പ്രധാന പദവികള്‍ എല്ലാം തന്നെ മുസ്ലീങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

1980-90 കാലയളവില്‍ സൗദി അറേബ്യയില്‍ ജോലി തേടിപ്പോയവരാണ് ഈജിപ്തില്‍ ഇസ്ലാമിക വര്‍ഗ്ഗീയത കൊണ്ടുവന്നതെന്നും അന്നുമുതല്‍ ക്രൈസ്തവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈജിപ്തിലെ ക്രൈസ്തവരില്‍ ഭൂരിഭാഗവും കോപ്റ്റിക് ഓര്‍ത്തഡോക്സ് വിശ്വാസികളാണ്. ഏതാണ്ട് 240 പുരോഹിതരും 2,00,000-ത്തോളം വിശ്വാസികളുമാണ് നിലവില്‍ ഈജിപ്തിലെ കത്തോലിക്കാ സഭക്കുള്ളത്.


Related Articles »