News - 2024

പീഡിത ക്രൈസ്തവരുടെ കണ്ണീരൊപ്പി എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്: 90 ലക്ഷം പൗണ്ടിന്റെ സഹായം

പ്രവാചകശബ്ദം 15-02-2022 - Tuesday

ലണ്ടന്‍: പീഡിത ക്രൈസ്തവരുടെ കണ്ണീരൊപ്പി ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ യുകെ ഘടകം സഹായം നൽകിയത് 330 പദ്ധതികൾക്ക്. ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകിയ വർഷങ്ങളുടെ പട്ടികയിൽ 2021 ഇടംപിടിച്ചു. കൊറോണ വൈറസ് വ്യാപനത്തിന് ഇടയിലും 76 രാജ്യങ്ങളിലായി 330 പദ്ധതികളാണ് സംഘടന നടപ്പിലാക്കിയത്. ലെബനോനിലെ സിറിയൻ ക്രൈസ്തവ അഭയാർത്ഥി കുടുംബങ്ങൾക്ക് നൽകിയ മെഡിക്കൽ സഹായം, സുഡാനിലെ നുബാ മലനിരകളിൽ സേവനം ചെയ്യുന്ന വൈദികർക്കും, സന്യസ്തർക്കും നൽകിയ സഹായം, ഡൽഹിയിലെ ചേരികളിൽ ജീവിക്കുന്നവർക്ക് നൽകിയ കോവിഡ് പ്രതിരോധ സഹായങ്ങൾ തുടങ്ങിയവ 2021ലെ സന്നദ്ധ പദ്ധതികളിൽ ഉൾപ്പെടുന്നു.

വിവിധ രാജ്യങ്ങളിൽ ദുരിതങ്ങളിൽ അകപ്പെട്ട സഹോദരി, സഹോദരന്മാർക്ക് സംഘടനയിലൂടെ സഹായം നൽകാൻ മനസ്സ് കാണിച്ച ആളുകളുടെ സഹകരണത്തിന് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് യുകെ ഘടകത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്ന നെവില്ലേ കിർക്കി സ്മിത്ത് പ്രകീർത്തിച്ചു. ഏകദേശം റെക്കോർഡിനോട് അടുത്തെത്തിയ സഹായങ്ങൾ 2021ൽ നൽകാൻ സാധിച്ചത് സാമ്പത്തിക സഹായം നൽകുന്ന ആളുകൾ സംഘടനയോട് കാണിക്കുന്ന അനുകമ്പയുടെ സാക്ഷ്യമാണെന്നു നെവില്ലേ കിർക്കി സ്മിത്ത് പറഞ്ഞു.

90,00,000 പൗണ്ട് സാമ്പത്തിക സഹായമാണ് സംഘടന കഴിഞ്ഞവർഷം നൽകിയത്.

ഇത് സംഘടനയുടെ ചരിത്രത്തിൽ ഒരു വർഷം നൽകുന്ന ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക സഹായമാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ പ്രതിസന്ധികളെ അതിജീവിക്കാൻ ക്രൈസ്തവർക്ക് ഈ സഹായങ്ങളിലൂടെ സാധിച്ചുവെന്നും കിർക്കി സ്മിത്ത് ചൂണ്ടിക്കാട്ടി. ആഫ്രിക്കയിലെയും, കിഴക്കൻ യൂറോപ്പിലേയും വൈദിക വിദ്യാർഥികളുടെ പഠനത്തിനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേവാലയങ്ങളുടെ നിർമാണത്തിനും സംഘടന കഴിഞ്ഞവർഷം വലിയ സാമ്പത്തിക സഹായങ്ങളാണ് നൽകിയത്.


Related Articles »