News - 2024

പത്രോസിന്റെ പിന്‍ഗാമികളായ അഞ്ച് പാപ്പമാരുമായുള്ള രാജ്ഞിയുടെ കൂടിക്കാഴ്ച അന്നും ഇന്നും ശ്രദ്ധേയം

പ്രവാചകശബ്ദം 11-09-2022 - Sunday

ലണ്ടന്‍: അന്തരിച്ച ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന്റെ സുപ്രീം ഗവര്‍ണറും, ബ്രിട്ടീഷ് രാജ്ഞിയുമാ:യിരിന്ന എലിസബത്ത്‌ രാജ്ഞി തന്റെ ജീവിതകാലയളവില്‍ പത്രോസിന്റെ സിംഹാസനത്തിലിരുന്ന 5 മാര്‍പാപ്പമാരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. സ്കോട്ട്ലന്റിലെ ബാല്‍മോറല്‍ കൊട്ടാരത്തില്‍ വെച്ച് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 8-നായിരുന്നു എലിസബത്ത്‌ രാജ്ഞിയുടെ അന്ത്യം. പിതാവായ ജോര്‍ജ്ജ് ആറാമന്റെ മരണത്തേത്തുടര്‍ന്ന്‍ 1952-ല്‍ 25-മത്തെ വയസ്സിലാണ് എലിസബത്ത്‌ II ബ്രിട്ടീഷ് രാജ്ഞിയായി അധികാരത്തിലേറുന്നത്. ബ്രിട്ടന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന വ്യക്തിയാണ് എലിസബത്ത് രാജ്ഞി. തന്റെ ജീവിതത്തിനിടെ സഭയെ നയിച്ച വിവിധ പാപ്പമാരെ കാണാനും ചര്‍ച്ചകള്‍ ചെയ്യാനും രാജ്ഞിയ്ക്കു അവസരം ലഭിച്ചിരിന്നു.

1951 – പിയൂസ് പന്ത്രണ്ടാമന്‍ പാപ്പയുമായി കൂടിക്കാഴ്ച. ‍

ബ്രിട്ടീഷ രാജ്ഞിയായി അധികാരത്തിലേറുന്നതിനു കൃത്യം ഒരുവര്‍ഷം മുന്‍പ് 1951-ല്‍ എലിസബത്ത് രാജകുമാരി പാപ്പ പിയൂസ് പന്ത്രണ്ടാമനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

1961 – ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പയുമായി കൂടിക്കാഴ്ച ‍

1961 മെയ് 5-ന് വത്തിക്കാനിലെ അപ്പസ്തോലിക മന്ദിരത്തില്‍വെച്ച് എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് പ്രിന്‍സ് രാജകുമാരനും ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ലാളിത്യത്തോടും, അന്തസ്സോടും കൂടി നിര്‍വഹിക്കുന്നവള്‍ എന്നായിരുന്നു എലിസബത്ത്‌ രാജ്ഞിയെ കുറിച്ചുള്ള പാപ്പയുടെ പ്രതികരണം.

1980, 1982, 2000 – വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുമായി കൂടിക്കാഴ്ച ‍

മൂന്ന്‍ പ്രാവശ്യമാണ് എലിസബത്ത്‌ രാജ്ഞി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്. 1980 ഒക്ടോബര്‍ 13-നാണ് തന്റെ ഭര്‍ത്താവുമൊത്തുള്ള വത്തിക്കാന്‍ സന്ദര്‍ശനത്തിനിടക്ക് രാജ്ഞി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനുമായി ആദ്യ കൂടിക്കാഴ്ച നടത്തുന്നത്. പദവിയിലിരിക്കേ ബ്രിട്ടീഷ് മണ്ണില്‍ കാലു കുത്തുന്ന ആദ്യ പാപ്പ, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനായിരിന്നു. 1982 മെയ് മാസത്തില്‍ നടത്തിയ ആ ചരിത്ര സന്ദര്‍ശനത്തിനിടയില്‍ പാപ്പ ബക്കിംഗ്ഹാം കൊട്ടാരത്തില്‍വെച്ച് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം 2000 ഒക്ടോബര്‍ 17-നായിരുന്നു ഇരുവരും തമ്മിലുള്ള അവസാന കൂടിക്കാഴ്ച.

2010 – ബെനഡിക്ട് പതിനാറാമനുമായി കൂടിക്കാഴ്ച ‍

2010 സെപ്റ്റംബറില്‍ യു.കെയിലേക്ക് നടത്തിയ ചതുര്‍ദിന സന്ദര്‍ശനത്തിനിടക്കാണ് മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയത്. സ്കോട്ട്ലന്റിലെ എഡിന്‍ബറോയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച വളരെ സൗഹാര്‍ദ്ദപരമായിരുന്നെന്നും, ലോക ജനതയുടെ ക്ഷേമത്തിനും, ക്രിസ്തീയ മൂല്യങ്ങള്‍ക്ക് സമൂഹത്തിലുള്ള പങ്കിനെ കുറിച്ചും തങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നാണ് ഈ കൂടിക്കാഴ്ചയേ കുറിച്ച് പരിശുദ്ധ സിംഹാസനം വെളിപ്പെടുത്തിയിട്ടുള്ളത്.

2014 - ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച ‍

2014-ലാണ് ഇപ്പോഴത്തെ മാര്‍പാപ്പയായ ഫ്രാന്‍സിസ് പാപ്പയുമായി എലിസബത്ത് രാജ്ഞി അവസാനമായി കൂടിക്കാഴ്ച നടത്തിയത്. വത്തിക്കാനില്‍ വെച്ച് നടന്ന കൂടിക്കാഴ്ചക്കിടയില്‍ രാജ്ഞി വിവിധ സമ്മാനങ്ങള്‍ പാപ്പക്ക് സമ്മാനിച്ചിരിന്നു. ‘യു.കെ’യും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പുനരാരംഭത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.


Related Articles »