News - 2025
നവംബർ 2ന് ഫ്രാന്‍സിസ് പാപ്പ സെമിത്തേരി സന്ദർശനം നടത്തി പ്രാര്‍ത്ഥിക്കും
പ്രവാചകശബ്ദം 30-10-2024 - Wednesday
വത്തിക്കാന്‍ സിറ്റി: സകല മരിച്ചവരുടെയും തിരുനാൾ ആചരിക്കുന്ന നവംബർ രണ്ടാം തീയതി, ഫ്രാൻസിസ് പാപ്പ റോമിലെ സെമിത്തേരി സന്ദർശിക്കും. റോമിലെ ഏറ്റവും വലിയ സെമിത്തേരിയായ ലൗറെന്തീനോയിലെത്തുന്ന ഫ്രാൻസിസ് പാപ്പ വിശുദ്ധ ബലിയർപ്പിക്കുകയും മരിച്ചവര്‍ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്യുമെന്ന് വത്തിക്കാന്‍ അറിയിച്ചു. 2018ലും ഫ്രാൻസിസ് പാപ്പാ ഇതേ സ്ഥലത്ത് വന്നു പ്രാർഥനകൾ നടത്തിയിട്ടുണ്ട്.
റോമിന്റെ പ്രാന്ത പ്രദേശത്ത് 21ഹെക്ടറുകളിലായിട്ടാണ് ഈ സെമിത്തേരി സ്ഥിതി ചെയ്യുന്നത്. 2018-ൽ പാപ്പയുടെ സന്ദർശനവേളയിൽ, ദിവ്യബലിക്ക് മുമ്പ്, കുട്ടികളെ അടക്കം ചെയ്ത “മാലാഖമാരുടെ പൂന്തോട്ടം" എന്നറിയപ്പെടുന്ന സ്ഥലത്ത് പാപ്പ പ്രത്യേക പ്രാർത്ഥനകൾ നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഫ്രാൻസിസ് പാപ്പ റോമിലെ യുദ്ധത്തിൽ മരണമടഞ്ഞവരെ അടക്കം ചെയ്തിരിക്കുന്ന സെമിത്തേരിയിലാണ് മരിച്ചവരുടെ തിരുനാള്‍ ദിനത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തിയത്. “ഇനി യുദ്ധങ്ങളിൽ പരസ്പരം കൊല്ലരുതേ ” എന്ന അഭ്യർത്ഥന കഴിഞ്ഞ വര്‍ഷം പാപ്പ നടത്തിയിരുന്നു.