India - 2024

മക്കളാണ് കുടുംബങ്ങളുടെയും സഭയുടെയും സമൂഹത്തിന്റെയും സമ്പത്ത്: തോമസ് മാർ കൂറിലോസ്

പ്രവാചകശബ്ദം 03-10-2022 - Monday

ചങ്ങനാശേരി: അഞ്ചാമത് ചങ്ങനാശേരി അതിരൂപത മഹായോഗത്തിന് ഉജ്ജ്വല തുടക്കം. കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ആരംഭിച്ച മഹായോഗം തിരുവല്ല മലങ്കര ആർച്ച്ബിഷപ്പ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. മക്കളാണ് കുടുംബങ്ങളുടെയും സഭയുടെയും സമൂഹത്തിന്റെയും സമ്പത്ത്. മക്കൾ ലഹരിക്കും തിന്മകളുടെ വിപത്തുകൾക്കും അടിമപ്പെടുന്നതു കുടുംബങ്ങളും സമൂഹവും നേരിടുന്ന വെല്ലുവിളിയാണെന്നു തോമസ് മാർ കൂറിലോസ് പറഞ്ഞു. ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സഭയോടൊത്തു ചിന്തിക്കാനും ജീവിക്കാനും പ്രവർത്തിക്കാനുമുള്ള അവസരമാണ് മഹായോഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മാർത്തോമ്മ ക്രിസ്ത്യാനി സഭയുടെ ആധുനിക ചരിത്രത്തിന് ആ രംഭം കുറിച്ച വികാരിയത്തുകളിൽ ഒന്നായ ചങ്ങനാശേരിയിൽ ബിഷപ്പ് ചാൾസ് ലവീഞ്ഞ് വിളിച്ചുകൂട്ടിയ ആദ്യ സൂനഹദോസിന്റെ തുടർച്ചയാണ് ഈ മഹായോഗമെന്നും അദ്ദേഹം പറഞ്ഞു. സഹായ മെത്രാൻ മാർ തോമസ് തറയിൽ, ഷംഷാബാദ് നിയുക്ത സഹായ മെത്രാൻ മോൺ.തോമസ് പാടിയത്ത്, വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, ജോബ് മൈക്കിൾ എംഎൽഎ, ഡയറക്ടർ പ്രഫ. ജെ.ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ഇരുനൂറോളം പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളുമാണ് മഹായോഗത്തിൽ പങ്കെടുക്കുന്നത്.

ആരാധനക്രമം, സിനഡാത്മകസഭ, കോവിഡനന്തര അജപാലനം, സന്യാസം-ദൈവവിളി, കുടുംബം, സമുദായം, മാധ്യമങ്ങൾ എന്നിങ്ങനെ പ്രസക്തമായ വിഷയങ്ങൾ ചർച്ചചെയ്യും. ദീപിക ചീഫ് എഡിറ്റർ റവ. ഡോ.ജോർജ് കുടിലിൽ, അഡ്വ.വി.സി. സെബാസ്റ്റ്യൻ, റവ.ഡോ.ജോസ ഫ് കടുപ്പിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വിഷയാവതരണം നട ത്തും. അഞ്ചിന് വൈകുന്നേരം മഹായോഗം സമാപിക്കും.