Life In Christ - 2024

ലോകകപ്പ് സീസൺ മുഴുവൻ ദോഹയിലെ ‘ഔർ ലേഡി ഓഫ് ദ റോസറി ചർച്ച്’ വിശ്വാസികള്‍ക്കായി തുറന്നു നല്‍കും

പ്രവാചകശബ്ദം 17-11-2022 - Thursday

ദോഹ: നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഉടനീളം ദോഹയിലെ ഔർ ലേഡി ഓഫ് റോസറി കത്തോലിക്ക ദേവാലയം തുറന്നിടുമെന്ന് നോർത്തേണ്‍ അറേബ്യൻ വികാരിയത്ത്. മത്‌സരങ്ങൾ കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു എത്തുന്നവരില്‍ ക്രൈസ്തവരായ വിശ്വാസികൾക്ക് എപ്പോഴും പ്രാർത്ഥനാ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേവാലയം തുറന്നിടുക. ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ, കുവൈറ്റ് എന്നിവ സ്ഥിതി ചെയ്യുന്ന നോർത്ത് അറേബ്യയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡറാണ് വരാനിരിക്കുന്ന ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ദേവാലയം തുറന്നു നല്‍കുമെന്ന കാര്യം ഇറ്റാലിയൻ വാർത്താ ഏജൻസിയായ എസ്‌ഐആറിനോട് വെളിപ്പെടുത്തിയത്.

ഖത്തർ 2022 ലോകകപ്പ് വേളയിൽ, മരിയൻ ദേവാലയത്തില്‍ പ്രാർത്ഥനയ്ക്കും മറ്റും വരാൻ ആഗ്രഹിക്കുന്ന ഫുട്ബോള്‍ പ്രേമികളെ അനുവദിക്കുന്നതിനായി തുറന്നു നല്‍കുമെന്നും സാഹോദര്യത്തിനും സൗഹൃദത്തിനുമുള്ള വിശേഷാൽ അവസരം ഫുട്‌ബോൾ ലോകകപ്പ് സൃഷ്ടിക്കുമെന്നും ബിഷപ്പ് പോൾ ഹിൻഡര്‍ പ്രതികരിച്ചു. ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക മത്‌സരങ്ങൾ സാംസ്‌കാരികവും മതപരവുമായ സഹവർത്തിത്വത്തിനുള്ള ഒരു ഉപാധിയാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മതസ്വാതന്ത്ര്യ അവകാശങ്ങളെ മാനിക്കുന്നതിൽ ഖത്തർ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും അപ്പസ്തോലിക് വികാരി പറഞ്ഞു.

മലയാളം ഉള്‍പ്പെടെ ഇംഗ്ലീഷ്, കൊറിയൻ, ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, ഇന്തോനേഷ്യൻ, സിംഹള, തമിഴ്, ഉറുദു, അറബിക് എന്നിങ്ങനെ നിരവധി ഭാഷകളിൽ തിരുക്കർമങ്ങൾ നടക്കുന്ന ദേവാലയം കൂടിയാണ് ‘ഔർ ലേഡി ഓഫ് ദ റോസറി’ ചർച്ച്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ ഒരേസമയം രണ്ടായിരത്തില്‍ അധികം വിശ്വാസികള്‍ക്ക് തിരുക്കർമങ്ങളിൽ പങ്കെടുക്കാനുള്ള സൌകര്യമുണ്ട്. രാജ്യത്ത് നിർമ്മിച്ച ആദ്യത്തെ കത്തോലിക്ക ദേവാലയം കൂടിയാണിത്. ഇതിനു പുറമെ ഖത്തറിൽ സെന്റ് മേരീസ് സീറോ മലങ്കര, സെന്റ് തോമസ് സീറോ മലബാർ എന്നീ രണ്ടു കത്തോലിക്ക ദേവാലയങ്ങള്‍ കൂടിയുണ്ട്.


Related Articles »