Life In Christ - 2024

ദയാവധ വിരുദ്ധ പോരാളിക്ക് ഖത്തർ ലോകകപ്പിലെ തകർപ്പൻ വിജയം സമർപ്പിച്ച് സ്പാനിഷ് ഫുട്ബോൾ താരം

പ്രവാചകശബ്ദം 24-11-2022 - Thursday

ദോഹ: ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ നാലാം ദിവസം കോസ്റ്ററിക്കയ്ക്കെതിരെ നേടിയ എതിരില്ലാത്ത ഏഴു ഗോളിന്റെ തകർപ്പൻ വിജയം ദയാവധ വിരുദ്ധ പോരാളിക്ക് സമര്‍പ്പിച്ച് സ്പാനിഷ് ഫുട്ബോൾ താരം. രോഗബാധിതനായി കഴിയുമ്പോഴും ദയാവധം എന്ന തിന്മയ്ക്കെതിരെ അതിശക്തമായി പോരാടുന്ന ജോർഡി സബാറ്റെയ്ക്കു വിജയം സമര്‍പ്പിച്ചത് സ്പാനിഷ് ഫുട്ബോൾ താരം അയ്മെറിക് ലാപോർട്ടെയാണ്. നാഡീവ്യൂഹത്തെ ബാധിക്കുന്ന അമിട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ്സിന്റെ ഇരയാണ് 38 വയസ്സുള്ള ജോർഡി സബാറ്റെ. താൻ എട്ടു വർഷമായി രോഗത്തിനെതിരെ പോരാടുന്ന പോലെ, ലോകകപ്പില്‍ പോരാടാൻ കളിക്കാരോടും, പരിശീലകരോടും ആവശ്യപ്പെട്ടുകൊണ്ട് മത്സരത്തിന് രണ്ടുദിവസം മുമ്പ് ജോർഡി സാമൂഹ്യ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചിരിന്നു.

അസുഖം വന്ന് മരിക്കുന്നവരുടെ കണക്ക് പരിഗണിക്കുമ്പോൾ താനിപ്പോൾ ജീവനോടെ ഇരിക്കേണ്ട ആളായിരുന്നില്ലെന്നും ജീവനോടെ ഇരുന്ന്, ഹൃദയത്തിൽകൊണ്ട് നടക്കുന്ന ടീമിനെ പിന്തുണച്ച് ലോകകപ്പ് കാണുന്നതിന്റെ വലിയ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ലെന്നും മുപ്പത്തിയെട്ടു വയസ്സുള്ള ജോർഡി പറഞ്ഞിരിന്നു. മറുപടി വീഡിയോയിലാണ് സ്പെയിൻ നേടിയ ഉജ്ജ്വല വിജയം ജോർഡി സബാറ്റെയ്ക്കു സമർപ്പിക്കുന്നതായി അയ്മെറിക് ലാപോർട്ടെ പറഞ്ഞത്. മത്സരത്തിന് മുമ്പും, മത്സരശേഷവും ജോർഡി തന്റെ മനസ്സിലുണ്ടായിരുന്നുവെന്ന് അയ്മെറിക് വെളിപ്പെടുത്തി. ജോർഡി സബേറ്റ് നിരവധി ആളുകൾക്ക് പ്രചോദനമാണെന്ന് പറഞ്ഞ അയ്മെറിക് മുന്നോട്ടുള്ള യാത്രയിൽ അദ്ദേഹത്തിന് പൂർണ്ണപിന്തുണ അറിയിച്ചു.

അമിട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ് അഥവാ മോട്ടോർ ന്യൂറോൺ ഡിസീസ്, എ എൽ എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അസുഖം പേശികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡീകോശങ്ങൾക്കുണ്ടാകുന്ന നാശമാണ്. രോഗബാധിതരായ, ദയാവധത്തിന് വിധേയരാകാൻ ആഗ്രഹമില്ലാത്തവർക്ക് വേണ്ടി ധീരതയോടെ വലിയ പോരാട്ടമാണ് ജോർഡി സബാറ്റെ നയിച്ചുവരുന്നത്. അസുഖം ബാധിച്ചവര്‍ക്ക് സാമ്പത്തിക സഹായം നൽകി നല്ലൊരു ജീവിതം ഉറപ്പു നൽകുന്ന ബില്ല് കോൺഗ്രസ് പാസാക്കിയിരുന്നു. എന്നാൽ പെദ്രോ സാഞ്ചസിന്‍റെ നേതൃത്വത്തിലുള്ള സ്പെയിനിലെ സർക്കാർ ബില്ല് പ്രാബല്യത്തിൽ വരുന്നതിന് തടയിട്ടിരിക്കുകയാണ്.

ജോർഡിക്ക് ഒരു മാസം ജീവൻ നിലനിർത്തുന്നതിന് വേണ്ടി 6000 യൂറോ ആണ് ചിലവാകുന്നത്. ജീവനുവേണ്ടി നടത്തുന്ന പോരാട്ടത്തിന് പ്രോലൈഫ് സംഘടനയായ ഹസ്റ്റി ഓയിർ ജോർഡിയെ ഈ വർഷം ആദരിച്ചിരുന്നു. ദയാവധം ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത നരഹത്യയാണെന്നു വത്തിക്കാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസ തിരുസംഘം 2020-ല്‍ പുറത്തിറക്കിയ 'സമരിത്താനൂസ്‌ ബോനുസ്' അഥവാ 'നല്ല സമരിയാക്കാരൻ' എന്ന രേഖയില്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »