Life In Christ - 2024

ദൈവം എനിക്ക് എല്ലാം തന്നു, ദൈവത്തിന് നന്ദി: ലോകകപ്പ് നേട്ടത്തിന് പിന്നാലെ മെസ്സി

പ്രവാചകശബ്ദം 19-12-2022 - Monday

ദോഹ: ഫിഫാ ലോകകപ്പ് നേട്ടത്തിൽ ദൈവത്തിന് നന്ദി പറഞ്ഞ് അര്‍ജന്റീനിയയുടെ സൂപ്പര്‍ താരം ലയണൽ മെസ്സി. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചതിന് പിന്നാലെ റ്റി വൈ സി സ്പോർട്സ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ കിരീട നേട്ടത്തിന് അർജന്റീനൻ താരം ലയണൽ മെസ്സി ദൈവത്തിന് നന്ദി അര്‍പ്പിക്കുകയായിരിന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് അർജന്റീന കിരീട നേട്ടം സ്വന്തമാക്കിയത്. ദൈവം തനിക്ക് ഇത് നൽകുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് മെസ്സി പറഞ്ഞു. ലോകകപ്പ് കിരീടനേട്ടത്തോടുകൂടി കരിയർ അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മറ്റൊന്നും ചോദിക്കാൻ ഇല്ല. ദൈവം എനിക്ക് എല്ലാം തന്നുവെന്നും മെസ്സി പറഞ്ഞു.

ഇന്നലെ ഞായറാഴ്ച നടന്ന ഫൈനൽ മത്സരം എക്സ്ട്രാ ടൈമിലും വിജയിയെ നിർണയിക്കാൻ സാധിക്കാതെ വന്നതോടുകൂടിയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. ഇപ്പോൾ ഫ്രഞ്ച് ക്ലബ് ആയ പാരീസ് സെന്റ് ജെർമയിനു വേണ്ടി കളിക്കുന്ന മെസ്സി, ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ പ്രതിഭ ആയിട്ടാണ് കരുതപ്പെടുന്നത്. ദീർഘനാൾ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണക്ക് വേണ്ടിയാണ് മെസ്സി ബൂട്ട് അണിഞ്ഞിരുന്നത്. ആരാണ് വേൾഡ് കപ്പിൽ വിജയിക്കുക എന്നത് ദൈവം നിശ്ചയിക്കുന്ന കാര്യമാണെന്ന് അര്‍ജന്റീനിയന്‍ ദിനപത്രമായ ‘ഡിയാരിയോ ഒലെ’ക്ക് ടൂർണമെന്റ് തുടങ്ങുന്നതിനു മുമ്പ് അനുവദിച്ച അഭിമുഖത്തിൽ മെസ്സി പറഞ്ഞിരുന്നു. ഫുട്ബോൾ ജീവിതത്തിലും, വ്യക്തി ജീവിതത്തിലും സംഭവിച്ച കാര്യങ്ങൾക്കെല്ലാം താൻ ദൈവത്തോട് കൃതജ്ഞത ഉള്ളവൻ ആണെന്ന് ആ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

തനിക്ക് ഫുട്ബോൾ കളിക്കാനുള്ള കഴിവ് ഒരു സമ്മാനമായി നൽകിയത് ദൈവമാണെന്ന് സെബാസ്റ്റ്യൻ വിഗ്നോളോ എന്ന മാധ്യമപ്രവർത്തകന് നാലുവർഷം മുമ്പ് നൽകി അഭിമുഖത്തിലും മെസ്സി പറഞ്ഞിരുന്നു. ദൈവം തന്നെ തിരഞ്ഞെടുത്തു. സ്വയം മെച്ചപ്പെടാനും, വിജയിക്കാനും ഉള്ള പരിശ്രമം എന്നെക്കൊണ്ട് സാധിക്കുന്ന രീതിയിൽ ചെയ്തു. എന്നാൽ ദൈവത്തിന്റെ സഹായമില്ലാതെ ഞാൻ ഒരു സ്ഥലത്തും എത്തിപ്പെടില്ലായിരുന്നുവെന്നും മെസ്സി പറഞ്ഞു.


Related Articles »