Tuesday Mirror

വിശുദ്ധിയുടെ സുഗന്ധ പുഷ്പമായ വിശുദ്ധ സിസിലി

ജിൽസ ജോയ് 22-11-2022 - Tuesday

വിശുദ്ധ സിസിലിയെ സംഗീതവുമായി ബന്ധപ്പെടുത്തിയാണ് നമ്മൾ കൂടുതൽ കേട്ടിട്ടുള്ളതെങ്കിലും അവളെ വ്യത്യസ്തയാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്, അഴുകാത്ത ശരീരമുള്ള വിശുദ്ധർ എന്നറിയപ്പെടുന്നവരിൽ അപ്രകാരം കണ്ടെടുക്കപ്പെട്ടിട്ടുള്ള ഏറ്റവും ആദ്യത്തെ ശരീരം, രക്തസാക്ഷിയായ ഈ വിശുദ്ധയുടേതാണ്. ചരിത്രപരമായ കൂടുതൽ വസ്തുതകൾ ലഭ്യമല്ലാത്ത മറ്റ് അനേകം വിശുദ്ധർ സാർവ്വത്രികസഭയുടെ കലണ്ടറിൽ നിന്ന് നീക്കപ്പെട്ടപ്പോഴും നവംബർ 22 ഇപ്പോഴും വിശുദ്ധ സിസിലിയുടെ തിരുന്നാൾ ആയി നിലകൊള്ളുന്നു. രണ്ടാം നൂറ്റാണ്ടിൽ, ഊർബൻ ഒന്നാം പാപ്പയുടെ കാലത്താണ് അവൾ ജീവിച്ചിരുന്നത്. അവൾ സംഗീതജ്ഞരുടെയും ദേവാലയഗായകരുടേയുമൊക്കെ മധ്യസ്ഥ ആയിരിക്കുന്നത് ഏതെങ്കിലും സംഗീതോപകരണങ്ങൾ സ്ഥിരമായി ഉപയോഗിച്ചത് കൊണ്ടല്ല, അവളുടെ വിവാഹസമയത്ത് ഗായകർ മനോഹരമായ ഗീതങ്ങൾ ആലപിക്കെ, അവൾ സ്വർഗീയ ഗീതങ്ങൾ ശ്രവിക്കുകയും ഹൃദയത്തിൽ ഒപ്പം പാടുകയും ചെയ്തുവെന്ന് പറയപ്പെടുന്നു (In Passion of St. Cecilia ).

പക്ഷേ പിന്നീട് പിയെത്രോ ഡാ കൊർട്ടോണ, റഫായേൽ തുടങ്ങി വിശ്വവിഖ്യാതരായവരുടെ രചനകളിൽ അവൾ ഹൃദയത്തിൽ പാടുന്നതായല്ല സംഗീതോപകരണങ്ങൾ വായിച്ചുകൊണ്ട് അവൾ തന്നെ ഉറക്കെ പാടുന്നതായാണ് കാണപ്പെടുന്നത്. കൊർട്ടോണയുടെ ചിത്രം ലണ്ടനിലെ നാഷണൽ ഗാലറിയിലും റഫായേലിന്റേത് ഇറ്റലിയിലെ ബൊളോഞ്ഞയിലും കാണാം. 'Passion of St. Cecilia' യിൽ നിന്ന് വിശുദ്ധ സിസിലിയുടെ ജീവിതത്തേക്കുറിച്ചും രക്തസാക്ഷിത്വത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കുന്നു. യേശുക്രിസ്തുവിനോടുള്ള അവളുടെ ആഴമേറിയ സ്നേഹവും അടുപ്പവും ആദ്യനൂറ്റാണ്ടുകളിലെ ക്രൈസ്തവർക്കും പിന്നീടങ്ങോട്ടും അവളെ പ്രിയപ്പെട്ടവളാക്കി.

സമ്പന്നവിജാതീയ കുടുംബത്തിൽ ജനിച്ച സിസിലി ഒരു ക്രിസ്ത്യാനി ആയിട്ടാണ് വളർന്നത്. രക്ഷകനോടുള്ള ആഴമേറിയ സ്നേഹത്തിൽ വീണുപോയ അവൾ തന്റെ ഹൃദയം അവനായി കൊടുക്കുകയും അവന്റെ മണവാട്ടി ആവാൻ തീരുമാനിക്കുകയും ചെയ്തു.

വിലകൂടിയ വസ്ത്രങ്ങൾക്കുള്ളിൽ ചാക്കുവസ്ത്രങ്ങൾ ധരിച്ചും ഉപവസിച്ചുമൊക്കെ യേശുവിന്റെ സഹനത്തിൽ പങ്കുചേരാൻ ശ്രമിച്ചു.കന്യകയായി ആജീവനാന്തം കഴിയാൻ സിസിലി ഏറെ ആഗ്രഹിച്ച് തീരുമാനിച്ചിരുന്നെങ്കിലും അവളെ വിവാഹം കഴിപ്പിക്കാനുള്ള പിതാവിന്റെ ആഗ്രഹത്തിന് വഴങ്ങേണ്ടി വന്നു. വലേരിയൻ എന്ന് പേരുള്ള ഒരു കുലീനയുവാവ് അവളെ വിവാഹം കഴിച്ചു. വിവാഹാഘോഷങ്ങൾക്കിടക്ക് സങ്കീർത്തനങ്ങളും ദൈവസ്തുതികളും അവൾ ഹൃദയത്തിൽ പാടി.

അവർ മണിയറയിൽ തനിച്ചായപ്പോൾ ധൈര്യം സംഭരിച്ച് അവൾ വലേരിയനോട് പറഞ്ഞു, "എനിക്കൊരു രഹസ്യമുണ്ട് പറയാനായി. ദൈവത്തിന്റെ ഒരു മാലാഖ എന്നെ സംരക്ഷിച്ച് കൂടെതന്നെ ഉണ്ടെന്ന് നിങ്ങൾ അറിയണം. ക്രിസ്തുവിന്റെ മാത്രമേ മണവാട്ടി ആകൂ എന്ന എന്റെ പ്രതിജ്ഞ പാലിക്കാൻ താങ്കൾ എന്നെ അനുവദിച്ചാൽ, എന്നെ സ്നേഹിക്കുന്നത് പോലെ തന്നെ മാലാഖ താങ്കളെയും സ്നേഹിക്കും".

" എനിക്ക് മാലാഖയെ കാണിച്ചു തരൂ" വലേരിയൻ പറഞ്ഞു, " അവൻ ദൈവത്തിൽ നിന്നാണ് വരുന്നതെങ്കിൽ, നീ ആഗ്രഹിക്കുന്നതുപോലെ ഞാൻ ചെയ്യാം".

സിസിലി മറുപടി പറഞ്ഞു, '"ജീവിക്കുന്ന ഏകദൈവത്തിൽ വിശ്വസിക്കുകയും ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്‌താൽ താങ്കൾക്ക് മാലാഖയെ കാണാൻ പറ്റും". വലേരിയൻ ഊർബൻ പാപ്പയുടെ അടുത്തേക്കോടി.

ക്രൈസ്തവരെ പീഡിപ്പിക്കുന്ന സമയമായിരുന്നതിനാൽ ഒളിച്ചു താമസിക്കുകയായിരുന്ന പിതാവ് അവനെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ് വലേരിയൻ ക്രിസ്ത്യാനിയായി സ്നാനപ്പെട്ടു. സിസിലിയുടെ അടുത്തേക്ക് മടങ്ങിവന്ന വലേരിയൻ മാലാഖയെ അവന്റെ എല്ലാ പ്രതാപത്തോടും പ്രകാശത്തോടും കൂടി കണ്ടു. സംപ്രീതനായ മാലാഖ അവരുടെ രണ്ടുപേരുടെയും ശിരസ്സിൽ റോസപ്പൂ കൊണ്ടും ലില്ലികൊണ്ടുമുള്ള കിരീടങ്ങൾ വെച്ചുകൊടുത്തു. ശുദ്ധമായ ആ യുവഹൃദയങ്ങൾ സന്തോഷം കൊണ്ടു തുള്ളിച്ചാടുന്ന പോലെയായിരുന്നു. വലേരിയന്റെ സഹോദരനായ തിബർത്തിയൂസ് അപ്പോൾ അവിടേക്ക് എത്തി.

ഇത്രയും സന്തോഷം അവർക്കുണ്ടാകാനുള്ള കാരണം ചോദിച്ചു. കാര്യങ്ങൾ വിശദീകരിച്ച അവർ ജ്ഞാനസ്നാനം സ്വീകരിച്ചാൽ ആൾക്കും മാലാഖയെ കാണാൻ സാധിക്കുമെന്നറിയിച്ചു, കിരീടം ലഭിക്കുമെന്നും. യേശുവിനെക്കുറിച്ച് സിസിലി മനോഹരമായി സംസാരിച്ചു. അങ്ങനെ തിബർത്തിയൂസും ക്രിസ്ത്യാനിയായി. രണ്ട് സഹോദരരും നന്മപ്രവൃത്തികൾക്കായി അവരുടെ സമയം ചിലവഴിച്ചു. മതപീഡനത്താൽ രക്തസാക്ഷികളാകുന്നവരെ മാന്യമായി സംസ്കരിച്ചു. അവരുടെ ബന്ധുക്കളെ പണം വഴി സഹായിച്ചു. ക്രിസ്ത്യാനികളാണെന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട അവരെ പ്രിഫെക്ട് ആയ അൽമാക്കിയൂസിന്റെ മുന്നിലേക്ക് കൊണ്ടുവന്നു. റോമിലെ ദൈവങ്ങൾക്ക് ബലിയർപ്പിച്ചുകൊണ്ട് സ്വതന്ത്രരാകാൻ അവർക്ക് സമ്മതമാണോ എന്ന് ചോദിച്ചു.

"ദൈവങ്ങൾക്കോ? ഒരിക്കലുമില്ല, ഞങ്ങൾ എന്നും ബലിയർപ്പിക്കുന്ന സത്യദൈവത്തിന് മാത്രമാണത്", പെട്ടെന്നായിരുന്നു അവരുടെ മറുപടി. "നിങ്ങളുടെ ദൈവത്തിന്റെ പേര് ജൂപ്പിറ്റർ എന്നാണോ?" വീണ്ടും അവർ ചോദിച്ചു. "അല്ലേയല്ല " വലേരിയനും സഹോദരനും ധൈര്യപൂർവ്വം പറഞ്ഞു. അവരെ ചമ്മട്ടി കൊണ്ട് അടിക്കാൻ വിധിവന്നു. അവർക്ക് ചിന്തിക്കാൻ കുറച്ചുകൂടി സമയം നൽകാൻ അൽമക്കിയൂസ് ഒരുക്കമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ സഹായികൾ പറഞ്ഞു, കൂടുതൽ സമയം ലഭിച്ചാൽ അവരുടെ സ്വത്തുക്കൾ അവർ ആവശ്യക്കാർക്ക് ഭാഗിച്ചുകൊടുക്കാൻ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാൽ, അവരുടെ സ്വത്തു മുഴുവൻ ഖജനാവിലേക്ക് കണ്ടുകെട്ടാൻ ബുദ്ധിമുട്ടാവുമെന്നും. അങ്ങനെ വലേരിയനും തിബർത്തിയൂസും പെട്ടെന്നുതന്നെ ഗളഛേദം ചെയ്യപ്പെട്ടു.

അവരുടെ ശിക്ഷ നടപ്പാക്കുന്നതിന്റെ ചുമതല ഉണ്ടായിരുന്ന റോമൻ ഓഫീസർ മാക്സിമസും കുടുംബവും അവരുടെ വിശ്വാസം കണ്ടു ക്രിസ്ത്യാനിയായി. അപ്പോൾ തന്നെ അദ്ദേഹവും വാളിനിരയായി.

സിസിലി മൂന്നുപേരുടെ മൃതദേഹവും എടുത്തുകൊണ്ടു വന്നു സംസ്കരിച്ചു. താമസിയാതെ പടയാളികളാൽ അറസ്റ്റ് ചെയ്യപ്പെട്ട അവളോട് വിശ്വാസം ത്യജിക്കാൻ ആവശ്യപ്പെട്ടു. അവളാണെങ്കിലോ , നല്ലവിധത്തിൽ പറഞ്ഞും ബലം പ്രയോഗിച്ചും അവളുടെ മനസ്സ് മാറ്റാനായി വന്നവരെ കൂടി മാനസാന്തരപ്പെടുത്തി ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിച്ചു. അവളുടെ ഭവനം സന്ദർശിച്ച ഊർബൻ ഒന്നാമൻ പാപ്പ ക്രിസ്ത്യാനികളാവാൻ സന്നദ്ധരായ 400 പേരെയാണ് അവിടെ കണ്ടെത്തിയത്.

സിസിലിയെ വിളിപ്പിച്ച അൽമാക്കിയൂസ് അവളെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചതെല്ലാം വെറുതെയായി. ക്രിസ്തുവിനോടുള്ള അവളുടെ വിശ്വസ്തതയെ ഇളക്കാൻ ഒന്നിനും കഴിഞ്ഞില്ല.അവനോടുള്ള അവളുടെ അചഞ്ചലമായ സ്നേഹത്തിൽ വിറളി പൂണ്ട പ്രിഫെക്റ്റ്, അവളുടെ കുളിമുറിയിൽ തീയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലാൻ വിധിച്ചു. ചൂളയിൽ കത്തിക്കാൻ സാധാരണ ഉപയോഗിക്കുന്നതിന്റെ എഴിരട്ടി അധികം ഇന്ധനം ഉപയോഗിച്ചെങ്കിലും സിസിലിയുടെ ഒരു മുടിയിഴ പോലും കത്തിയില്ല.

അവസാനം കഴുത്തു വെട്ടിക്കൊല്ലാൻ ശ്രമിച്ച ആരാച്ചാർ മൂന്നു വട്ടം വെട്ടിയിട്ടും ഉടലിൽ നിന്ന് തല വേർപെട്ടില്ല. മൂന്നിൽ കൂടുതൽ പ്രാവശ്യം വെട്ടാൻ റോമൻ നിയമം അനുവദിക്കാത്തതിനാൽ അങ്ങനെ അവളെ വിട്ടിട്ടു പോയി.അനങ്ങാൻ വയ്യാതെ മൂന്ന് ദിവസം അവിടെ കിടന്ന അവളുടെ അടുത്തേക്ക് ക്രിസ്ത്യാനികൾ ഒഴുകി. തന്റെ ഭവനം ഊർബൻ പിതാവിനെ അവൾ ഏൽപ്പിച്ചു. പിതാവിന്റെ ആശിർവ്വാദം ലഭിച്ചു കഴിഞ്ഞ് അവൾ നിത്യസമ്മാനത്തിനായി പോയി.വിശുദ്ധ കാലിസ്റ്റസിന്റെ കല്ലറക്ക് സമീപമുള്ള ശവകുടിരത്തിൽ അവളെ അടക്കി.

ഒൻപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ പാസ്കൽ ഒന്നാമൻ പാപ്പ ട്രസ്റ്റെവെരെയിലുള്ള സെന്റ് സിസീലിയ ബസിലിക്കയിലേക്ക് സിസിലിയുടെയും വലേരിയന്റെയും തിബർതീയൂസിന്റെയും മാക്സിമസിന്റെയും ഭൗതികശരീരാവശിഷ്ടങ്ങൾ കൊണ്ടുവന്നു. 1599ൽ ദേവാലയത്തിലെ കുറച്ചു പണികൾക്കായി നാലുപേരുടെയും കല്ലറകൾ തുറന്ന് മാറ്റി സ്ഥാപിക്കേണ്ടി വന്നു.

സിസിലിയുടെ ശരീരം അതുവരെ അഴുകാതെ ഇരുന്നത് വായുവുമായി സമ്പർക്കത്തിൽ വന്നപ്പോൾ കുറച്ചു മാറിതുടങ്ങിയെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ സ്റ്റെഫനോ മഡേണ , സിസിലിയുടെ ജീവൻ തുടിക്കുന്ന ഒരു പൂർണ്ണകായപ്രതിമ തന്നെ ഉണ്ടാക്കിഎടുത്തു. ആ ബസിലിക്കയിലെ ഒരു അൾത്താരക്കു കീഴെ അതുണ്ട്..സെന്റ് കലിസ്റ്റസിന്റെ ശവകുടിരത്തിനടുത്തും സിസിലിയുടെ അതുപോലുള്ള ഒരു പ്രതിമ ഉണ്ട്‌. റോമിലേക്ക് വരുന്ന ധാരാളം സഞ്ചാരികളെ അത് ആകർഷിക്കുന്നു. ധാരാളം കവികളും സംഗീതജ്ഞരും അവളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പാട്ടുകൾ രചിച്ചു. വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വകിരീടം ചൂടിയ ആ കന്യക വിശുദ്ധിയുടെ സുഗന്ധപുഷ്പമായിരുന്നു.


Related Articles »