India - 2024

ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് സമാപനം

പ്രവാചകശബ്ദം 05-12-2022 - Monday

പാലാ: ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് സംഘടനയുടെ ജന്മഭൂമിയായ ഭരണങ്ങാനത്ത് ആവേശോജ്ജ്വല സമാപനം. ജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ച് സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം മൂവാറ്റുപുഴ രൂപത മെത്രാൻ ഡോ.യൂഹാന്നോൻ മാർ തെയഡോഷ്യസ് ഉദ്ഘാടനം ചെയ്തു. മിഷൻലീഗ് സംസ്ഥാന സമിതി ഏർപ്പെടുത്തിയ പി.സി. അബ്രഹാം പല്ലാട്ടുകുന്നേൽ (കുഞ്ഞേട്ടൻ) പുരസ് കാരത്തിന് അർഹനായ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, ഫാ. ജോസഫ് മാലിപ്പറമ്പിൽ പുരസ്കാരത്തിന് അർഹനായ ഫാ. ഏബ്രഹാം പോണാട്ട് എന്നിവർക്കുള്ള പുരസ്കാരവും ബിഷപ്പ് സമ്മാനിച്ചു. സംസ്ഥാന ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ ആമുഖപ്രഭാഷണം നടത്തുകയും സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സന്ദേശം വായിക്കുകയും ചെയ്തു.

പാലാ രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പഴേപറമ്പിൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ തകിടിയേൽ, ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിൽ, പാലാ രൂപത പ്രസിഡന്റ് ഡോ. ജോബിൻ റ്റി. ജോണി തട്ടാംപറമ്പിൽ, സംസ്ഥാന വൈസ് ഡയറക്ടർ സിസ്റ്റർ ലിസ്സി എസ്.ഡി, സംസ്ഥാന ജനറൽ ഓർഗനൈസർ അരുൺ ജോസ് പുത്തൻപുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിനു മുന്നോടിയായി മേലമ്പാറ ദീപ്തി ഭവൻ ജംഗ്ഷൻ, ഇടപ്പാടി കുരിശുപള്ളി ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് ഭരണങ്ങാനത്തേക്ക് ആയിരക്കണക്കിനു കുഞ്ഞുമിഷനറിമാർ പങ്കെടുത്ത പ്ലാറ്റിനം ജൂബിലി പ്രേഷിതറാലിയും നടന്നു.


Related Articles »