Life In Christ
നമുക്കായി ജനിച്ച പൈതലിന്റെ മുഖത്ത് ഉറ്റുനോക്കാം, സമാധാനത്തിനായി ദാഹിക്കുന്ന കുഞ്ഞുങ്ങളുടെ മുഖം തിരിച്ചറിയാം: ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 26-12-2022 - Monday
വത്തിക്കാന്‍ സിറ്റി: നമുക്കായി ജനിച്ച യേശുവിന്റെ മുഖത്ത് നമ്മുക്ക് ഉറ്റുനോക്കാമെന്നും നിഷ്കളങ്കമായ ചെറു വദനത്തിൽ നമുക്ക്, ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും സമാധാനത്തിനായി ദാഹിക്കുന്ന കുഞ്ഞുങ്ങളുടെ മുഖം തിരിച്ചറിയാമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ക്രിസ്തുമസ് ദിനത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മുന്‍വശത്ത് മദ്ധ്യത്തിലായുള്ള പുഷ്പാലംകൃത മട്ടുപ്പാവില്‍ (ബാല്‍ക്കണിയില്‍) നിന്നുകൊണ്ട് “നഗരത്തിനും ലോകത്തിനും” എന്നര്‍ത്ഥം വരുന്ന “ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശം നല്‍കുകയായിരിന്നു പാപ്പ. കന്യകാമറിയത്തിൽ നിന്ന് ജനിച്ച കർത്താവായ യേശു, വിശ്വാസത്തിൻറെയും പ്രത്യാശയുടെയും ഉറവിടമായ ദൈവത്തിന്റെ സ്നേഹം നിങ്ങൾക്കെല്ലാവർക്കും പ്രദാനം ചെയ്യട്ടെയെന്ന വാക്കുകളോടെയും ക്രിസ്തുമസ് ആശംസകൾ നേര്‍ന്നുമാണ് പാപ്പ സന്ദേശം ആരംഭിച്ചത്.
ഈ ദിനത്തിൽ നമുക്ക് ബെത്ലഹേമിലേക്ക് നോക്കാം. കർത്താവ് ലോകത്തിലേക്കു വരുന്നത് ഒരു ഗുഹയിലാണ്, അവിടുന്ന് കാലികൾക്കായുള്ള ഒരു പുൽത്തൊട്ടിയിൽ ശയിക്കുന്നു. കാരണം മറിയത്തിന് പ്രസവ സമയമായപ്പോഴും അവിടുത്തെ മാതാപിതാക്കൾക്ക് താമസസൗകര്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നിശബ്ദതയിലും ഇരുളിലുമാണ് അവിടുന്ന് നമ്മുടെ ഇടയിലേക്ക് വരുന്നത്, കാരണം ദൈവവചനത്തിന് അതിനെ എടുത്തുകാട്ടുന്ന ദീപങ്ങളോ, അഥവാ മനുഷ്യശബ്ദാരവങ്ങളോ ആവശ്യമില്ല. അവൻ തന്നെയാണ് അസ്തിത്വത്തിന് അർത്ഥം നൽകുന്ന വചനം, പാതയെ പ്രകാശിപ്പിക്കുന്ന വിളക്ക്. "അവന്‍ വെളിച്ചത്തിന് സാക്ഷ്യം നല്‍കാന്‍ വന്നവനാണ്" (യോഹന്നാൻ 1:9).
യേശു നമ്മുടെ ഇടയിൽ ജനിക്കുന്നു. ദൈവം നമ്മോടുകൂടെയാണ്. നമ്മുടെ ദൈനംദിന ജീവിതത്തെ തുണയ്ക്കാനും സന്തോഷവും സങ്കടവും പ്രതീക്ഷകളും ഉത്കണ്ഠകളും എല്ലാം നമ്മളുമായി പങ്കുവയ്ക്കാനും അവൻ വരുന്നു. നിസ്സഹായനായ ഒരു പൈതലായാണ് അവൻ വരുന്നത്. ദരിദ്രരിൽ ദരിദ്രനായി അവൻ തണുപ്പിലാണ് പിറന്നുവീണത്. ചൂടും വാസയിടവും കണ്ടെത്താൻ അവൻ നമ്മുടെ ഹൃദയ വാതിലിൽ മുട്ടുന്നു. ബെത്‌ലഹേമിലെ ഇടയന്മാരെപ്പോലെ, നമുക്ക് വെളിച്ചത്താൽ ആവൃതരാകാൻ നമ്മെത്തന്നെ അനുവദിക്കുകയും ദൈവം നമുക്ക് നൽകിയ അടയാളം കാണുന്നതിനായി പോകുകയും ചെയ്യാം. ആദ്ധ്യാത്മിക നിദ്രയാലുള്ള മരവിപ്പിനെയും ആരെയാണോ നാം ആഘോഷിക്കുന്നത് അവനെ വിസ്മരിക്കുന്നതിലേക്കു നയിക്കുന്ന ആഘോഷത്തിനെയും നമ്മുക്ക് അതിജീവിക്കാം.
ഹൃദയത്തെ മയക്കത്തിലാഴ്ത്തുകയും, ദൈവസുതൻ നമുക്കായി പിറന്ന സംഭവം ധ്യാനിക്കുന്നതിനു പകരം അലങ്കാരങ്ങളിലേക്കും സമ്മാനങ്ങളിലേക്കും നമ്മെ നയിക്കുകയും ചെയ്യുന്ന ശബ്ദകോലാഹലത്തിൽ നിന്നു നമുക്ക് പുറത്തുകടക്കാം. സഹോദരന്മാരേ, സഹോദരിമാരേ, സമാധാനത്തിന്റെ രാജകുമാരന്റെ ആദ്യത്തെ നിലവിളി മുഴങ്ങുന്ന ബെത്ലഹേമിലേക്ക് നമുക്ക് തിരിയാം. അതെ, കാരണം, അവൻ തന്നെ, യേശുവാണ് നമ്മുടെ സമാധാനം: ലോകത്തിന് നൽകാൻ കഴിയാത്തതും സ്വപുത്രനെ ലോകത്തിലേക്കയച്ചു കൊണ്ട് പിതാവായ ദൈവം മാനവകുലത്തിന് നൽകിയതുമായ സമാധാനം.
യേശു ക്രിസ്തു സമാധാനത്തിന്റെ വഴിയാണ്. തന്റെ മനുഷ്യാവതാരം, പീഢാസഹനം, മരണം, ഉത്ഥാനം എന്നിവ വഴി അവിടന്ന്, ശത്രുതയുടെയും യുദ്ധത്തിൻറെയും അന്ധകാരത്താൽ അടിച്ചമർത്തപ്പെട്ട അടഞ്ഞ ലോകത്തിൽ നിന്ന്, സാഹോദര്യത്തിലും സമാധാനത്തിലും സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്ന തുറന്ന ഒരു ലോകത്തിലേക്കുള്ള വഴി തുറന്നുവെന്നും പാപ്പ അനുസ്മരിച്ചു. പാപ്പയുടെ സന്ദേശം കേള്‍ക്കാനും അപ്പസ്തോലിക ആശീര്‍വാദം സ്വീകരിക്കാനും പതിനായിരങ്ങളാണ് വത്തിക്കാന്‍ ചത്വരത്തില്‍ ഒരുമിച്ചു കൂടിയിരിന്നത്.