Faith And Reason

പോളിഷ് തെരുവുകളെ ഇളക്കി മറിച്ച് പൂജ രാജാക്കന്മാരുടെ പ്രദക്ഷിണം 753 ഇടങ്ങളില്‍; ഒന്നര ദശലക്ഷത്തോളം പേരുടെ പങ്കാളിത്തം

പ്രവാചകശബ്ദം 10-01-2023 - Tuesday

വാര്‍സോ, പോളണ്ട്: ലോക രക്ഷകനായ ക്രിസ്തുവിന്റെ ജനനത്തേക്കുറിച്ച് ജ്ഞാനികളായ പൂജ രാജാക്കന്മാര്‍ക്ക് വെളിപാട് ലഭിച്ചതിന്റെ ഓര്‍മ്മപുതുക്കല്‍ കൂടിയായ എപ്പിഫനി തിരുനാള്‍ ദിനമായ ജനുവരി 6ന് പോളണ്ടില്‍ നടന്ന മൂന്ന്‍ രാജാക്കന്മാരുടെ (പൂജ രാജാക്കന്‍മാര്‍) പ്രദക്ഷിണങ്ങളില്‍ പങ്കെടുത്തത് 15 ലക്ഷത്തോളം ആളുകള്‍. ലോകത്തെ ഏറ്റവും വലിയ തെരുവ് തിരുപ്പിറവി ഘോഷയാത്രയായിട്ടാണ് ഇതിനെ കണ്ടുവരുന്നത്. പോളണ്ടിലെ എണ്ണൂറോളം പട്ടണങ്ങളിലാണ് തെരുവുകളെ ഇളക്കി മറിച്ചുകൊണ്ട് പ്രദക്ഷിണങ്ങള്‍ നടന്നത്. ഇക്കൊല്ലത്തെ പ്രദക്ഷിണങ്ങളില്‍ പോളിഷ് ഭാഷക്ക് പുറമേ യുക്രൈന്‍ ഭാഷയിലുള്ള കരോള്‍ ഗാനങ്ങളും ഉള്‍പ്പെടുത്തിയിരുന്നുവെന്നതും ശ്രദ്ധേയമായിരുന്നു. “നമുക്ക് നക്ഷത്രത്തേ പിന്തുടരാം” എന്നതായിരുന്നു ഇക്കൊല്ലത്തെ പ്രദക്ഷിണങ്ങളുടെ മുഖ്യ പ്രമേയം.

ഇക്കൊല്ലം പോളണ്ടില്‍ 753 പ്രദക്ഷിണങ്ങള്‍ നടന്നതായിട്ടാണ് റിപ്പോര്‍ട്ട്. പോളണ്ടിന് പുറമേ ജര്‍മ്മനി, യു.കെ, കാമറൂണ്‍, റുവാണ്ട, സാംബിയ തുടങ്ങിയ രാജ്യങ്ങളിലും മൂന്ന്‍ രാജാക്കന്‍മാരുടെ പ്രദക്ഷിണങ്ങള്‍ നടന്നതായി ‘മൂന്ന്‍ രാജാക്കന്‍മാരുടെ പരേഡ് ഫൗണ്ടേഷന്‍ ബോര്‍ഡ്’ ചെയര്‍മാനായ പിയോട്ട്ര്‍ ഗിയര്‍ടിച്ച് അറിയിച്ചു. മാതൃരാജ്യത്തിനും യുദ്ധത്തെക്കാള്‍ ശക്തമായ സമാധാനവും, മരണത്തേക്കാള്‍ ശക്തമായ പ്രതീക്ഷയും ആശംസിക്കുന്നുവെന്നും വാര്‍സോയിലെ യുക്രൈന്‍ സഹായ മെത്രാനായ മൈക്കാല്‍ ജാനോച്ച പൂജ്യരാജാക്കന്‍മാരുടെ പ്രദക്ഷിണങ്ങളില്‍ പങ്കെടുത്ത യുക്രൈന്‍ സമൂഹത്തോട് പറഞ്ഞു.

ജനുവരി 6ന് വത്തിക്കാനില്‍ നടന്ന ആഞ്ചലൂസ് പ്രാര്‍ത്ഥനക്ക് ശേഷം ഫ്രാന്‍സിസ് പാപ്പ പോളണ്ടില്‍ നടന്ന പ്രദക്ഷിണങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചിരിന്നു. പോളണ്ടിലെ നിരവധി പട്ടണങ്ങളിലും, ഗ്രാമങ്ങളിലും നടക്കുന്ന റാലിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രാര്‍ത്ഥനകള്‍ നേരുന്നതായി പാപ്പ പറഞ്ഞു. ഇതില്‍ പങ്കെടുത്തവരേയും സംഘടിപ്പിച്ചവരേയും പോളിഷ് പ്രസിഡന്റ് ആന്ദ്രസേജ് ഡൂഡ പ്രത്യേകം അഭിനന്ദിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്.

ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ പോളണ്ടിലെ തിരുപ്പിറവി, കരോള്‍ പാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിക്കുവാനും ജനകീയമാക്കുവാനും ഈ പ്രദക്ഷിണങ്ങള്‍ വഴി കഴിയുമെന്നു പോളിഷ് പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കൊല്ലത്തെ പരിപാടികളുടെ ഭാഗമായി കെനിയയിലെ, നെയ്റോബിയില്‍ ലോകത്തെ ഏറ്റവും വലിയ ചേരിപ്രദേശത്തിന് സമീപമുള്ള ഒരു തൊഴില്‍ പരിശീലന വിദ്യാലയത്തിന് വേണ്ടിയുള്ള ധനശേഖരണവും നടന്നിരിന്നു.

Tag: Three Kings parades across Poland, Christian Malayalam News, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »