News

കർദ്ദിനാൾ ജോര്‍ജ്ജ് പെല്ലിന് തിരുസഭയുടെ യാത്രാമൊഴി

പ്രവാചകശബ്ദം 15-01-2023 - Sunday

വത്തിക്കാന്‍ സിറ്റി: വിടവാങ്ങിയ ഓസ്ട്രേലിയന്‍ കര്‍ദ്ദിനാളും വത്തിക്കാന്റെ സാമ്പത്തികകാര്യങ്ങൾക്കായുള്ള സെക്രട്ടേറിയറ്റിന്റെ മുൻ മേധാവിയുമായിരുന്ന കർദ്ദിനാൾ ജോര്‍ജ്ജ് പെല്ലിന് സഭ യാത്രാമൊഴി നല്‍കി. ഇന്നലെ വത്തിക്കാൻ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന മൃതസംസ്ക്കാര ശുശ്രൂഷകളില്‍ ഫ്രാന്‍സിസ് പാപ്പയും കര്‍ദ്ദിനാളുമാരും മെത്രാപ്പോലീത്തമാരും മെത്രാന്‍മാരും വൈദികരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ദൈവത്തിന്റെയും സഭയുടെയും മനുഷ്യനായ അദ്ദേഹം, അഗാധമായ വിശ്വാസം ഉള്ളവനായിരുന്നുവെന്നും ക്രിസ്തുവിനോട് വിശ്വസ്തനായിരിക്കുന്നതിൽ മാത്രം ശ്രദ്ധാലുവായിരുന്നുവെന്നും മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച കര്‍ദ്ദിനാള്‍ സംഘത്തിന്റെ തലവന്‍ കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ പറഞ്ഞു.

പാശ്ചാത്യ ലോകത്തെ വിശ്വാസത്തിന്റെ ദുർബലതയും കുടുംബത്തിന്റെ ധാർമ്മിക പ്രതിസന്ധിയും അദ്ദേഹത്തെ വേദനിപ്പിച്ചു. നല്ലവനും കാരുണ്യ സമ്പന്നനുമായ ദൈവം ഈ സഹോദരനെ അവന്റെ സ്നേഹത്തിന്റെ സമാധാനത്തിലേക്കും സാമീപ്യത്തിലേക്കും സ്വാഗതം ചെയ്യണമെന്ന് പ്രാർത്ഥിച്ചുകൊണ്ട് അദ്ദേഹത്തെ ഭരമേൽപ്പിക്കുകയാണെന്നും കർദ്ദിനാൾ ജിയോവാനി കൂട്ടിച്ചേര്‍ത്തു. പെല്ലിന്റെ സഹോദരൻ ഡേവിഡ് പെല്ലും കസിൻ ക്രിസ് മെനിയും മറ്റ് കുടുംബാംഗങ്ങളും വൈദികരും വിശ്വാസികളും മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയയിൽ നിന്നു വത്തിക്കാനില്‍ എത്തിയിരിന്നു.

മൃതസംസ്കാര ചടങ്ങുകളുടെ സമാപനത്തില്‍ ഫ്രാൻസിസ് മാർപാപ്പ ബസിലിക്കയില്‍ എത്തി. ദൈവം അദ്ദേഹത്തിന്റെ ആത്മാവിനെ എല്ലാ വിശുദ്ധന്മാരുമായും വിശ്വസ്തരുമായും ഒരുമിപ്പിക്കട്ടെയെന്നു പാപ്പ പ്രാർത്ഥിച്ചു. മരണത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട്, ശിക്ഷയിൽ നിന്ന് മോചിതനായി, പിതാവിനോട് അനുരഞ്ജനം നടത്തി, നല്ല ഇടയന്റെ കരങ്ങളിൽ വഹിക്കപ്പെട്ട്, നിത്യനായ രാജാവിന്റെ കൂട്ടായ്മയിൽ പൂർണ്ണമായി നിത്യസന്തോഷത്തിലേക്ക് പ്രവേശിക്കാൻ അദ്ദേഹത്തിന് കാരുണ്യമുള്ള ഒരു വിധി നൽകപ്പെടട്ടെയെന്നും പാപ്പ പ്രാര്‍ത്ഥിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നിന്ന് കര്‍ദ്ദിനാള്‍ പെല്ലിന്റെ മൃതശരീരം കൊണ്ടുപോയപ്പോൾ കരഘോഷം മുഴങ്ങി.

വ്യാജ ലൈംഗീകാരോപണത്തിന്റെ പേരില്‍ 14 മാസങ്ങളോളം ജയിലില്‍ കഴിഞ്ഞതിനു ശേഷം നിരപരാധിയായി കണ്ട് ഓസ്ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി ആഗോള ശ്രദ്ധ നേടിയ വ്യക്തിയായിരിന്നു കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍. പ്രതിസന്ധിയുടെ ഘട്ടത്തില്‍ തനിക്ക് ശക്തിപകര്‍ന്ന ഏറ്റവും വലിയ ഉറവിടം പ്രാര്‍ത്ഥനയായിരിന്നുവെന്ന് അദ്ദേഹം എല്ലാ സാഹചര്യങ്ങളിലും പറഞ്ഞിട്ടുണ്ട്. 1996-ല്‍ ഓസ്ട്രേലിയയിലെ മെല്‍ബണിലെ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ വച്ച് രണ്ടു ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിന്റെ പേരിലാണ് കര്‍ദ്ദിനാള്‍ 2019-ല്‍ ജയിലിലായത്. കുറ്റാരോപണത്തെ തുടര്‍ന്നു വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്നു അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപണത്തില്‍ വസ്തുതയില്ലെന്ന് ഏഴു പേരടങ്ങുന്ന ഹൈക്കോടതി ഫുള്‍ ബഞ്ച് പ്രഖ്യാപിക്കുകയായിരിന്നു.

Tag: Cardinal George Pell’s funeral celebrated at Vatican malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »