India

ക്രിസ്ത്യൻ മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ കേരള നവോത്ഥാനത്തിന്റെ ചാലകശക്തി: മുഖ്യമന്ത്രി പിണറായി വിജയൻ

പ്രവാചകശബ്ദം 18-01-2023 - Wednesday

ആലുവ: ക്രിസ്ത്യൻ മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ കേരള നവോത്ഥാനത്തിന്റെ ചാലകശക്തിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണ ജൂബിലി ആഘോഷ സമാപന യോഗം കാർമൽഗിരി സെമിനാരിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസവും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാര്‍വ്വത്രികമാക്കുന്നതില്‍ ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. പള്ളികളോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് തന്നെ മിഷ്ണറിമാരായിരിന്നു. ആ തരത്തില്‍ തന്നെ കേരള നവോത്ഥാനത്തിന്റെ ചാലകശക്തിയായി ക്രിസ്ത്യൻ മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ മാറിയിട്ടുണ്ട്. ചാവറയച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സംഭാവന മുഖ്യമന്ത്രി പ്രത്യേകം അനുസ്മരിച്ചു.

കേരള വികസനത്തിന് ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംഭാവനകൾ നിസ്തുലമാണെന്നും അപവാദങ്ങൾക്കു പകരം സംവാദങ്ങൾ നടത്താനും അജ്ഞതയിൽ നിന്നു രൂപപ്പെടുന്ന ഭയത്തെയും വെറുപ്പിനെയും അറിവുകൊണ്ട് അതിജീവിക്കാനും പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന സേവനം എടുത്തുപറയേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു മതവും മറ്റൊരു മതത്തിനു മേലെയോ കീഴെയോ അല്ല. എല്ലാ മതങ്ങൾക്കും ഭരണഘടന പ്രാധാന്യം നൽകുകയും മാനിക്കുകയും ചെയ്യുന്നു. ഏതൊരാൾക്കും അവന്റെ മതവിശ്വാസത്തെ മുറുകെപ്പിടിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ട്. എങ്കിലും അടുത്തകാലങ്ങളിൽ ക്രൈസ്തവസമൂഹം നേരിടേണ്ടിവന്ന ചില പ്രശ്നങ്ങളെ ഖേദപൂർവം മുഖ്യമന്ത്രി അനുസ്മരിച്ചു.

പൊതുസമ്മേളനത്തിൽ സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ കാർമികത്വത്തിൽ ദിവ്യബലിയോടെയാണ് സുവർണ ജൂബിലി സമാപന ചട ങ്ങുകൾ ആരംഭിച്ചത്. ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ദൈവവചനം പങ്കുവച്ചു. ബിഷപ്പുമാരായ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. ജോസഫ് കാരിക്കശേരി എന്നിവരും അമ്പതോളം വൈദികരും ദിവ്യബലിയിൽ പങ്കുചേർന്നു.


Related Articles »