News - 2024

സ്വേച്ഛാധിപത്യത്തിനെതിരെ വിമര്‍ശിച്ച നിക്കരാഗ്വേ മെത്രാന് 26 വർഷം ജയിൽ ശിക്ഷ വിധിച്ച് ഭരണകൂടം

പ്രവാചകശബ്ദം 11-02-2023 - Saturday

മനാഗ്വേ: പ്രസിഡന്‍റ് ഡാനിയൽ ഒർട്ടേഗ ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ വീട്ടുതടങ്കലിൽ കഴിഞ്ഞ നിക്കരാഗ്വേയിലെ മതഗൽപ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റോളാൻഡോ അൽവാരസിനെ ഭരണകൂടത്തിന്റെ സ്വാധീനത്തിലുള്ള കോടതി 26 വർഷവും, നാല് മാസവും ജയിൽ ശിക്ഷയ്ക്കു വിധിച്ചു. മനാഗ്വേ അപ്പീൽ കോടതിയിലെ ഹെക്ടർ ഏർണസ്റ്റോ എന്ന ന്യായാധിപനാണ് ജന്മനാടിനെ വഞ്ചിച്ചുവെന്ന അടിസ്ഥാനരഹിതമായ കുറ്റം ചുമത്തി ഫെബ്രുവരി പത്താം തീയതി ബിഷപ്പ് അൽവാരസിനെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചത്. 222 രാഷ്ട്രീയ തടവുകാരെ അമേരിക്കയിലേക്ക് ഭരണകൂടം നാടുകടത്തിയതിന്റെ പിറ്റേദിവസമാണ് കോടതി വിധി വന്നത്.

വിമാനത്തിൽ കയറി നാടുകടക്കാൻ ബിഷപ്പ് റോളാൻഡോ അൽവാരസ് വിസമ്മതിച്ചിരുന്നു. നാടുകടത്തപ്പെട്ടവരുടെ സംഘത്തിൽ നാലു വൈദികരും ഉണ്ടായിരുന്നെങ്കിലും, തന്റെ ജനത്തോടൊപ്പം രാജ്യത്തുതന്നെ നിലയുറപ്പിക്കാൻ അദ്ദേഹം തീരുമാനമെടുക്കുകയായിരുന്നു. ഭരണകൂടത്തിന്റെ കൊള്ളരുതായ്മകളെ തുറന്നുക്കാട്ടുകയും ഏകാധിപത്യത്തിനെതിരെ പോരാടുകയും ചെയ്ത അദ്ദേഹത്തിന് വിവിധ കേസുകളിലെ വ്യത്യസ്ത ശിക്ഷാകാലയളവ് പ്രകാരം, 26 വർഷവും, നാലുമാസവും തുടർച്ചയായി ജയിലിൽ കഴിയേണ്ടതായി വരും. 2049 ഏപ്രിൽ 13 വരെ ബിഷപ്പ് അൽവാരസ് ജയിലിൽ കഴിയണമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.

ഡാനിയൽ ഒർട്ടേഗ ഭരണകൂടത്തെ എതിർക്കുന്നത് തുടരണമെന്നും, തന്റെ ആളുകളെ ഉപേക്ഷിക്കാൻ തയ്യാറാകാതെ രാജ്യത്ത് തുടർന്ന ധീരനായ ബിഷപ്പ് റോലാൻഡോ അൽവാരസ് അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും അമേരിക്കൻ ജനപ്രതിനിധി സഭാംഗം ക്രിസ് സ്മിത്ത് വെള്ളിയാഴ്ച പറഞ്ഞു. ദാസന്റെ ഹൃദയമുള്ള ക്രിസ്തുവിനെ പോലുള്ള ഒരു വ്യക്തിയാണ് ബിഷപ്പ് അൽവാരസെന്ന് പറഞ്ഞ ക്രിസ് സ്മിത്ത് അദ്ദേഹത്തിൻറെ മോചനത്തിനു വേണ്ടി ഫ്രാൻസിസ് മാർപാപ്പ ശബ്ദിക്കണമെന്നും അഭ്യർത്ഥിച്ചു. ഏകാധിപത്യ ഭരണകൂടത്തിനെതിരെ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ശക്തമായ പ്രതിഷേധവുമായി കത്തോലിക്ക സഭ രംഗത്തുവന്നതാണ് ഏകാധിപത്യ നിലപാടുള്ള പ്രസിഡന്‍റ് ഡാനിയൽ ഒർട്ടേഗയുടെ ഭരണകൂടത്തെ ചൊടിപ്പിക്കുന്നത്.