News - 2024
ലിബിയയില്‍ ബന്ദിയാക്കപ്പെട്ട 6 ക്രൈസ്തവ വിശ്വാസികള്‍ മോചിതരായി
പ്രവാചകശബ്ദം 18-02-2023 - Saturday
ട്രിപ്പോളി: പടിഞ്ഞാറന്‍ ലിബിയയില്‍വെച്ച് അക്രമി സംഘം തട്ടിക്കൊണ്ടു പോയ 6 കോപ്റ്റിക് ക്രൈസ്തവര്‍ മോചിതരായതായി ഈജിപ്തിന്റെ വിദേശകാര്യ മന്ത്രാലയം. ട്രിപ്പോളിയിലെ ഈജിപ്ഷ്യന്‍ എംബസിയെ ഉദ്ധരിച്ചുകൊണ്ടാണ് മന്ത്രാലയത്തിന്റെ വക്താവായ അഹമദ് അബു സെയിദ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇവരുടെ സുരക്ഷിതമായ മോചനം സാധ്യമാക്കുന്നതിനായി തങ്ങള്‍ വലിയ പ്രയത്നം നടത്തുന്നുണ്ടെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
തട്ടിക്കൊണ്ടുപോയവരെ പടിഞ്ഞാറന്‍ ലിബിയയിലെ ഒരു അനധികൃത കുടിയേറ്റ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരുന്നതെന്നും അധികൃതർ വ്യക്തമാക്കി. നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇവരെ തട്ടിക്കൊണ്ടു പോയതെന്ന് ഈജിപ്തിലെ നിയമസാമാജികനായ മോസ്തഫ ബാക്രി പറഞ്ഞു. അതേസമയം ബെങ്കാസിയില്‍ ട്രിപ്പോളിയിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു തട്ടിക്കൊണ്ടു പോയതെന്നാണ് കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുമായി അടുത്ത മാധ്യമ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തട്ടിക്കൊണ്ടുപോയവര്‍ ബന്ധികള്‍ ഓരോരുത്തരേയും മോചിപ്പിക്കുന്നതിന് 30,000 ഡോളര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2011-ല്‍ നാറ്റോയുടെ പിന്തുണയുള്ള ജനകീയ പ്രക്ഷോഭത്തിനിടയില്‍ നീണ്ടകാലം ലിബിയയില്‍ ഏകാധിപത്യപരമായി ഭരിച്ചിരുന്ന മൊഹമ്മദ് ഖദ്ദാഫി കൊല്ലപ്പെട്ടതോടെയാണ് ലിബിയയിലെ സമാധാനാന്തരീക്ഷം ആകെ താറുമാറായത്.
എണ്ണയാല്‍ സമ്പുഷ്ടമായ ലിബിയയുടെ ഭരണം കയ്യാളുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളും വിവിധ പോരാളി സംഘടനകളും തമ്മില്‍ വടംവലിയാണ്. ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമുള്ള പ്രധാനമന്ത്രി അബ്ദുല്‍ഹമീദ് ദെബെയിബായുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ മിലിട്ടറി നേതാവ് ഖലീഫ ഹാഫ്താറിന്റെ പിന്തുണയോടെ കിഴക്കന്‍ ഭാഗത്ത് അധികാരത്തിലിരിക്കുന്ന പ്രാദേശിക ഭരണകൂടം കഴിഞ്ഞ മാര്‍ച്ചില്‍ വെല്ലുവിളിച്ചിരുന്നു.
2015-ല്‍ പടിഞ്ഞാറന്‍ ലിബിയയില്‍ 21 കോപ്റ്റിക് ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ശിരഛേദം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിട്ടതോടെ ലിബിയയില്‍ നിര്‍മ്മാണം, കൃഷി, വ്യവസായം എന്നീ മേഖലകളില്‍ ജോലി ചെയ്തുകൊണ്ടിരുന്ന പതിനായിരകണക്കിന് കോപ്റ്റിക് ക്രൈസ്തവര്‍ ലിബിയ വിട്ടിരുന്നു. അതേസമയം നിലനില്‍പ്പിന് വേണ്ടി നിരവധി പേര്‍ ഇപ്പോഴും ലിബിയയില്‍ ജോലി ചെയ്യുന്നുണ്ട്.