News

ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധം അറിയിച്ച് നരേന്ദ്ര മോദിക്ക് 93 സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത്

പ്രവാചകശബ്ദം 05-03-2023 - Sunday

ന്യൂഡൽഹി: ക്രൈസ്തവർക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന ആക്രമണങ്ങളിൽ ആശങ്കയും പ്രതിഷേധവുമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത്. ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലാത്ത നിഷ്പക്ഷതയിലും ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധത പങ്കിടുന്നതിലും വിശ്വസിക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ പ്രവർത്തിച്ചിട്ടുള്ള അഖിലേന്ത്യാ, കേന്ദ്രസർവീസുകളിലെ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് തങ്ങളെന്ന വാക്കുകളോടെയാണ് കത്ത് ആരംഭിക്കുന്നത്. ബിജെപിയുമായി ബന്ധമുള്ളവരും അനുബന്ധ സംഘടനകളിൽപ്പെട്ടവരും രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേ നടത്തുന്ന അക്രമങ്ങളെ അങ്ങേയറ്റം അപലപിക്കുകയാണെന്നും ക്രൈസ്തവർ ഉൾപ്പെടെ എല്ലാ ന്യൂനപക്ഷങ്ങൾക്കുമെതിരേ നടക്കുന്ന അക്രമങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും എതിർക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാ വിഭാഗങ്ങളെയും മതവിശ്വാസങ്ങൾക്ക് അതീതമായി തുല്യരായി പരിഗണിക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാൽ, അടുത്തകാലത്തായി ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. രാജ്യത്ത് 1951ൽ ഉണ്ടായിരുന്ന 2.3 ശതമാനമോ അതിൽ കുറവോ ആണ് ഇപ്പോഴും ക്രൈസ്തവ ജനസംഖ്യ. എന്നാൽ, നിർബന്ധിത മതപരിവർത്തനം എന്ന ആരോപണം ഉന്നയിച്ചാണ് ക്രൈസ്തവ വിഭാഗങ്ങൾക്കെതിരേ നിരന്തരം ആക്രമണം നടത്തുന്നത്. നമ്മുടെ രാജ്യം കെട്ടിപ്പടുക്കുന്നതിൽ ക്രിസ്ത്യാനികളുടെ പങ്ക് വളരെ വലുതാണ് എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. സിവിൽ സർവീസുകളിലും സായുധ സേനകളിലും ക്രിസ്ത്യാനികളുടെ പങ്കാളിത്തവും നേതൃത്വവും സമൂഹത്തിന്റെ ദേശീയ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്. എന്നിട്ടും ഈ സമുദായത്തിനെതിരേ വെറുപ്പും വിദ്വേഷവും അക്രമവും തുടരുന്നതായാണ് കാണാൻ കഴിയുന്നതെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.

ഇന്ത്യയിലെ ക്രൈസ്തവര്‍ മുന്നണികളിൽ സജീവമാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പരിഷ്കരണം, ഇവ വിദൂരവും അപ്രാപ്യവുമായ പ്രദേശങ്ങളിലേക്കും ഏറ്റവും പിന്നാക്ക വിഭാഗങ്ങളിലേക്കും ദളിതരിലേക്കും ആദിവാസികളിലേക്കും എത്തിക്കുന്നു. ഗുണഭോക്താക്കൾ എല്ലാ മതങ്ങളിൽ നിന്നുമുള്ളവരാണ്. ക്രിസ്തീയതയുടെ അച്ചടക്കം, ത്യാഗം, സേവനം തുടങ്ങിയ മൂല്യങ്ങൾ ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ മുഖമുദ്രയാണ്. സമീപകാല പകർച്ചവ്യാധിയുടെ സമയത്ത്, ആയിരത്തിലധികം ക്രിസ്ത്യൻ ആശുപത്രികൾ രോഗികളുടെ ചികിത്സയ്ക്കായി എളുപ്പത്തിൽ തുറന്നിട്ടു.

വിദ്യാഭ്യാസമോ ആരോഗ്യമോ ഏത് മേഖലയിലെ ക്രിസ്ത്യൻ സ്ഥാപനവും അതിന്റെ നേട്ടങ്ങൾ ക്രിസ്ത്യാനികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നില്ല. ഇന്ത്യയിലെ നഴ്‌സുമാരിൽ 30 ശതമാനവും ക്രിസ്ത്യാനികളാണ്. ഛത്തീസ്ഗഡ്, ആസാം, യുപി, മധ്യപ്രദേശ്, ഒഡീഷ, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ക്രൈസ്തവ സ്ഥാപനങ്ങൾക്കും ദേവാലയങ്ങൾക്കും നേരേ കൂടുതലും ആക്രമണങ്ങൾ നടന്നിട്ടുള്ളത്. ഏറ്റവുമൊടുവിൽ ഛത്തീസ്ഗഡിലെ നാരായൺപൂരിൽ നടന്ന അക്രമസംഭവം ഉൾപ്പെടെയുള്ളവ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേ നടക്കുന്ന എല്ലാ അക്രമങ്ങൾക്കും അടിയന്തരമായി അറുതി വരുത്തണം. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ഇതിനായി പ്രത്യേക നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

വിദ്വേഷ പ്രസംഗം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. മുസ്‌ലിം വിരുദ്ധതയിൽ നിന്ന് ക്രിസ്ത്യൻ വിരുദ്ധതയിലേക്ക് പ്രകടമായി ചാഞ്ചാട്ടം നടക്കുന്നു. ദേവാലയങ്ങൾ തകര്‍ക്കല്‍, രൂപങ്ങള്‍ മലിനമാക്കൽ, വിശ്വാസികളെ മർദിക്കുക, വംശഹത്യയ്ക്കുള്ള പരസ്യമായ ആഹ്വാനങ്ങൾ എന്നിങ്ങനെയുള്ള പ്രകോപനങ്ങളുടെ പരമ്പരയാണുള്ളത്. ക്രിസ്ത്യാനികൾക്കിടയിൽ ഭയപ്പെടുത്തുകയും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും അവരെ പാർശ്വവത്കരിക്കുകയും ചെയ്യുന്നു. സുസംഘടിതമായ ക്രിസ്ത്യൻ കമ്മ്യൂണിറ്റികളുള്ള വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ഇത് അങ്ങനെയാകണമെന്നില്ല, എന്നാൽ കക്ഷിരാഷ്ട്രീയ നേട്ടങ്ങൾക്കായി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇത് ആവർത്തിച്ച് പ്രകടമാകുന്നു. ഒന്നാം നൂറ്റാണ്ട് മുതൽ നമ്മുടെ രാജ്യം ക്രിസ്തുമതത്തിന്റെ ഭവനമാണ്. എങ്കിലും ഇന്ന് വാസ്തവത്തിൽ, ക്രിസ്ത്യാനികൾ ന്യൂനപക്ഷങ്ങളും സ്വന്തം രാജ്യത്ത് അപരിചിതരുമാക്കപ്പെടുകയാണെന്ന് കത്തില്‍ പറയുന്നു.

ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഉന്നത നേതാക്കളിൽ നിന്നുള്ള ഒരു വാക്ക് കൊണ്ട് എല്ലാ അക്രമങ്ങളും ഉടനടി തടയാനാകും. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്ന നിലയിൽ, നിശബ്ദത കൂടുതൽ അക്രമത്തിന് കാരണമാകുമെന്ന് ഞങ്ങൾക്കറിയാം. എല്ലാ ഇന്ത്യക്കാരെയും പോലെ ക്രിസ്ത്യാനികൾക്കും നിയമത്തിന്റെ തുല്യവും പക്ഷപാതരഹിതവുമായ നീതി ഉറപ്പാക്കേണ്ടതുണ്ട്. പ്രധാനമന്ത്രി, അവർക്ക് ഈ ഉറപ്പ് നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്ന വാക്കുകളോടെയാണ് നിവേദനം അവസാനിക്കുന്നത്.


Related Articles »