India
മുങ്ങിമരിക്കാൻ പോകുന്ന അവസ്ഥയിലായ കർഷകർ ആദ്യം നീട്ടുന്ന കരത്തിൽ പിടിക്കും: മാർ ജോസഫ് പാംപ്ലാനി
പ്രവാചകശബ്ദം 23-03-2023 - Thursday
കോട്ടയം: മുങ്ങിമരിക്കാൻ പോകുന്ന അവസ്ഥയിലായ കർഷകർ ആദ്യം നീട്ടുന്ന കരത്തിൽ പിടിക്കുമെന്ന് തലശേരി ആർച്ചബിഷപ് മാർ ജോസഫ് പാംപ്ലാനി. അത്രമേൽ ഗതികേടിലാണ് കർഷകരെന്നും അദ്ദേഹം ദീപിക ദിനപത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. മുങ്ങിത്താഴുന്നവർക്ക് ആദ്യം കൈകൊടുക്കുന്നത് ആരാണോ അവരുടെ കൈയിൽ കർഷകർ പിടിക്കും. ഇപ്പോൾ ആരു കൈനീട്ടി അവരെ സംരക്ഷിക്കുന്നോ അവർക്കൊ പ്പം കർഷകർ നിൽക്കും. അത് സഭ പറഞ്ഞിട്ടോ രാഷ്ട്രീയം നോക്കിയോ അല്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ഞങ്ങൾ ഇടതുമുന്നണിയെ എതിരായാണ് കാണുന്നതെന്ന് അവരാണു പറയുന്നത്. ഞങ്ങളുടെ വിദൂര ചിന്തകളിൽപ്പോലും ഇല്ലാത്ത കാര്യമാണത്. അവരിങ്ങനെ നിലവിളിക്കുന്നത് അവരുടെ കുറ്റബോധംകൊണ്ടുകൂടിയായിരിക്കുമെന്നാണ് ഞാൻ വിചാരിക്കുന്നത്. നാളിതുവരെ കർഷകരെ അവഗണിച്ചതിന്റെ കുറ്റബോധമായിരിക്കാമതെന്നും മാർ പാംപ്ലാനി അഭിമുഖത്തിൽ പറഞ്ഞു. ഇനി ബിജെപിക്കേ കർഷകരെ രക്ഷിക്കാൻ കഴിയൂ എന്നാണോ കരുതുന്നതെന്ന ചോദ്യത്തിനും അദ്ദേഹം ശക്തമായ മറുപടി നല്‍കി.
ബിജെപിയാണോ കോൺഗ്രസാണോ സിപിഎമ്മാണോ നല്ലത് എന്നല്ല അന്വേഷിക്കുന്നത്. കർഷകരായ ഞങ്ങൾ ഞങ്ങളുടെ വിഷയം മൂന്നു മുന്നണിക്കു മുന്നിലും വയ്ക്കുകയാണ്. ജീവിക്കാൻ ഗതിയില്ലാത്ത അവസ്ഥയിൽ മലയോര കർഷകർ എത്തിയിരിക്കുന്നു. വീടുകളിലെല്ലാം ജപ്തിനോട്ടീസ് പതിക്കുന്ന സാഹചര്യമാണ്. സകല പ്രതീക്ഷയും നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരു സമൂഹമാണ്. ആ സമൂഹത്തിന്, മലയോര കർഷകർക്ക് രക്ഷപ്പെടാനുള്ള ഒരേയൊരു വഴി എന്നു പറയുന്നത്, റബറിന്റെ വില വർധിപ്പിക്കുക എന്നതാണ്. എപ്പോഴും ഞങ്ങളുടെ നിലപാട് കർഷകപക്ഷത്താണ്. അല്ലാതെ അതിനെ രാഷ്ട്രീയപക്ഷമായി വ്യാഖ്യാനിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളാണ് ഇവിടെ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്നത്.
റബർ ഒഴികെയുള്ള കർഷകന്റെ പ്രശ്നം അങ്ങ് സംബോധന ചെയ്തില്ല എന്ന ആക്ഷേപമുണ്ടെന്നും നെല്ല്, തെങ്ങ്, ഏലം, പച്ചക്കറി തുടങ്ങി എല്ലാത്തരം കർഷകരും ദയനീയമായ അവസ്ഥയിലല്ലേയെന്ന ചോദ്യത്തിനും മാര്‍ ജോസഫ് പാംപ്ലാനി കൃത്യമായ ഉത്തരം നല്‍കി. ''എന്റെ പ്രസംഗം പൂർണമായി കേൾക്കാത്തതുകൊണ്ടു സംഭവിക്കുന്നതാണ്. ഞാൻ അഞ്ച് പോയിന്റുകളാണ് പറഞ്ഞത്. ഒന്നാം ഭാഗം ജപ്തിഭീഷണിയിലായ കർഷകരുടെ അവസ്ഥയാണ്. രണ്ടാമതു പറഞ്ഞത്, വന്യമൃഗങ്ങൾക്ക് ഇവിടത്തെ മനുഷ്യരെ വലിച്ചെറിഞ്ഞു കൊടുക്കുന്ന സർക്കാരിന്റെ തെറ്റായ വനനയത്തെക്കുറിച്ചാണ്. മൂന്നാമത്, ബഫർ സോണ നയങ്ങളിൽ സംഭവിക്കുന്ന ദുരന്തം. നാല് ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ വൻതോതിൽ നഷ്ടപരിഹാരം കൊടുക്കുന്നവർ മലയോര ഹൈവേയ്ക്കു സ്ഥലം ഏറ്റെടുത്ത പ്പോൾ ഒരു രൂപ പോലും കൊടുത്തില്ല. അഞ്ചാമതായാണ് റബറിന്റെ കാര്യം പറഞ്ഞത്''.
''എന്റെ മുന്നിലിരിക്കുന്ന 95 ശതമാനം പേരും റബർ കർഷകരാണ്. അതിനാൽ കുട്ടനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ നിസാരമാണെന്നോ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പ് ശ്നങ്ങളല്ല എന്നോ അർഥമില്ല. അവിടെക്കൂടിയ കർഷകരുടെ പ്രശ്നത്തെ അവതരിപ്പിച്ചപ്പോൾ റബറിനെ ഒരു ഉദാഹരണമായി ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ. സമാനമായ എല്ലാ വിളകൾക്കും ഈ പ്രതിസന്ധിയുണ്ട്. വന്യമൃഗശല്യം മലയോരത്തു മാത്രമല്ല. കേരളം മുഴുവനും വലിയ പ്രതിസന്ധിതന്നെയാണ്. അതുപോലെ ജപ്തി നോട്ടീസുകൾ. അ തും മലയോരത്തെ മാത്രം വിഷയമല്ല. എല്ലാ കർഷകന്റെയും വീട്ടിൽ വരുന്ന പ്രശ്നമാണ്. അതുകൊണ്ട് കർഷകർ അനുഭവിക്കുന്ന പ്രശ്നത്തിന്റെ സാർവത്രിക സ്വഭാവം പൂർണമായും ഉൾക്കൊള്ളുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
➤ ദീപിക മാര്‍ ജോസഫ് പാംപ്ലാനിയുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വായിക്കുവാന്‍\