News - 2024

മാർപാപ്പയ്ക്കും വൈദികർക്കും സന്യസ്തർക്കും എതിരെ വിവാദ പരാമർശം: വിശ്വഹിന്ദു പരിഷത്ത് നേതാവിനെതിരെ പരാതിയുമായി ഗുജറാത്ത് ആർച്ച് ബിഷപ്പ്

പ്രവാചകശബ്ദം 28-03-2023 - Tuesday

ഗാന്ധിനഗർ: മാർപാപ്പയ്ക്കും, വൈദികർക്കും, സന്യസ്തർക്കും എതിരെ വിവാദ പരാമർശം നടത്തിയ വിശ്വഹിന്ദു പരിഷത്ത് നേതാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ ഗാന്ധിനഗർ ആർച്ച് ബിഷപ്പ് തോമസ് മക്‌വാൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രപാൽ പട്ടേലിന് കത്തെഴുതി. മാർച്ച് 19നു നടന്ന ഒരു പരിപാടിയിലാണ് കത്തോലിക്കരെ അപമാനിക്കുന്ന വിധത്തിലുള്ള വളരെ മോശകരമായ പരാമർശം വിശ്വഹിന്ദു പരിഷത്ത് നേതാവ് നടത്തിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഉടനെ തന്നെ ചര്‍ച്ചയാകുകയായിരിന്നു. കന്യാസ്ത്രീകൾ വ്രതം എടുക്കുമ്പോൾ അവർ മാർപാപ്പയാണ് വിവാഹം ചെയ്യുന്നതെന്ന് പറയുന്ന നേതാവ്, ഇത് വ്യഭിചാരവുമായി ബന്ധപ്പെടുത്തിയും പ്രസ്താവന നടത്തി.

വ്യഭിചാരം ചെയ്യുന്ന ആൾക്ക് ഭൂമിയിൽ ജീവിക്കാൻ അവകാശം ഇല്ലായെന്നും എത്രനാൾ ഇതിന് അനുവാദം നൽകുമെന്നും ഹിന്ദുത്വ നേതാവിന്റെ വിവാദ പ്രസ്താവനയില്‍ പറയുന്നു. വൈദിക വസ്ത്രം ധരിച്ചവരെ ആട്ടിപ്പായിക്കണമെന്നും ഇയാള്‍ ആഹ്വാനം ചെയ്യുന്നുണ്ട്. വിശ്വഹിന്ദു നേതാവ് നടത്തിയ പരാമർശങ്ങൾ കത്തോലിക്ക വിശ്വാസികൾക്ക് വേദനയും, അസ്വസ്ഥതയും ഉളവാക്കുന്നതാണെന്ന് ആർച്ച് ബിഷപ്പ് മക്‌വാൻ തന്റെ കത്തിൽ കുറിച്ചു. ജാതിയോ, മതമോ നോക്കാതെ മനുഷ്യരാശിക്ക് സേവനം ചെയ്യുന്ന വൈദികരുടെയും, സന്യസ്ഥരുടെയും പ്രവർത്തനങ്ങളുടെ മേൽ അപകീർത്തി വരുത്തുന്ന പരാമർശങ്ങളാണ് നേതാവ് നടത്തിയതെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെയും, വിദ്വേഷ പ്രസംഗങ്ങളുടെയും, ഭീഷണികളുടെയും എണ്ണം വർധിക്കുന്നതിനാൽ സംസ്ഥാനത്തെ ക്രൈസ്തവർ വലിയ അരക്ഷിതാവസ്ഥയാണ് നേരിടുന്നതെന്ന് അദ്ദേഹം പരാതിയില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അക്രമികള്‍ക്ക് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും ലഭിക്കുന്നുണ്ട്. എന്തിരുന്നാലും ഭൂരിപക്ഷം ഹിന്ദു സഹോദരങ്ങളും വിദ്യാഭ്യാസ ആരോഗ്യ, സാമൂഹ്യ, മേഖലകളിൽ സഭ നൽകുന്ന സംഭാവനകൾക്ക് വലിയ പിന്തുണയാണ് നൽകുന്നതെന്നും ആർച്ച് ബിഷപ്പ് തോമസ് മക്‌വാൻ പറഞ്ഞു. വിദ്വേഷ പ്രസംഗത്തിൽ നിയമ നടപടി ഉണ്ടാകുമോയെന്ന കാര്യം ഏവരും ഉറ്റുനോക്കുകയാണ്.


Related Articles »