Youth Zone

വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ പാപ്പയുടെ സ്വര്‍ഗ്ഗീയ യാത്രയുടെ സ്മരണയില്‍ പോളണ്ട് ജനത

പ്രവാചകശബ്ദം 04-04-2023 - Tuesday

വാര്‍സോ: പതിനെട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2005 ഏപ്രിൽ രണ്ടിന് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ പാപ്പയുടെ ഓർമ്മയിൽ പോളിഷ് ജനത. ഇക്കഴിഞ്ഞ രണ്ടാം തീയതി പാപ്പയെ അനുസ്മരിച്ച് പോളണ്ടിൽ ഉടനീളം നടന്ന പദയാത്രകളിലും പ്രാർത്ഥന കൂട്ടായ്മകളിലും ആയിരങ്ങളാണ് പങ്കുചേര്‍ന്നത്. വാർസോയിൽ നടന്ന ഏറ്റവും വലിയ പദയാത്രയില്‍ ലക്ഷക്കണക്കിനാളുകൾ പങ്കെടുത്തുവെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രാക്കോവിലും മറ്റു നഗരങ്ങളിലും നടന്ന സമ്മേളനങ്ങളിലും പ്രാർത്ഥനാ കൂട്ടായ്മകളിലും സ്ത്രീകളും കുട്ടികളും യുവജനങ്ങളും ഉള്‍പ്പെടെ പ്രായഭേദമന്യേ ആയിരങ്ങള്‍ അണിനിരന്നു.

തന്റെ മാതൃരാജ്യമായ പോളണ്ടിന് അതിന്റെ പ്രയാസകരമായ കാലയളവില്‍ പാപ്പ ചെയ്ത മഹത്തായ കാര്യങ്ങളെ നിസ്സാരവൽക്കരിക്കുവാന്‍ കഴിയില്ലായെന്ന് പോളണ്ടിലെ മെത്രാൻ സമിതിയുടെ വക്താവായ ഫാ. ലെസ്സെക് ഗസിയാക് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു. സാർവ്വത്രിക സഭയ്ക്കും പോളണ്ടിനും വേണ്ടി ജോൺ പോൾ രണ്ടാമൻ ചെയ്ത കാര്യങ്ങളെ ഇന്ന് നിസ്സാരവൽക്കരിക്കാനും, നിശബ്ദമാക്കാനും, പരിഹസിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഫാ. ലെസ്സെക് ചൂണ്ടിക്കാട്ടി.

വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ വ്യക്തിത്വം മാനവികതയ്ക്ക് നൽകിയതും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിൽ പകർന്നു നൽകിയതുമായ നന്മകൾ മാനിക്കാതിരിക്കാൻ കഴിയില്ല. അതിനാൽ ജോൺ പോൾ രണ്ടാമൻ മാനവരാശിക്ക് നൽകിയ നന്മകൾ നശിപ്പിക്കാനോ ഇല്ലാതാക്കുവാനോ തങ്ങൾ അനുവദിക്കില്ലായെന്നും മെത്രാൻ സമിതിയുടെ വക്താവ് കൂട്ടിച്ചേർത്തു. അടുത്തിടെ ബ്രെസ്ലാവിയയിൽ ജോൺ പോൾ രണ്ടാമന്റെ ചിത്രം വികൃതമാക്കുകയും മധ്യ പോളണ്ടിലെ വൂച്ചിൽ കത്തീഡ്രലിനു മുന്നിൽ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ സ്മാരകം നശിപ്പിക്കപ്പെടുകയും ചെയ്തത് ഏറെ പ്രതിഷേധത്തിന് കാരണമായിരിന്നു.

More Archives >>

Page 1 of 37