Arts - 2024

30 മീറ്ററില്‍ വിസ്മയം: മെക്സിക്കോയിലെ ഏറ്റവും ഉയരമുള്ള ക്രിസ്തു രൂപം അനാച്ഛാദനം ചെയ്തു

പ്രവാചകശബ്ദം 13-04-2023 - Thursday

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയിലെ ഏറ്റവും ഉയരമുള്ള ക്രിസ്തു രൂപത്തിന്റെ അനാച്ഛാദനം നടന്നു. സക്കാടെക്കാസ് സംസ്ഥാനത്തെ തബാസ്കോ മുൻസിപ്പാലിറ്റിയിലാണ് ഈസ്റ്റർ ദിനത്തിൽ ക്രിസ്റ്റോ ഡീ ലാ പാസ് (സമാധാനത്തിന്റെ ക്രിസ്തു) എന്ന പേരിലുള്ള രൂപം പൊതുസമൂഹത്തിന് തുറന്നുകൊടുത്തത്. 30 മീറ്ററാണ് ശില്പത്തിന്റെ ഉയരം. സംസ്ഥാന ഗവർണർ ഡേവിഡ് ആവില, മുൻസിപ്പൽ പ്രസിഡന്റ് ജിൽ മാർട്ടിനസ്, തബാസ്കോയിലെ ഇമ്മാക്കുലേറ്റ് കൺസപ്ഷൻ ദേവാലയത്തിന്റെ ചുമതലയുള്ള വൈദികൻ ഫാ. ലൂയിസ് മാനുവൽ ഡയസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഫാ. ലൂയിസ് മാനുവൽ ഡയസ് രൂപം ആശിർവദിക്കുകയും, ഈസ്റ്റര്‍ സന്ദേശം നൽകുകയും ചെയ്തു. മെക്സിക്കോയിലെ ഏറ്റവും വലിയ ക്രിസ്തു രൂപമാണിതെന്ന് സക്കാടെക്കാസ് ഗവർണർ ഡേവിഡ് ആവില ഫേസ്ബുക്കിൽ കുറച്ചു. ക്രിസ്റ്റോ ഡീ ലാ പാസ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിസ്മയങ്ങൾ സന്ദർശിക്കാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മിഗുവേൽ റോമോ എന്ന ശിൽപിയാണ് ഈ ക്രിസ്തു രൂപം യാഥാര്‍ത്ഥ്യമാക്കിയത്. നിര്‍മ്മാണം പൂർത്തിയാക്കാൻ രണ്ടു വർഷത്തോളമാണ് സമയമെടുത്തത്. സ്റ്റീൽ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചായിരിന്നു നിര്‍മ്മാണം.

ശില്പത്തിന്റെ ഉള്ളിൽ ഗോവണിയും ഒരുക്കിയിട്ടുണ്ട്. സംഘടിതമായ നിരവധി കുറ്റകൃത്യങ്ങൾ നടക്കുന്ന സംസ്ഥാനമായതിനാലാണ് ഇവിടെ സ്ഥാപിച്ച ശില്പത്തിന് സമാധാനത്തിന്റെ ക്രിസ്തു എന്ന് അർത്ഥം വരുന്ന ക്രിസ്റ്റോ ഡീ ലാ പാസ് എന്ന പേര് അധികൃതർ നൽകിയത്. പോളണ്ടിൽ സ്ഥിതി ചെയ്യുന്ന രാജാധിരാജനായ ക്രിസ്തുവിന്റെ രൂപമാണ് നിലവിലുള്ളതിൽവെച്ച് ലോകത്തെ ഏറ്റവും ഉയരമുള്ള ക്രിസ്തു ശില്പം. 36 മീറ്റർ ആണ് ഈ ശിൽപ്പത്തിന്റെ ഉയരം. അതേസമയം നിലവിൽ നിര്‍മ്മാണത്തിലിരിക്കുന്ന രൂപത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ലോകത്തെ ഏറ്റവും വലിയ ക്രിസ്തു രൂപമെന്ന ഖ്യാതി ബ്രസീലിനു സ്വന്തമാകും. ഈ ക്രിസ്തു രൂപത്തിന് 43 മീറ്റര്‍ ഉയരമാണുള്ളത്.


Related Articles »