Meditation. - April 2024

'ഹല്ലേലൂയ’ എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്?

സ്വന്തം ലേഖകന്‍ 30-04-2024 - Tuesday

"പിന്നെ വലിയ ജനക്കൂട്ടത്തിന്റെയും പെരുവെള്ളത്തിന്റെയും ഗംഭീരമായ ഇടിമുഴക്കത്തിന്റെയും ശബ്ദംപോലെയുള്ള ഒരു സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! സര്‍വശക്തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു" (വെളിപാട് 19:6).

യേശു ഏകരക്ഷകൻ: ഏപ്രിൽ 9
ഹല്ലേലൂയ എന്ന വാക്ക് ക്രൈസ്‌തവ പ്രാര്‍ത്ഥനയിലെ ഒരു അവിഭാജ്യ ഘടകമാണ്. പക്ഷേ, വലിയ നോമ്പു കാലത്ത് ലത്തീൻ ആരാധനാക്രമത്തിൽ ഈ വാക്ക്‌ ഉപയോഗിക്കാറില്ല. എന്നാല്‍ ഈസ്റ്റര്‍ ജാഗരണ പ്രാര്‍ത്ഥനയില്‍ ഈ വാക്ക്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നു.

‘ഹല്ലേലൂയ’ എന്ന വാക്കിന്റെ അര്‍ത്ഥം ‘ദൈവത്തിന് സ്തുതി’ എന്നാണ്. ഈ വാക്കിലൂടെ നാം മാലാഖമാരോട് ഒന്നുചേർന്ന് ദൈവത്തെ സ്തുതിക്കുന്നു, അതോടൊപ്പം ദൈവത്തിന്റെ പരമാധികാരത്തെ നാം ഏറ്റുചൊല്ലുന്നു. സങ്കീര്‍ത്തന വരികളുടെ അവസാനം ഈ വാക്ക്‌ ഉപയോഗിക്കുന്നു. ബൈബിളിൽ പലസ്ഥലത്തും ഈ വാക്ക്‌ ഉപയോഗിച്ചിട്ടുള്ളതായി നമ്മുക്കു കാണുവാന്‍ കഴിയും. പുതിയ ജെറുസലേമില്‍ മുഴങ്ങി കൊണ്ടിരിക്കുന്ന സ്തുതിഗീതമായിട്ടാണ് തോബിത്തിന്റെ പുസ്തകത്തില്‍ 'ഹല്ലേലൂയ' എന്ന പദം ഉപയോഗിച്ചിരിക്കുന്നത്.

“ഇന്ദ്രനീളവും മരതകവും കൊണ്ട് ജെറുസലേം പണിയപ്പെടും; അവളുടെ മതിലുകള്‍ അനര്‍ഘ രത്നങ്ങള്‍ കൊണ്ടും, ഗോപുരങ്ങളും കൊത്തളങ്ങളും തനിസ്വര്‍ണ്ണം കൊണ്ടും നിര്‍മ്മിക്കപ്പെടും. ജെറുസലേം തെരുവീഥികളില്‍ ഗോമേദകവും മാണിക്യവും ഒഫീറിലെ രത്നങ്ങളും പതിക്കും; അവളുടെ പാതകളില്‍ ഹല്ലേലൂയ മാറ്റൊലികൊള്ളും.” (തോബിത്ത് 13:16-18).

വെളിപാട് പുസ്തകത്തിൽ ഇപ്രകാരം നാം കാണുന്നു. “ഇതിനുശേഷം സ്വര്‍ഗ്ഗത്തില്‍ വലിയ ജനക്കൂട്ടത്തിന്റെത് പോലുള്ള ശക്തമായ സ്വരം ഞാന്‍ കേട്ടു; ഹല്ലേലൂയ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്റേതാണ്... രണ്ടാമതും അവര്‍ പറഞ്ഞു: ഹല്ലേലൂയ! അവളുടെ പുക എന്നേക്കും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അപ്പോള്‍ ഇരുപത്തിനാല് ശ്രേഷ്ട്രന്‍മാരും നാല് ജീവികളും ആമേന്‍, ഹല്ലേലൂയ എന്ന് പറഞ്ഞുകൊണ്ട് സ്രാഷ്ടാംഗം പ്രണമിച്ചു സിംഹാസനസ്ഥനായ ദൈവത്തെ ആരാധിച്ചു. പിന്നെ വലിയ ജനക്കൂട്ടത്തിന്റെയും പെരുവെള്ളത്തിന്റേയും ഗംഭീരമായ ഇടിമുഴക്കത്തിന്റേയും ശബ്ദം പോലുള്ള ഒരു സ്വരം ഞാന്‍ കേട്ടു: ഹല്ലേലൂയ! സര്‍വ്വശക്തനും നമ്മുടെ ദൈവവുമായ കര്‍ത്താവ്‌ വാഴുന്നു. (വെളിപാട് 19:1-6)

എക്കാലവും ദൈവത്തെ സ്തുതിക്കുവാനും, മഹത്വപ്പെടുത്തുവാനും ഉപയോഗിച്ചിരുന്ന ആനന്ദത്തിന്റെ ഒരു വാക്കാണ്‌ ‘ഹല്ലേലൂയ’. വലിയ നോമ്പിന്റെ അവസാനം ഈസ്റ്റർ ജാഗരണ പ്രാർത്ഥനയിൽ ഹല്ലേലൂയ എന്ന വാക്കിലൂടെ സഭ പ്രത്യേകമാം വിധം ദൈവത്തിനു നന്ദി പറയുന്നു. തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഉയിർപ്പിച്ചുകൊണ്ട് സകല മനുഷ്യരെയും അവിടുത്തെ ദൈവികജീവനിൽ പങ്കാളിയാക്കുന്ന ദൈവത്തിനുള്ള നന്ദിയും സ്തുതിയും ഹല്ലേലൂയാ എന്ന ഒറ്റ വാക്കിൽ അടങ്ങിയിരിക്കുന്നു.

വിചിന്തനം
പിതാവായ ദൈവത്തിനു സ്തുതിയും, പുത്രനായ ദൈവത്തിനു ആരാധനയും, പരിശുദ്ധാത്മാവായ ദൈവത്തിനു സ്തോത്രവും അർപ്പിക്കുവാൻ ഏറ്റവും അനുയോജ്യമായ പദമാണ് 'ഹല്ലേലൂയ്യ'. വിശ്വാസത്തോടെ ഈ വാക്ക് ഏറ്റുചൊല്ലി സ്തുതിക്കുമ്പോൾ വലിയ അത്ഭുതങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കും. കാരണം, നാം ദൈവത്തെ സ്തുതിക്കുമ്പോൾ നമ്മുടെ ജീവിതത്തെ ദൈവത്തിനു സമർപ്പിക്കുകയാണ് ചെയ്യുന്നത്.

ഏകസത്യദൈവത്തെ അറിയാതെയും അവിടുത്തെ സ്തുതിക്കുവാൻ സാധിക്കാതെയും അനേകർ ഈ ഭൂമിയിൽ ജീവിക്കുന്നു. അവരെല്ലാവരും യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട്, അവരും 'ഹല്ലേലൂയ്യ' എന്ന് ഏറ്റുചൊല്ലുവാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഞാൻ കർത്താവിനെ പാടിസ്തുതിക്കും; അവിടുന്ന് എന്നോട് അതിരറ്റ കരുണ കാണിച്ചിരിക്കുന്നു." (സങ്കീ 13:6)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »