Life In Christ - 2024

നിരീശ്വരവാദികളുടെ നഗരമായ ബെർലിനില്‍ ക്രിസ്തു വിശ്വാസത്തിനു ശക്തമായ സാക്ഷ്യം നല്‍കി സഭാസമൂഹം

പ്രവാചകശബ്ദം 19-04-2023 - Wednesday

ബെര്‍ലിന്‍: നിരീശ്വരവാദികളുടെ നഗരം എന്നറിയപ്പെടുന്ന ജർമ്മനിയിലെ ബെർലിനെ, സുവിശേഷവത്കരിക്കാൻ നഗരത്തിലെ കത്തോലിക്കാ സമൂഹം നടത്തുന്ന ഇടപെടല്‍ സംബന്ധിച്ച റിപ്പോര്‍ട്ടുമായി പ്രമുഖ കത്തോലിക്ക മാധ്യമമായ നാഷ്ണൽ കാത്തലിക് രജിസ്റ്റർ. ബെർലിൻ നഗരത്തിലൂടെ കാത്തലിക് രജിസ്റ്റര്‍ പ്രതിനിധി ജോനാഥൻ ലീഡിൽ സഞ്ചരിച്ചപ്പോള്‍ അറിയുവാന്‍ കഴിഞ്ഞ വ്യത്യസ്ത സുവിശേഷവത്കരണ രീതികളാണ് ഏപ്രിൽ മൂന്നാം തീയതി പ്രസിദ്ധീകരിച്ച ലേഖനത്തിൽ പങ്കുവെക്കുന്നത്. ലുഫ്ത്താൻസ എന്ന ജർമ്മൻ എയർലൈൻസ് കമ്പനിക്കുവേണ്ടി ജോലി ചെയ്തു വിരമിച്ച ജാൻ ഫിലിപ്പ് എന്നയാളുടെ ജീവിതമാണ് ജോനാഥൻ ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.

തന്റെ കഴിവും, സമയവും സഭയെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ ഉപയോഗിക്കുന്നത്. ഒരു ഫിലോസഫി അക്കാദമിയും, ക്രൈസ്തവ വ്യവസായികൾക്ക് പരിശീലനം നൽകുന്ന ഒരു സ്ഥാപനവും ജാൻ ഫിലിപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഇന്ത്യ, ക്രൊയേഷ്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ആളുകൾ ബെർലിനിലെ ദേവാലയങ്ങളിൽ സജീവമായി തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ എത്താറുണ്ട്. നഗരത്തിൽ ക്രൈസ്തവ സാന്നിധ്യം നിലനിർത്തുന്നതിൽ ഇവർ വലിയ പങ്കാണ് വഹിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്ന് ജർമനിയിൽ എത്തിച്ചേർന്ന ആളുകൾ പ്രാർത്ഥനയ്ക്ക് വേണ്ടി എത്തുന്ന ബെർലിനിലെ കത്തോലിക്കാ സഭയുടെ സുപ്രധാനമായ ഒരു ദേവാലയമാണ് സെന്റ് ക്ലമെൻസ് ചർച്ച്.

2006ൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് ബെർലിൻ അതിരൂപത ഈ ദേവാലയം വില്പനയ്ക്ക് വച്ചപ്പോൾ ഏതാനും ഇടവകാംഗങ്ങൾ ചേർന്നാണ് ഇത് വിലയ്ക്ക് വാങ്ങുന്നത്. ദേവാലയം അവർ ഇന്ത്യയില്‍ നിന്നെത്തിയ വിൻസെൻഷ്യന്‍ വൈദികർക്ക് മേൽനോട്ടത്തിനു വേണ്ടി കൈമാറി. ദൈവ കരുണയുടെ ഭക്തി, ദിവ്യകാരുണ്യ ആരാധന തുടങ്ങിയവയിലൂടെ ദേവാലയത്തിന്റെ ആത്മീയതയെ കൂടുതൽ ശക്തിപ്പെടുത്താൻ വൈദികർക്ക് സാധിച്ചു. ഇപ്പോൾ ഈ ദേവാലയത്തിൽ 24 മണിക്കൂറും ദിവ്യകാരുണ്യ ആരാധന നടക്കാറുണ്ട്. എപ്പോഴും വിശ്വാസി സമൂഹം ദേവാലയത്തിൽ ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കാൻ എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബെർലിനിലെ കത്തോലിക്ക സഭയുടെ മറ്റൊരു ആത്മീയ ശ്വാസകോശം എന്ന് വിളിക്കുന്ന ദേവാലയമാണ് സെന്റ് അഫ്ര ദേവാലയം. പരമ്പരാഗത ലത്തീൻ കുർബാന അർപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെന്റ് ഫിലിപ്പ് നേരിയാണ് ദേവാലയത്തിന്റെ ചുമതല വഹിക്കുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്രൈസ്തവ ചിത്രങ്ങൾക്ക് രൂപം നൽകുന്ന എതോസ് + മരിയ എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്. യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ മൈക്കിൾ ഷീസലാണ് 2017ൽ എതോസ് + മരിയയക്ക് തുടക്കം കുറിക്കുന്നത്. ഇവർ വിശുദ്ധ കുർബാന, നഗരങ്ങളിലൂടെയുള്ള ജപമാല പ്രദക്ഷിണം തുടങ്ങിയവയ്ക്ക് വലിയ പ്രാധാന്യം നൽകി തങ്ങളുടെ ക്രിസ്തു വിശ്വാസം പ്രഘോഷിക്കുകയാണ്.


Related Articles »