India - 2024
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വിശ്വാസിസമൂഹത്തെ അപകീർത്തിപ്പെടുത്താൻ ആർക്കും അവകാശമില്ല: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
പ്രവാചകശബ്ദം 30-04-2023 - Sunday
നാദാപുരം: മതസ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും തകർക്കാനുള്ള ശ്രമമാണു കക്കുകളി' നാടകം സംഘടിപ്പിക്കുന്നിലൂടെ സംഘാടകർ ശ്രമിക്കുന്നതെന്ന് താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. ക്രൈസ്തവ സന്യാസത്തെയും കത്തോലിക്കാ സമുദായത്തെയും അപകീർത്തിപ്പെടുത്തുന്ന "കക്കുകളി' നാടകത്തിനെതിരെ എടച്ചേരിയിൽ നടന്ന വിശ്വാസികളുടെ പ്രതിഷേധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വിശ്വാസിസമൂഹത്തെ അപകീർത്തിപ്പെടുത്താൻ ആർക്കും അവകാശമില്ല. ക്രൈസ്തവ വിശ്വാസികളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന നാടകം അവസാനിപ്പിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ബിഷപ്പ് പറഞ്ഞു.
എടച്ചേരി വേങ്ങോളി ബിമൽ സാംസ്കാരിക ഗ്രാമം സംഘടിപ്പിച്ച കക്കുകളി നാടക ത്തിനെതിരേയാണു താമരശേരി രൂപതയുടെ നേതൃത്വത്തിൽ ക്രൈസ്തവ വിശ്വാസി കൾ പ്രതിഷേധമുയർത്തിയത്. എകെസിസി ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ, സീറോ മലബാർ സഭ പിആർഒ ഡോ. ചാക്കോ കാളംപറമ്പിൽ, കെസിവൈഎം പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ, ജോമോൻ മതിലകം, ജെസിൻ കരപ്പയിൽ, സിസ്റ്റർ മെൽവിൻ എന്നിവർ പ്രസംഗിച്ചു. രൂപതയ്ക്കു കീഴിലുള്ള വിവിധ ഇടവകളിലെ സിസ്റ്റർമാർ, കെസിവൈഎം, എകെസിസി പ്രവർത്തകരാണ് പ്രതിഷേധത്തിൽ അണിനിരന്നത്.