News - 2025
ദൈവമാതാവിന്റെ രൂപത്തിന്റെ കിരീടധാരണ ജൂബിലി ആഘോഷിക്കുവാന്‍ പോളണ്ട് പാര്‍ലമെന്റ് പ്രത്യേക പ്രമേയം പാസാക്കി
സ്വന്തം ലേഖകന്‍ 19-01-2017 - Thursday
വാര്‍സോ: ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ മരിയ ഭക്തി പ്രകടമാക്കി കൊണ്ട് 'ബ്ലാക്ക് മഡോണ'യുടെ കിരീട ധാരണത്തിന്റെ 300-ാം വാര്‍ഷികം ആഘോഷിക്കുന്നതിന് പോളണ്ട് പാര്‍ലമെന്റ് പ്രത്യേക പ്രമേയം പാസാക്കി. പാര്‍ലമെന്റ് യോഗത്തില്‍ പോളണ്ടിന്റെ മത, സാമൂഹിക രംഗങ്ങളെ ഏറ്റവും അധികം സ്വാധീനിച്ച ചിത്രമാണ് 'ലേഡി ഓഫ് സെസ്റ്റോചോവ' എന്ന് ഭരണാധികാരികള്‍ അഭിപ്രായപ്പെട്ടു.
വിശുദ്ധ ലൂക്ക വരച്ചതായി കരുതപ്പെടുന്ന ബ്ലാക്ക് മഡോണ ചിത്രം 'ഔര്‍ ലേഡി ഓഫ് സെസ്റ്റോചോവ' എന്ന പേരിലും അറിയപ്പെടുന്നുണ്ട്. പോളണ്ടിലെ സെസ്റ്റോചോവയിലെ കത്തീഡ്രലില്‍ സ്ഥിതി ചെയ്യുന്ന ചിത്രം യൂറോപ്യന്‍ രാജ്യങ്ങളിലെ വിശ്വാസികളെ ഏറെ സ്വാധീനിക്കുന്ന സൃഷ്ട്ടി കൂടിയാണ്.
"പോളണ്ട് ജനതയുടെ മരിയഭക്തിയുടെ ഉത്തമ ഉദാഹരണമാണ് രാജ്യം അമൂല്യ നിധിയായി കാണുന്ന ബ്ലാക്ക് മഡോണയുടെ ചിത്രം. മതപരമായ ഒരു ചിത്രം എന്ന വീക്ഷണ കോണിലൂടെയല്ല രാജ്യം ഇതിനെ നോക്കി കാണുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക, സാമൂഹിക മണ്ഡലങ്ങളിലേക്കും, രാജ്യസ്‌നേഹത്തിന്റെ തന്നെ പ്രതീകമായി മാറിയ ഒരു രൂപം എന്ന നിലയിലേക്കും ലേഡി ഓഫ് സെസ്റ്റോചോവയെ ജനത ഹൃദയത്തില്‍ വഹിക്കുന്നു. ആയതിനാല്‍ 2017-ല്‍ മാതാവിന്റെ ചിത്രത്തിന്റെ 300-ാം വാര്‍ഷികം ആഘോഷിക്കുന്ന പ്രത്യേക വര്‍ഷമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു". പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസ് പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.
1652-ല്‍ പോളണ്ടിന്റെ രാജാവായിരുന്ന ജോണ്‍ രണ്ടാമന്‍ കാസിമിര്‍ രാജ്യത്തിന്റെ രാജ്ഞിയായി ദൈവമാതാവിനെ പ്രഖ്യാപിക്കുകയും, ബ്ലാക്ക് മഡോണ രൂപത്തിന് പ്രത്യേക പ്രാധാന്യം നല്‍കുകയും ചെയ്തിരിന്നു. 1717 സെപ്റ്റംബര്‍ എട്ടാം തീയതി ക്ലെമന്റ് പതിനൊന്നാമന്‍ മാര്‍പാപ്പയാണ് മാതാവിന്റെ ചിത്രത്തെ കാനോനികമായ കിരീടധാരണത്തിലേക്ക് ഉയര്‍ത്തിയത്. ഇതിന്റെ 300-ാം വാര്‍ഷികമാണ് രാജ്യത്ത് ഇപ്പോള്‍ ആഘോഷിക്കുന്നത്.
മാര്‍പാപ്പ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഒരു രൂപതയിലേയോ, പ്രദേശത്തേയോ വിശ്വാസത്തെ ആഴമായി സ്വാധീനിക്കുന്ന മരിയന്‍ ചിത്രങ്ങള്‍ക്കായി നല്‍കുന്ന പ്രത്യേക പദവിയാണ് കാനോനികമായ കിരീടധാരണം. റോമിന് പുറത്ത് ഇത്തരത്തില്‍ ആദ്യമായി പദവി ലഭിച്ചത് 'ബ്ലാക്ക് മഡോണ' ചിത്രത്തിനായിരിന്നു.
2016 സെപ്റ്റംബര്‍ എട്ടാം തീയതി ആര്‍ച്ച് ബിഷപ്പ് സ്റ്റേയിന്‍സ്ലോ ഗഡേക്കിയാണ് ജൂബിലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പോളണ്ടിലെ ദേശീയ ബിഷപ്സ് കോണ്‍ഫറന്‍സ് 'മരിയന്‍ തോട്ട്‌സ്' എന്ന പേരില്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറിക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്ന പുതിയ നടപടിയെ ഏറെ സ്വാഗതം ചെയ്യുന്നതായി ഫാദര്‍ മരിയന്‍ വാലിഗോര പ്രതികരിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് പോളണ്ട്, തങ്ങളുടെ രാജ്യത്തിന്റെ രാജാവായി യേശുക്രിസ്തുവിനെ പ്രഖ്യാപിച്ചിരിന്നു. പോളണ്ടിന്റെ ആകെ ജനസംഖ്യയുടെ 94 ശതമാനത്തില്‍ അധികവും കത്തോലിക്ക വിശ്വാസികളാണ്.