News - 2025
ഭവനങ്ങളില്‍ പ്രാര്‍ത്ഥന നടത്തുന്നത് നിയമവിരുദ്ധമല്ല; ഇറാനില്‍ അറസ്റ്റിലായ ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് ഒടുവില്‍ മോചനം
പ്രവാചകശബ്ദം 22-05-2023 - Monday
ടെഹ്റാന്‍: ഇറാനില്‍ ഭവനങ്ങളില്‍ ആരാധന നടത്തുന്നതും പങ്കെടുക്കുന്നതും നിയമവിരുദ്ധമല്ലെന്ന കോടതിയെ വിധിയെത്തുടര്‍ന്ന്‍ ഭവന ആരാധന നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് മോചനം. ടെഹ്റാനിലെ ബ്രാഞ്ച് 34 അപ്പീല്‍ കോടതി ജഡ്ജിയാണ് മെയ് 9-ന് ചരിത്ര പ്രാധാന്യമേറിയ ഈ വിധി പുറപ്പെടുവിച്ചത്. ക്രിസ്ത്യന്‍ ദമ്പതികള്‍ ഇറാന്റെ രാഷ്ട്ര സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് യാതൊരു തെളിവുമില്ലെന്ന്‍ പറഞ്ഞുകൊണ്ടാണ് കോടതി 2020-ലെ വിധി റദ്ദാക്കിയത്. അറുപത്തിനാലുകാരനായ ഹൊമയൂണ്‍ സാവെയും, അദ്ദേഹത്തിനെ പത്നിയും നാല്‍പ്പത്തിയഞ്ചുകാരിയുമായ സാറ അഹ്മദിക്കുമാണ് മോചനം ലഭിച്ചത്. ഇരുവരും ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരാണ്.
ഒരേ വിശ്വാസത്തില്‍ ഉള്ളവര്‍ ഭവനത്തില്‍ ഒത്തുകൂടി ആരാധന നടത്തുന്നത് നിയമവിരുദ്ധമല്ലെന്നും, അത് സ്വാഭാവികമാണെന്നും കോടതി നിരീക്ഷിച്ചു. 9 മാസത്തോളം ജയിലില്‍ കിടന്നതിന് ശേഷമായിരുന്നു ഇരുവര്‍ക്കും മോചനം ലഭിച്ചത്. ഭവന കൂട്ടായ്മയില്‍ പങ്കെടുത്തത് ദേശീയ സുരക്ഷക്കെതിരായ പ്രവര്‍ത്തിയല്ലെന്ന് പറഞ്ഞുകൊണ്ട് 2021 നവംബര്‍ 3-ന് സുപ്രീം കോടതി 9 പരിവര്‍ത്തിത ക്രൈസ്തവരെ മോചിപ്പിച്ച വിധിക്ക് സമാനമാണ് ഈ വിധിയും. ദേശീയ സുരക്ഷയെ ബാധിക്കുന്ന സംഘടനകളില്‍ പങ്കെടുത്തുവെന്ന കുറ്റാരോപണത്തിന്റെ പേരില്‍ അഹമദിക്ക് 11 വര്‍ഷത്തെ തടവും, സാവേക്ക് 2 വര്‍ഷത്തെ തടവുമാണ് 2020-ലെ വിധിയില്‍ പറഞ്ഞിരുന്നത്. സാവേക്ക് 6 മാസത്തെ നിര്‍ബന്ധിത സാമൂഹ്യ സേവനവും വിധിച്ചിരുന്നു. ഇവരുടെ വിദേശ യാത്രകള്‍ക്ക് രണ്ടു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
ഈ വിധിയാണ് ഇപ്പോള്‍ റദ്ദാക്കപ്പെട്ടത്. ദശകങ്ങളായി ഇന്റലിജന്‍സ് ഏജന്‍സികള്‍ രാഷ്ട്രത്തിന്റെ നീതി ന്യായ നടപടികളെ അവഗണിച്ചിരുന്നുവെന്നതിന്റെ ഉദാഹരണമാണ് വിധിയെന്നു മനുഷ്യാവകാശ സംഘടനയായ ‘ആര്‍ട്ടിക്കിള്‍ 18’ന്റെ ഡയറക്ടറായ മന്‍സൂര്‍ ബോര്‍ജി പറഞ്ഞു. 2019 ജൂണില്‍ തങ്ങളുടെ സുഹൃത്തുക്കളുമൊത്ത് അമോളില്‍ അവധി ആഘോഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ ദമ്പതികള്‍ അറസ്റ്റിലാകുന്നത്. അടുത്ത മാസം ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും 2021-ല്‍ ജൂണില്‍ ഹാജരാകുവാന്‍ കോടതി ഉത്തരവിട്ടു. പുനര്‍വിചാരണ ആവശ്യപ്പെട്ടുകൊണ്ട് ദമ്പതികള്‍ സമര്‍പ്പിച്ച രണ്ട് അപേക്ഷകളും കോടതി തള്ളുകയുണ്ടായി.
ഇതേ തുടര്‍ന്നാണ് ഇരുവരും എവിന്‍ ജയിലില്‍ അടക്കപ്പെടുന്നത്. സാവേയുടെ പാര്‍ക്കിന്‍സണ്‍ രോഗം പോലും കണക്കിലെടുക്കാതെയാണ് അവരെ തടവിലാക്കിയത്. ക്രിസ്ത്യാനിയായി ജീവിക്കുവാന്‍ ബുദ്ധിമുട്ടുള്ള 50 രാഷ്ട്രങ്ങളുടെ ഓപ്പണ്‍ ഡോഴ്സിന്റെ പട്ടികയില്‍ ഏട്ടാമതാണ് ഇറാന്റെ സ്ഥാനം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇറാനി ക്രൈസ്തവര്‍ കടുത്ത അടിച്ചമര്‍ത്തലായിരുന്നു നേരിട്ടുകൊണ്ടിരുന്നത്. എന്നിരുന്നാലും ഇറാനില്‍ രഹസ്യമായി പ്രവര്‍ത്തിച്ചു വരുന്ന ക്രിസ്ത്യന്‍ സഭകള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓരോ വര്‍ഷവും ആയിരങ്ങളാണ് ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തുവിനെ ഏകരക്ഷകനും നാഥനുമായി സ്വീകരിക്കുന്നത്.
