India - 2024

മണിപ്പൂര്‍ കലാപം: കേന്ദ്ര സര്‍ക്കാര്‍ മൗനം അപലപനീയമെന്ന് മാർ ജോസഫ് പാംപ്ലാനി

29-06-2023 - Thursday

തലശ്ശേരി: മണിപ്പൂര്‍ കലാപം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരും സംസ്ഥാന സർക്കാരും പാലിക്കുന്ന മൗനം അപലപനീയമാണെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മണിക്കടവ് ഫൊറോനയുടെ നേതൃത്വത്തിൽ മണിപ്പുരിലെ ക്രൈസ്തവ പീഡനത്തിനെതിരെയുള്ള പ്രതിഷേധവും ക്രൈസ്തവ സമൂഹത്തിനുള്ള പിന്തുണയും പ്രഖ്യാപിച്ച് നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് വിഭാഗങ്ങളിലായി രൂപപ്പെട്ട കലാപമിപ്പോൾ ക്രൈസ്തവ വേട്ടയിലെത്തി നിൽക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിടുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കലാപം നിയന്ത്രിക്കുന്നതിന് പകരം കലാപകാരികൾക്ക് പരോക്ഷ പിന്തുണയും ഒത്താശയും നൽകുകയാണെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഫൊറോന വികാരി ഫാ. പയസ് പടിഞ്ഞാറെമുറിയിൽ അധ്യക്ഷത വഹിച്ചു. അതിരൂപത എകെസിസി ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, മണിക്കടവ് സൺഡേ സ്കൂൾ മുഖ്യാധ്യാപകൻ പ്രസാദ് ഇലവുങ്കചാലിൽ, കെസിവൈഎം ഫൊറോന സെക്രട്ടറി എ ഡ്വിൻ ജോർജ്, ഫൊറോന മാതൃവേദി പ്രസിഡന്റ് ലില്ലി ബെന്നി തൈപ്പറമ്പിൽ, സണ്ണി പുത്തേട്ട് എന്നിവർ പ്രസംഗിച്ചു.


Related Articles »