News - 2024

യുക്രൈന്‍ സന്ദര്‍ശനത്തിന് പിന്നാലെ സമാധാന ദൗത്യവുമായി കർദ്ദിനാൾ സൂപ്പി റഷ്യയില്‍

പ്രവാചകശബ്ദം 30-06-2023 - Friday

മോസ്ക്കോ/ വത്തിക്കാന്‍ സിറ്റി; റഷ്യ - യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിന് വേണ്ടിയുള്ള ഫ്രാൻസിസ് പാപ്പയുടെ പരിശ്രമങ്ങളുടെ ഭാഗമായി ദ്വിദിന സന്ദർശനത്തിനായി കർദ്ദിനാൾ മത്തേയോ സൂപ്പി റഷ്യയില്‍. സമാധാന സ്ഥാപനത്തിനായി എല്ലാ മാനവിക പരിശ്രമങ്ങളെയും തിരിച്ചറിയുകയെന്ന ലക്ഷ്യമാണുള്ളതെന്ന് റഷ്യയിലേക്കുള്ള അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ജ്യോവന്നി ഡാനിയെല്ലോ പത്രപ്രവർത്തകരോട് പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ച, റഷ്യൻ പ്രസിഡന്റിന്റെ വിദേശകാര്യ ഉപദേഷ്ട്ടാവായ യൂറി ഉഷാകോവുമായി നടത്തിയ കൂടിക്കാഴ്ചയിൽ കർദ്ദിനാൾ സൂപ്പി സമാധാന സ്ഥാപനത്തിനുവേണ്ടിയുള്ള പാപ്പയുടെ പരിശ്രമങ്ങളെക്കുറിച്ച് സംസാരിച്ചതായി പരിശുദ്ധ സിംഹാസനം അറിയിച്ചു.

ഇന്നലെ ജൂൺ 29 വ്യാഴാഴ്ച വത്തിക്കാൻ പ്രതിനിധി, കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള കമ്മീഷ്ണർ ബെലോവയുമായും, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ അധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് കിറിലുമായും സമാധാനം ലക്‌ഷ്യം മുന്നോട്ടുവെച്ച് കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകുന്നേരം ദൈവമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽവെച്ച്, കത്തോലിക്ക സമൂഹവുമായി കർദ്ദിനാൾ സൂപ്പി കൂടിക്കാഴ്ച നടത്തി, വിശുദ്ധ ബലി അർപ്പിച്ചു. സമാധാനത്തിനായുള്ള പാപ്പായുടെ ഈ പരിശ്രമങ്ങൾ ഫലവത്തായി തീരുമെന്നു വത്തിക്കാൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

നേരത്തെ ജൂണ്‍ 5-ന് യുക്രൈനിലെ കീവിലെത്തിയ കര്‍ദ്ദിനാള്‍ സുപ്പി, സമാധാനം പുനഃസ്ഥാപിക്കുവാനും, മനുഷ്യത്വത്തെ പിന്തുണക്കുവാനും സംഘര്‍ഷം ലഘൂകരിക്കുവാനും സാധ്യമായ മാര്‍ഗ്ഗങ്ങളെ കുറിച്ച് ചര്‍ച്ചകളിലേര്‍പ്പെട്ടിരിന്നു. മെയ് 13­-ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി വത്തിക്കാനില്‍വെച്ച് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നുവെന്നതും ശ്രദ്ധേയമാണ്.


Related Articles »