News - 2024

ദിവ്യകാരുണ്യ കേന്ദ്രീകൃത ജീവിതത്തില്‍ ആഴപ്പെടുവാന്‍ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ത്ഥന നിയോഗം

പ്രവാചകശബ്ദം 04-07-2023 - Tuesday

വത്തിക്കാന്‍ സിറ്റി: വിശ്വാസി സമൂഹം ദിവ്യകാരുണ്യ കേന്ദ്രീകൃത ജീവിതം നയിക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ത്ഥന നിയോഗം. പ്രാർത്ഥന നിയോഗ വീഡിയോ സന്ദേശത്തിൽ ദിവ്യകാരുണ്യം കത്തോലിക്ക വിശ്വാസികളുടെ ജീവിതത്തിന്റെ കേന്ദ്രമാകട്ടെയെന്ന് പാപ്പ പ്രാർത്ഥിച്ചു. ദിവ്യബലിയുടെ അന്ത്യത്തിലും ദിവ്യബലിയുടെ തുടക്കത്തിലായിരുന്നതു പോലെ തന്നെയാണെങ്കിൽ, എന്തോ കുഴപ്പമുണ്ടെന്ന് സന്ദേശത്തിന്റെ ആരംഭത്തിൽ ചൂണ്ടിക്കാട്ടിയ പാപ്പ, ദിവ്യകാരുണ്യത്തിൽ യേശുവിന്റെ സാന്നിധ്യമുണ്ടെന്നും അത് അഗാധമായി രൂപാന്തരപ്പെടുത്തുന്നതാണെന്നും യേശു വരുന്നുണ്ടെന്നും അത് നിങ്ങളെ രൂപാന്തരപ്പെടുത്തണമെന്നും വിശ്വാസികളെ ഓർമ്മപ്പെടുത്തി.

ദിവ്യകാരുണ്യത്തിൽ, ക്രിസ്തുവാണ് സ്വയം തന്നെത്തന്നെ നമുക്കു വേണ്ടി അർപ്പിക്കുകയും സമർപ്പിക്കുകയും ചെയ്യുന്നത്. നമ്മുടെ ജീവിതവും നമ്മുടെ സഹോദരങ്ങളുടെ ജീവിതവും പരിപോഷിപ്പിക്കാൻ അവിടുന്നു നമ്മെ ക്ഷണിക്കുന്നു. ദിവ്യകാരുണ്യത്തിന്റെ ആഘോഷം ഉയിർത്തെഴുന്നേറ്റ യേശുവുമായുള്ള ഒരു കണ്ടുമുട്ടലാണ്. അതേ സമയം, അവൻ പഠിപ്പിച്ചതു പോലെ നമ്മെത്തന്നെ ലോകത്തിലേക്ക് തുറക്കാനുള്ള ഒരു വഴിയും കൂടിയാണ് അതെന്നും പാപ്പ വിശദീകരിച്ചു.

ഓരോ പ്രാവശ്യവും നാം പരിശുദ്ധ കുർബാനയിൽ പങ്കുചേരുമ്പോൾ, യേശു വരികയും അവൻ സ്നേഹിച്ചതു പോലെ സ്നേഹിക്കാൻ നമുക്ക് ശക്തി നൽകുകയും ചെയ്യുന്നു. അത് നമുക്ക് മറ്റുള്ളവരുമായി കണ്ടുമുട്ടുവാനും, നമ്മിൽ നിന്നു പുറത്തു വരുവാനും, മറ്റുള്ളവർക്കായി നമ്മെത്തന്നെ സ്നേഹത്തോടെ തുറന്നു നൽകുവാനുമുള്ള ധൈര്യമാണ് പകരുന്നത്. മനുഷ്യബന്ധങ്ങളെ ആഴത്തിൽ രൂപാന്തരപ്പെടുത്തുകയും, ദൈവത്തെയും സഹോദരീ സഹോദരന്മാരെയും കണ്ടുമുട്ടാനുള്ള തുറവി നൽകുകയും ചെയ്യുന്ന ദിവ്യകാരുണ്യത്തിന്റെ ആഘോഷം വിശ്വാസികള്‍ അവരുടെ ജീവിതത്തിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാമെന്ന വാക്കുകളോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.


Related Articles »