News

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ അഴുകാത്ത ശരീരമെന്ന പേരില്‍ വ്യാജ പ്രചരണം; വീഡിയോയിലുള്ളത് മെഴുക് രൂപം

പ്രവാചകശബ്ദം 07-07-2023 - Friday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അഴുകാത്ത മൃതശരീരം പുറത്തെടുത്തു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ മെഴുക് പ്രതിമയുടേത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പുറത്തെടുത്ത ശരീരം അഴുകിയിട്ടില്ല എന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയായില്‍ ഇന്നലെ മുതല്‍ പ്രചരിക്കുന്നത്. ''2023 ജൂലൈ 5നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ഭൗതീക ശരീരം പുറത്തെടുത്തു, പൂര്‍ണ്ണശോഭയോടെ കാണപ്പെട്ടു'' എന്നീ വിവരണങ്ങള്‍ അടക്കമാണ് വാട്സാപ്പിലും ഫേസ്ബുക്കിലെ വിവിധ പേജുകളിലും വ്യാജ പ്രചരണം നടക്കുന്നത്.

വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ പാപ്പയോടുള്ള ബഹുമാനാര്‍ത്ഥം നിര്‍മ്മിച്ച മെഴുകു പ്രതിമ മെക്സിക്കോയിലെ വിവിധ രൂപതകളില്‍ പര്യടനം നടത്തിയപ്പോള്‍ ഒരു കത്തോലിക്ക സ്കൂളില്‍ എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 2011 ആഗസ്റ്റില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇതെന്ന് സാധൂകരിക്കുന്ന തെളിവുകള്‍ യൂട്യൂബില്‍ നിന്നു തന്നെ ലഭ്യമാണ്. 'എഡ്യൂമാസ്റ്റർ ഹെർണാണ്ടസ് റൊമേറോ' എന്ന യൂട്യൂബ് ചാനലില്‍ 2011 ആഗസ്റ്റ് 23നു പങ്കുവെച്ച വീഡിയോ 23 ലക്ഷത്തിലധികം പേരാണ് കണ്ടത്. ഇതേ വീഡിയോയാണ് തെറ്റായ പ്രചരണവുമായി ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്.

2005-ല്‍ ആണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ദിവംഗതനായത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന അള്‍ത്താരയ്ക്കു താഴെയായി, വിശ്വവിഖ്യാത ശില്‍പ്പി മൈക്കലാഞ്ചലോ നിര്‍മ്മിച്ച 'പിയാത്ത' ശില്‍പ്പത്തിനോട് ചേര്‍ന്നാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ശരീരം വീണ്ടും അടക്കം ചെയ്തിരിന്നത്. ആദ്യം സംസ്‌കരിച്ച കല്ലറയുടെ മുകളിലുണ്ടായിരുന്ന മാര്‍ബിള്‍ ഫലകം അദ്ദേഹത്തിന്റെ ജന്മനാടായ പോളണ്ടിലേക്ക് നേരത്തെ കൊണ്ടു പോയിരുന്നു. നാമകരണ നടപടികളുടെ ഭാഗമായി 2011-ല്‍ വിശുദ്ധന്റെ കല്ലറ വീണ്ടും തുറക്കുകയും ശരീരം അടക്കം ചെയ്ത പേടകം പുറത്തെടുക്കുകയും ചെയ്തിരുന്നു.

Tag:Video Showing Wax Figure Of Pope John Paul II Shared With False Claim, Catholic malayalam fact check, Christian Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 860