News - 2025
അന്യായമായി തടങ്കലിലാക്കപ്പെട്ട നിക്കരാഗ്വേന്‍ മെത്രാന് ഒടുവിൽ മോചനം?; റിപ്പോര്‍ട്ടുമായി റോയിട്ടേഴ്സ്
പ്രവാചകശബ്ദം 06-07-2023 - Thursday
മനാഗ്വേ: നിക്കരാഗ്വേന്‍ ഏകാധിപത്യ ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് 26 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മതഗല്‍പ്പ രൂപത മെത്രാന്‍ റോളണ്ടോ അല്‍വാരെസിനു മോചനം ലഭിച്ചതായി റിപ്പോര്‍ട്ട്. നയതന്ത്ര പ്രതിനിധിയെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സർക്കാരും, രാജ്യത്തെ കത്തോലിക്കാ മെത്രാന്മാരും തമ്മിൽ ബിഷപ്പ് അൽവാരസിന്റെ ഭാവിയെ പറ്റിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നു അദ്ദേഹം പറഞ്ഞതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പേര് വെളിപ്പെടുത്താൻ തയ്യാറാകാതിരുന്ന നയതന്ത്ര പ്രതിനിധി രാജ്യത്തുനിന്ന് ബിഷപ്പിനെ പുറത്താക്കുന്നത് അടക്കമുള്ള നടപടികൾ സർക്കാര്‍ ചിന്തിക്കുന്നുണ്ടെന്നും പറഞ്ഞു. എന്നാൽ ഇതിനെപ്പറ്റി സർക്കാർ പ്രതികരിച്ചിട്ടില്ല. രാജ്യം വിടാൻ ബിഷപ്പ് അൽവാരെസ് വിമുഖത പ്രകടിപ്പിച്ചാൽ അദ്ദേഹത്തെ തിരികെ ജയിലിലേക്ക് മടക്കി അയക്കാൻ സാധ്യതയുണ്ടെന്നും നയതന്ത്ര പ്രതിനിധി പറഞ്ഞിരുന്നു. ബിഷപ്പിനെ മോചിപ്പിച്ചത് സംബന്ധിച്ച വാർത്ത തിങ്കളാഴ്ച വൈകുന്നേരം കോൺഫിഡൻഷ്യൽ എന്ന മാധ്യമമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയിലേക്ക് നാടുകടത്തപ്പെടാൻ തയ്യാറാകാതിരുന്നത് മൂലം രാജ്യദ്രോഹ കുറ്റം ആരോപിച്ച് 26 വർഷത്തെ ജയിൽ ശിക്ഷയ്ക്കാണ് ഫെബ്രുവരി മാസം ബിഷപ്പ് റോളാണ്ടോ അൽവാരെസ് വിധിക്കപ്പെട്ടിരുന്നത്.
മതഗല്‍പ്പ രൂപതയുടെ മെത്രാനായ അൽവാരസ് രാജ്യത്തെ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ കടുത്ത വിമർശകനായിരുന്നു. ഒർട്ടേഗയുടെ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയെ ഫ്രാൻസിസ് മാർപാപ്പ ഏതാനും നാളുകൾക്കു മുമ്പ് വിമർശിച്ചതിനെ തുടർന്ന് വത്തിക്കാനും, നിക്കരാഗ്വേയും തമ്മിലുള്ള ബന്ധത്തിനും ഉലച്ചിൽ സംഭവിച്ചിരുന്നു. മുന്നൂറോളം ആളുകൾ മരണമടഞ്ഞ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് മധ്യസ്ഥത വഹിക്കാൻ രാജ്യത്തെ കത്തോലിക്ക നേതൃത്വത്തോടു അഞ്ചുവർഷം മുമ്പ് സർക്കാർ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായി സ്വീകരിച്ച പല നിലപാടുകളും കത്തോലിക്ക സഭാനേതൃത്വത്തില്‍ നിന്നു വലിയ വിമര്‍ശനത്തിന് കാരണമായി. ഇതാണ് സർക്കാരും സഭയും തമ്മിലുള്ള അകൽച്ചയിലേക്ക് പിന്നീട് നയിച്ചത്.