News - 2025
ഫ്രാൻസിസ് പാപ്പയെ സ്വീകരിക്കാന്‍ ഫാത്തിമ തീർത്ഥാടനകേന്ദ്രം ഒരുങ്ങി
പ്രവാചകശബ്ദം 27-07-2023 - Thursday
ഫാത്തിമ: ലോക യുവജനദിനവുമായി ബന്ധപ്പെട്ട് പോർച്ചുഗലിൽ എത്തുന്ന ഫ്രാൻസിസ് പാപ്പായെ സ്വീകരിക്കുവാൻ ഒരുക്കങ്ങളോടെ ഫാത്തിമ തീർത്ഥാടനകേന്ദ്രം. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നായ ഫാത്തിമ സ്ഥിതി ചെയ്യുന്ന പോർച്ചുഗലിലെ ലിസ്ബണിൽ ഓഗസ്റ്റ് 1 മുതൽ 6 വരെയാണ് ലോക യുവജന സംഗമം നടക്കുക.
പോർച്ചുഗലിന്റെ തലസ്ഥാനവും മഹാനഗരവുമായ ലിസ്ബൺ, ഫാത്തിമയിൽ നിന്ന് ഏകദേശം 75 മൈൽ അകലെയാണ്. ഓഗസ്റ്റ് 2 ബുധനാഴ്ച പോര്‍ച്ചുഗലില്‍ എത്തുന്ന പാപ്പ, ഓഗസ്റ്റ് 6 വരെ രാജ്യത്തു തുടരും. ഇതിനിടെ ഫാത്തിമ സന്ദര്‍ശിക്കും.
ലോകയുവജനദിനത്തിൽ പങ്കെടുക്കാനെത്തുന്ന നിരവധി യുവജനഗ്രൂപ്പുകൾ ഫാത്തിമ ദേവാലയം സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് നിരവധി അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്നും, കഴിയുന്നത്ര മികച്ച രീതിയിൽ അവരെ സ്വാഗതം ചെയ്യാനായി തങ്ങൾ ഒരുങ്ങിയിട്ടുണ്ടെന്നും ഫാത്തിമ മാതാവിന്റെ ദാസികൾ എന്ന സന്യാസിനീസമൂഹത്തിലെ സി. സാന്ദ്ര ബർത്തൊലോമേയൂ ഫിഡെസ് ഏജൻസിയോട് പറഞ്ഞു. ഫാത്തിമയിലെത്തുന്ന യുവജനങ്ങൾക്ക് താമസ, ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തീർത്ഥാടനകേന്ദ്രത്തിൽ യുവജനങ്ങളെ സ്വീകരിക്കുന്നതിനുള്ള പദ്ധതിയുടെ സംഘാടകരിൽ ഒരാളായ സി. സാന്ദ്ര കൂട്ടിച്ചേർത്തു.
ഇത് രണ്ടാം വട്ടമാണ് ഫ്രാൻസിസ് പാപ്പ പോർച്ചുഗലിലെത്തുന്നത്. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷികത്തിൽ 2017 മെയ്‌മാസത്തിൽ, ഇതുമായി ബന്ധപ്പെട്ട രണ്ടു പേരുടെ നാമകരണച്ചടങ്ങുകളുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ ഫാത്തിമയിൽ എത്തിയിരുന്നു. 1917 മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ ഫാത്തിമയിൽ ആറു തവണയാണ് പരിശുദ്ധ കന്യകാമറിയം ഇടയ കുട്ടികളായ ലൂസിയാ, ഫ്രാൻസിസ്കോ, ജസീന്ത എന്നിവർക്കു പ്രത്യക്ഷപ്പെട്ടത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഫാത്തിമ.