India - 2024

തന്നെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം വിജയകരമായി പൂർത്തീകരിക്കുന്നതിന് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ആർച്ച് ബിഷപ്പ് സിറിൾ വാസിൽ

പ്രവാചകശബ്ദം 06-08-2023 - Sunday

കൊച്ചി: ഫ്രാൻസിസ് മാർപാപ്പ തന്നെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം വിജയകരമായി പൂർത്തീകരിക്കുന്നതിന് പ്രാർത്ഥനയും പിന്തുണയും സഹകരണവും അഭ്യർഥിച്ച്, എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് മാർ സിറിൾ വാസിൽ അതിരൂപതയിലെ വിശ്വാസികൾക്ക് കത്തെഴുതി. സീറോ മലബാർ സഭയുടെ മെത്രാൻ സിനഡ് നിശ്ചയിച്ചതും മാർപാപ്പ അംഗീകരിച്ചതുമായ ഏകീകൃത കുർബാന അർപ്പണരീതി അതിരൂപതയിൽ നടപ്പിലാക്കാൻ സഹായിക്കുകയാണ് തന്റെ നിയമനത്തിന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി.

മാർപാപ്പയുടെ തീരുമാനത്തിന് പൂർണമായും വിധേയപ്പെട്ടും ദൈവത്തിൽ ശരണപ്പെട്ടുമാണ് ഈ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. അതിരൂപതയിലെ അല്മായർ, സമർപ്പിതർ, വൈദികവിദ്യാർഥികൾ, വൈദികർ എന്നിവരുൾക്കൊള്ളുന്ന അതിരൂപതയിലെ മുഴുവൻ വിശ്വാസികളും പ്രാർത്ഥനയിൽ ഒന്നു ചേരണം. ദൈവഹിതത്തിന് പൂർണമായി യോജിച്ച ഒരു പരിഹാരം നമുക്ക് അന്വേഷിക്കാം.

തന്റെ നിയോഗത്തിനായി ഈ മാസം ആറിനും 15നുമിടയിൽ ഒരു മണിക്കൂർ അതത് പള്ളികളിൽ ആരാധനയ്ക്കായി മാറ്റിവയ്ക്കണമെന്ന് ഇടവക വൈദികരോടും തീർഥാടനകേന്ദ്രങ്ങളിലെയും മൈനർ സെമിനാരികളിലെയും റെക്ടർമാരോടും അദ്ദേഹം അഭ്യർഥിച്ചു. ജപമാലയിലും മറ്റു പ്രാർത്ഥനകളിലും ഈ നിയോഗം ഉൾപ്പെടുത്തണം.

കുർബാന അർപ്പിക്കുന്നതു സംബന്ധിച്ച പ്രശ്നം സമാധാനപരമായും ഉദാരമ നസോടെയും പരിഹരിക്കുന്നത്, ദൈവം നമ്മെ വിളിച്ചിരിക്കുന്ന മറ്റു പ്രധാന കാര്യങ്ങളിൽ ശ്രദ്ധിക്കാൻ നമ്മെ പ്രാപ്തരാക്കും. മനസുകളുടെയും ഹൃദയ ങ്ങളുടെയും ഐക്യത്തിൽ ഈ ലക്ഷ്യം നമുക്കു നേടാനാകും. കൂട്ടായ പ്രയത്നത്തിലൂടെ ശാശ്വതമായ പരിഹാരം കണ്ടെത്താനും. കൂടുതൽ ശക്തവും യോജിച്ചതുമായ ക്രിസ്തീയ സമൂഹമായി മുന്നോട്ടു പോകാനും നമുക്കു കഴിയുമെന്നും ആർച്ച് ബിഷപ്പ് സിറിൾ വാസിൽ കത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു. കത്ത് ഇന്നു പള്ളികളിൽ വായിച്ചോ സമൂഹമാധ്യമങ്ങൾ വഴിയോ വിശ്വാസികളെ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.


Related Articles »