News

"ക്രൈസ്തവരുടെ നഗരം" ക്വാരഘോഷ് ഐഎസ് തീവ്രവാദികൾ പിടിച്ചടക്കിയതിന്റെ നീറുന്ന ഓർമ്മയിൽ വിശ്വാസികൾ

Pravachaka Sabdam 08-08-2023 - Tuesday

ക്വാരഘോഷ്; ഇറാഖിൽ ക്രൈസ്തവരുടെ നഗരം എന്നറിയപ്പെട്ടിരുന്ന ക്വാരഘോഷ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളിൽ അകപ്പെട്ടതിന്റെ നീറുന്ന ഓർമ്മയിൽ വിശ്വാസികൾ. അറുപതിനായിരത്തോളം മാത്രം ജനസംഖ്യ വരുന്ന ഉത്തര ഇറാഖി നഗരമായ ക്വാരഘോഷ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളിൽ അകപ്പെട്ടതിന് ഇക്കഴിഞ്ഞ ദിവസമാണ് 9 വർഷം തികഞ്ഞത്. 2014 ഓഗസ്റ്റ് ആറാം തീയതി, കനത്ത ഷെല്ലിങ്ങിന്റെ ശബ്ദം കേട്ടാണ് 99% കത്തോലിക്ക വിശ്വാസികളുള്ള നഗരം പുലർച്ചെ ഉണരുന്നത്. അഞ്ചു വയസ് പ്രായമുണ്ടായിരുന്ന ഡേവിഡ് അഡീബ് എന്നൊരു കുട്ടി ഉൾപ്പെടെ മൂന്ന് പേരാണ് ആ സമയത്ത് മരണമടഞ്ഞത്.

ആ കുഞ്ഞിന്റെ ശരീരം ചിന്നി ചിതറി പോയതിനാൽ കാലിന്റെയും, ശിരസ്സിന്റെയും ഏതാനും ഭാഗങ്ങൾ മാത്രമാണ് കണ്ടെത്താൻ സാധിച്ചതെന്ന് അമ്മയായ ദുഹാ സാബ വെളിപ്പെടുത്തൽ നടത്തി. ഈ അക്രമത്തിൽ തന്നെ 9 വയസ്സ് ഉണ്ടായിരുന്ന ഡേവിഡ് അഡീബിന്റെ ബന്ധു മിലാത് മാസനും കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂൾ ഇതേ വർഷം രണ്ടു മാസങ്ങൾക്കു മുമ്പ് തീവ്രവാദികൾ പിടിച്ചെടുത്തിരുന്നു. നഗരത്തിൽ തീവ്രവാദികൾ കടന്നു കയറിയതിന് പിന്നാലെ ആളുകൾ അവിടെ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രപ്പാടിലായിരുന്നു.

കൊല്ലപ്പെട്ടവരുടെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം സാവധാനം സമീപ പ്രദേശങ്ങളിലേക്ക് അവർ പലായനം ആരംഭിച്ചു. മൊസൂളിൽ തീവ്രവാദികൾ നിന്നും രക്ഷ തേടി ക്വാരഘോഷിൽ എത്തിയവർ തീവ്രവാദികളുടെ ക്രൂരതകൾ വെളിപ്പെടുത്തിയത് ക്വാരഘോഷിലെ ആളുകളെ വലിയതോതിൽ ഭയപ്പെടുത്തിയിരുന്നു. ഇർബിലിലേയ്ക്കുളള പാതയിൽ ആളുകൾ കൂടി നിന്നിരുന്നതിനാൽ അറുപതിനായിരത്തോളം വരുന്ന നഗരത്തിലെ ആളുകൾക്ക് വാഹനത്തിൽ യാത്ര ചെയ്യുക എന്നത് അപ്രാപ്യമായി മാറി. പ്രായമായവർ ഉൾപ്പെടെ വളരെ കുറച്ചുപേർ മാത്രമാണ് ശേഷം നഗരത്തിൽ അവശേഷിച്ചത്.

ഇർബിലിലേയ്ക്കുളള യാത്രക്കിടയിൽ ഉടനീളം തന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഇറ്റു വീഴുന്നുണ്ടായിരുന്നുവെന്ന് ദുഹാ സാബ പറഞ്ഞു. തന്റെ മകന്റെ ശവകുടീരം തീവ്രവാദികൾ നശിപ്പിക്കുമോയെന്നുള്ള പേടിയും അവർക്കുണ്ടായിരുന്നു. മറ്റൊരു സ്ഥലത്ത് മാറി താമസിച്ച ആ ദിവസങ്ങളും വളരെയധികം ക്ലേശം നിറഞ്ഞതായിരുന്നുവെന്ന് ദുഹാ സാബ ഓർത്തെടുത്തു.

2021 മാർച്ച് മാസം അപ്പസ്തോലിക സന്ദർശനത്തിനുവേണ്ടി ഇറാഖിൽ എത്തിയ ഫ്രാൻസിസ് മാർപാപ്പ ക്വാരഘോഷിലെ അമലോൽഭവ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ ക്രൈസ്തവിശ്വാസികളോടൊപ്പം ത്രികാല പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു. അവസാനവാക്ക് തീവ്രവാദത്തിനും, മരണത്തിനും, അല്ലെന്നതാണ് തങ്ങളുടെ ഒത്തുചേരൽ സൂചിപ്പിക്കുന്നതെന്നു ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞിരുന്നു. അവസാനവാക്ക് ദൈവത്തിനും, പാപത്തെയും, മരണത്തെയും കീഴടക്കിയ ദൈവപുത്രനും ഉള്ളതാണ്. തന്റെ കഥ ഫ്രാൻസിസ് മാർപാപ്പയുടെ മുന്നിൽ പങ്കുവെക്കാൻ ദുഹാ സാബയ്ക്ക് അവസരം ലഭിച്ചിരുന്നു.

തന്റെ കുട്ടിയുടെയും, ബന്ധുവിന്റെയും, വിവാഹത്തിനുവേണ്ടി തയ്യാറായിക്കൊണ്ടിരുന്ന അവരുടെ അയൽവക്കത്ത് ജീവിച്ചിരുന്ന ആളുടെയും കൊലപാതകങ്ങളെ പറ്റി ദുഹാ സാബ പറഞ്ഞു. ഈ മൂന്ന് മാലാഖമാരുടെ മരണം തങ്ങൾക്ക് ഒരു വ്യക്തമായ സൂചനയായിരുന്നു. ഇല്ലായിരുന്നെങ്കിൽ ആളുകൾ നഗരത്തിൽ തുടരുകയും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളിൽ പെടുകയും ചെയ്യുമായിരുന്നു. തങ്ങളുടെ പ്രത്യാശ ഉയിർപ്പിൽ ഉള്ള വിശ്വാസത്തിൽ നിന്നാണ് വരുന്നതെന്ന് അവർ പാപ്പയോട് വ്യക്തമാക്കി.

ദുഹാ സാബയുടെ ക്ഷമയുടെ വാക്കുകൾ തന്നെ ആഴത്തിൽ സ്പർശിച്ചു എന്നാണ് ഫ്രാൻസിസ് മാർപാപ്പ മറുപടിയായി പറഞ്ഞത്. ഒറ്റയ്ക്കല്ല, ആഗോള സഭ മുഴുവൻ പ്രാർത്ഥനയോടും, സ്നേഹത്തോടും കൂടി ഒപ്പം ഉണ്ടെന്ന് പാപ്പ ഉറപ്പു നൽകുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ പതന ശേഷം ഇന്നു തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും ക്വാരഘോഷിലെ ക്രൈസ്തവർ പരിമിതമാണ്. എന്നാൽ സഹനങ്ങളും പ്രതിസന്ധികളും ഒത്തിരിയേറെ ഉണ്ടെങ്കിലും ക്രിസ്തു വിശ്വാസം മുറുകെ പിടിച്ചു മുന്നോട്ടുപോകുകയാണ് ഇവിടുത്തെ പ്രാദേശിക ക്രൈസ്തവർ.


Related Articles »