News - 2024

ആഗോള തലത്തില്‍ കത്തോലിക്ക വിശ്വാസം ആഫ്രിക്കയിലേക്ക് കേന്ദ്രീകരിക്കുകയാണെന്നു നൈജീരിയന്‍ മെത്രാപ്പോലീത്ത

പ്രവാചകശബ്ദം 02-11-2023 - Thursday

യോണ്ടെ, കാമറൂണ്‍: ശക്തമായ ക്രിസ്തുവിശ്വാസവും, പരമ്പരാഗത ധാര്‍മ്മിക ബോധ്യങ്ങളും അടിസ്ഥാനമിട്ട് ആഫ്രിക്കയില്‍ ക്രിസ്തു വിശ്വാസം തഴച്ചുവളരുകയാണെന്നും ആഗോളതലത്തില്‍ കത്തോലിക്ക വിശ്വാസം ആഫ്രിക്കയിലേക്ക് പരിണമിക്കുകയാണെന്നും നൈജീരിയയിലെ അബുജ അതിരൂപത മെത്രാപ്പോലീത്ത ഇഗ്നേഷ്യസ് കൈഗാമ. വിശ്വാസ സമ്പന്നമായ ആഫ്രിക്കന്‍ സഭ, പാശ്ചാത്യ ലോകത്തെ കാണുന്നത് ‘തകര്‍ന്നുകൊണ്ടിരിക്കുന്ന സഭ’ ആയിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 4 മുതല്‍ 29 വരെ വത്തിക്കാനില്‍ നടന്ന മെത്രാന്മാരുടെ സിനഡില്‍ പങ്കെടുത്ത മെത്രാപ്പോലീത്ത, ക്രക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ആഫ്രിക്കയിലെ സഭയുടെ വളര്‍ച്ചയേക്കുറിച്ചും, പാശ്ചാത്യ സഭയുടെ തളര്‍ച്ചയേക്കുറിച്ചും വിവരിച്ചത്.

ബൈബിളിന്റെ ആധികാരികത, ലൈംഗീകത, വിവാഹം, പാപം എന്നിവയേക്കുറിച്ചുള്ള ധാരണകള്‍ കാരണം ആഫ്രിക്കന്‍ ജനതയെ പാശ്ചാത്യ ലിബറലുകള്‍ പിന്നോക്കക്കാരും, അന്ധവിശ്വാസികളുമായി കണക്കാക്കിയേക്കാമെങ്കിലും ആ ധാരണകള്‍ക്ക് ആഫ്രിക്കന്‍ സംസ്കാരങ്ങളില്‍ ശക്തമായ സ്വാധീനമുണ്ടെന്നു മെത്രാപ്പോലീത്ത പറഞ്ഞു. ലോക മിഷന്‍ ഞായര്‍ ദിനമായ ഒക്ടോബര്‍ 22-നു വത്തിക്കാന്‍ പുനഃപ്രസിദ്ധീകരിച്ച പുതിയ സ്ഥിതിവിവരകണക്കുകള്‍ പ്രകാരം കത്തോലിക്കാ സഭയുടെ വളര്‍ച്ചാകേന്ദ്രം ആഫ്രിക്കയാണ്. ആഫ്രിക്കയില്‍ കത്തോലിക്കരുടെ എണ്ണത്തില്‍ 83 ലക്ഷം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വൈദികരുടെയും, സന്യാസിനികളുടെയും എണ്ണത്തിലും ആഫ്രിക്കയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തത്തിലും ആഫ്രിക്ക ഏറെ മുന്‍പിലാണ്. ആഫ്രിക്കന്‍ ക്രൈസ്തവരുടെ പരമ്പരാഗത ബോധ്യങ്ങളും, ബൈബിളിന്റെ ആധികാരികതയിലുള്ള വിശ്വാസവും, കുടുംബം, ധാര്‍മ്മികത എന്നിവ സംബന്ധിച്ച ബോധ്യം, ശക്തമായ സാമുദായികമായ വശങ്ങള്‍, അത്ഭുത രോഗസൗഖ്യം പോലെയുള്ള പാരമ്പര്യ വിശ്വാസങ്ങള്‍ എന്നീ 5 കാര്യങ്ങളാണ് ഈ കുതിച്ചുചാട്ടത്തിന്റെ കാരണമായി മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടുന്നത്. ആഫ്രിക്കക്കാര്‍ പാശ്ചാത്യ സഭയെ തങ്ങളുടെ മാതൃസഭയായിട്ടാണ് കണക്കാക്കുന്നതെങ്കിലും, പാശ്ചാത്യ സഭയില്‍ സംഭവിച്ച തകര്‍ച്ചയെ കുറിച്ചുള്ള ബോധ്യം അവര്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »