News - 2025

പാപ്പയും ഹംഗറി പ്രസിഡന്‍റും കൂടിക്കാഴ്ച നടത്തി; ക്രിസ്തീയ മൂല്യങ്ങളെയും പീഡിത ക്രൈസ്തവരെയും കുറിച്ചും ചര്‍ച്ച

പ്രവാചകശബ്ദം 28-08-2023 - Monday

വത്തിക്കാന്‍ സിറ്റി; പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന ഹംഗറിയുടെ പ്രസിഡന്റ് കാറ്റലിൻ നോവാക്കിനെ വത്തിക്കാനില്‍ സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ. വെള്ളിയാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ കുടുംബ മൂല്യങ്ങൾ, മതസ്വാതന്ത്ര്യം, യുക്രൈന്‍ യുദ്ധം എന്നി വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തു. കുടുംബവും ക്രിസ്‌തീയ മൂല്യങ്ങളും, പീഡിത ക്രൈസ്തവര്‍ എന്നീ വിഷയങ്ങളും 45 മിനിറ്റ് കൂടിക്കാഴ്ചയിൽ പ്രമേയമായി. മൂന്ന് കുട്ടികളുടെ അമ്മയായ നാല്‍പ്പത്തിയഞ്ചുകാരിയായ നോവാക്ക് 2022 മെയ് മുതലാണ് ഹംഗറിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരുന്നത്.

രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് അവർ. കുടുംബ മൂല്യങ്ങള്‍ക്കും പ്രോലൈഫ് നിലപാടിനും ശക്തമായ പ്രാധാന്യം കൊടുക്കുന്ന രാജ്യം കൂടിയാണ് ഹംഗറി. അതിൽ മൂന്ന് കുട്ടികളുള്ള വിവാഹിതരായ ദമ്പതികൾക്ക് $33,000 സർക്കാർ ബോണസ് നല്‍കുന്നുണ്ട്. ഈ തീരുമാനം രാജ്യത്തിന്റെ ജനന നിരക്ക് വർദ്ധിപ്പിക്കാൻ സഹായമായി മാറി. പാപ്പയുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡൻറ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമായും കൂടിക്കാഴ്ച നടത്തി. ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചക്ക് ദിവസങ്ങൾക്ക് മുന്‍പ് നോവാക്ക്, യുക്രൈന്‍ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരിന്നു.


Related Articles »