News - 2025
പീഡിത ക്രൈസ്‌തവരെ ശക്തമായി പിന്തുണയ്ക്കുവാന്‍ ഹംഗറി നിയമ ഭേദഗതി പാസാക്കി
പ്രവാചകശബ്ദം 12-01-2024 - Friday
ബുഡാപെസ്റ്റ്: ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്‌തവരെ കൂടുതലായി സര്‍ക്കാര്‍ തലത്തില്‍ സഹായിക്കുവാന്‍ ഹംഗറി നിയമ ഭേദഗതി പാസാക്കി. ജനുവരി ഒന്ന് മുതൽ ഭേദഗതി വരുത്തിയ ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാമിൻ്റെ നിയമം, പീഡിത ക്രൈസ്തവരുടെ ചുമതലയുള്ള ഹംഗറി സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റന്‍ അസ്‌ബേജ് ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. മാനുഷിക സഹായം നൽകുന്നതിന് മാത്രമല്ല, ഭാവിയിൽ സാമ്പത്തിക വികസനത്തിനും സമാധാനം കെട്ടിപ്പടുക്കുന്നതിനും ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാമിന്റെ നിയമം സഹായിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാമിൻ്റെ നിയമം കൂടുതൽ ശക്തമാക്കും വിധത്തിൽ, രാജ്യത്തിന് ക്രിസ്തീയ ഐക്യദാർഢ്യം ഉറപ്പിക്കാൻ കഴിയുക മാത്രമല്ലെന്ന് പറഞ്ഞ ട്രിസ്റ്റൻ അസ്ബേജ്, ജീവനെ രക്ഷിക്കേണ്ടത് മനുഷ്യന്‍റെ കടമയാണെന്നും ചൂണ്ടിക്കാട്ടി. ക്രൈസ്തവരാണ് ഇപ്പോൾ ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം. ക്രിസ്തുവിനെ അനുഗമിച്ചതിന് പ്രതിവർഷം 5000 പേർ കൊല്ലപ്പെടുന്നു. ആക്രമണങ്ങളിൽ ഭൂരിഭാഗവും, ഏകദേശം എൺപത് ശതമാനവും നടക്കുന്നത് നൈജീരിയയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്തുമസിന് ആഫ്രിക്കയിൽ ഇസ്ളാമിക തീവ്രവാദികള്‍ ഇരുപതോളം ക്രിസ്ത്യൻ കുടിയേറ്റ പ്രദേശങ്ങളെ ആക്രമിക്കുകയും ഇരുനൂറോളം ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. കാർഷിക ഗ്രാമങ്ങൾക്ക് നേരെ ആട്ടിടയൻമാരുടെ ആക്രമണമായി ചിത്രീകരിക്കപ്പെട്ട സംഭവങ്ങളായി പാശ്ചാത്യ പത്രങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടെന്നും ആക്രമണത്തിന് പിന്നിൽ ഇസ്ലാമിസ്റ്റ് ഭീകര സംഘടനയായ അൽക്വയ്ദയുടെ പരിശീലനം ലഭിച്ച ജിഹാദി ഗോത്രങ്ങളാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിസ്സംഗത, നിശബ്ദത, എന്നിവ തകർക്കുകയും, ഇത് ക്രൈസ്തവര്‍ നേരിടുന്ന പീഡനമാണെന്ന് പറയുകയും ചെയ്യേണ്ടത് സുപ്രധാനകാര്യമാണ്. ഇസ്ലാമിക തീവ്രവാദം ഇതിനകം യൂറോപ്പിൽ ആവിർഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ സംസ്ഥാന സെക്രട്ടറി, ഇതിനുള്ള ഒരു കാരണം ഇസ്ലാമിന്റെ ക്രിസ്ത്യൻ വിരുദ്ധതയും, പടിഞ്ഞാറൻ യൂറോപ്പിൽ വ്യാപിക്കുന്ന പുരോഗമന ക്രിസ്ത്യൻ വിരുദ്ധതയുമാണെന്നും അഭിപ്രായപ്പെട്ടു. ലോകത്ത് പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ശക്തമായ വിധത്തില്‍ സഹായപദ്ധതികള്‍ വിഭാവനം ചെയ്തു നടപ്പിലാക്കിയ രാജ്യമാണ് ഹംഗറി.