News - 2024

ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരെ അനുസ്മരിച്ച് രക്തവർണ്ണവാരം നവംബര്‍ 19 മുതല്‍

പ്രവാചകശബ്ദം 13-11-2023 - Monday

മനില: ക്രിസ്തു വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെയും പീഡനമേല്‍ക്കുന്നവരെയും അനുസ്മരിച്ചു രക്തവർണ്ണവാരം നവംബര്‍ 19നു ആരംഭിക്കും. പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന #RedWeek ആചരണം നവംബർ 26 വരെ നീളും. മതസ്വാതന്ത്ര്യത്തിന്റെ അഭാവത്തിലേക്കും ക്രൈസ്തവര്‍ നേരിടുന്ന വിവിധ വെല്ലുവിളികളിലേക്കും ശ്രദ്ധ ആകർഷിക്കുകയെന്ന ലക്ഷ്യവുമായാണ് പരിപാടി. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ അനുസ്മരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിവിധ സ്മാരകങ്ങളും കെട്ടിടങ്ങളും ചുവപ്പ് നിറത്തിൽ പ്രകാശിപ്പിക്കും.

അന്താരാഷ്ട്ര തലത്തിൽ ജാഗരണ പ്രാർത്ഥനകളും, ഉപവാസ പ്രാർത്ഥനായജ്ഞങ്ങളും ഉൾപ്പെടെ നിരവധി കൂട്ടായ്മകളും അടുത്ത ആഴ്ചയില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ജർമ്മനിയിലെ പാസൗ, റീഗൻസ്ബർഗ്, ഫ്രീബർഗ്, ഡ്രെസ്ഡൻ, പാഡർബോൺ കത്തീഡ്രലുകൾ ഉൾപ്പെടെ - നൂറ് പള്ളികൾ ചുവന്ന നിറത്തില്‍ പ്രകാശിപ്പിക്കുമെന്നു അറിയിച്ചിട്ടുണ്ട്. അർമേനിയൻ ഓർത്തഡോക്‌സ് അലപ്പോ ബിഷപ്പ് (സിറിയ), ലാഹോർ (പാകിസ്ഥാൻ) ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് ഷാ എന്നിവരുടെ അനുഭവ സാക്ഷ്യങ്ങളും വിവിധയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

ഫ്രാൻസ്, ജർമ്മനി, ഓസ്ട്രിയ, ഓസ്‌ട്രേലിയ, ബെൽജിയം, ബ്രസീൽ, കാനഡ, കൊളംബിയ, അയർലൻഡ്, മെക്സിക്കോ, നെതർലൻഡ്‌സ്‌, ഫിലിപ്പീൻസ്, പോർച്ചുഗൽ, സ്ലോവാക്യ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളില്‍ പ്രത്യേകം ആചരണം നടക്കും. ദിനാചരണത്തിന്റെ ഭാഗമായി അടുത്ത ബുധനാഴ്ച (നവംബര്‍ 22) 'ചുവപ്പ് ബുധന്‍' എന്ന പേരിലാണ് കൊണ്ടാടുക. ഇതിനോടനുബന്ധിച്ച് സംഗീതവും, വീഡിയോ പ്രദര്‍ശനവും, വിശ്വാസികളുടെ സാക്ഷ്യങ്ങളും അവതരിപ്പിക്കും. ‘റെഡ് വെനസ്ഡേ’യില്‍ പങ്കെടുക്കുവാന്‍ എത്തുന്നവരോട് ചുവപ്പു നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചു വരുവാനും എ‌സി‌എന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

More Archives >>

Page 1 of 904