News - 2024

പാക്കിസ്ഥാനിൽ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം: ഇസ്ലാമാബാദ് ആര്‍ച്ച് ബിഷപ്പ് ജോസഫ് അർഷാദ്

പ്രവാചകശബ്ദം 27-11-2023 - Monday

ലാഹോര്‍: പാക്കിസ്ഥാനിൽ ആസന്നമായ പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്തുകൊണ്ട് എല്ലാ മതവിശ്വാസങ്ങളിൽപ്പെട്ട ആളുകളുടെയും ആഗ്രഹങ്ങള്‍ രാഷ്ട്രീയ നയരേഖയില്‍ ഉൾക്കൊള്ളിക്കണമെന്നു ഇസ്ലാമാബാദ് റാവല്‍പിണ്ടി ആര്‍ച്ച് ബിഷപ്പ് ജോസഫ് അർഷാദ്. നിർണായകമായ വോട്ടെടുപ്പിൽ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മത ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. പാക്കിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന പ്രക്രിയയാണ്, എല്ലാ രാഷ്ട്രീയ നേതാക്കളും പാക്കിസ്ഥാന്റെ അഭിവൃദ്ധിക്കും വികസനത്തിനും ഒരുമിച്ച് പ്രവർത്തിക്കണം. ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1947-ൽ പാക്കിസ്ഥാനു സ്വാതന്ത്ര്യം ലഭിച്ചതു മുതൽ മുസ്ലീം ഇതര പൗരന്മാർ പാക്കിസ്ഥാന്റെ വികസനത്തിലും സമൃദ്ധിയിലും സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അഭിവൃദ്ധിയിലും പ്രധാന പങ്കു വഹിച്ചിട്ടുള്ളതു ചരിത്ര സത്യമാണ്. വിവിധ ചിന്താധാരകളിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതന്മാരുമായി സുപ്രധാന കൂടിക്കാഴ്ച നടത്തിയ അദ്ദേഹം തീവ്രവാദം, വിഭാഗീയത എന്നിവയെ ഏകകണ്ഠമായി അപലപിക്കുകയും രാജ്യത്ത് സഹിഷ്ണുതയും സമാധാനവും സുസ്ഥിരതയും കൊണ്ടുവരാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ക്രൈസ്തവര്‍ അതികഠിനമായ പീഡനങ്ങള്‍ക്ക് ഇരയാകുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ മതനിന്ദ ആരോപിച്ച് പഞ്ചാബ് പ്രവിശ്യയിലെ ജാരന്‍വാലായില്‍ ക്രൈസ്തവര്‍ക്ക് നേരെ നീണ്ട ആക്രമണ പരമ്പരയാണ് അരങ്ങേറിയത്. വിവിധ ആക്രമണങ്ങളില്‍ ഇരുപതോളം ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. നൂറുകണക്കിന് ക്രിസ്ത്യൻ ഭവനങ്ങൾ നശിപ്പിക്കപ്പെട്ടു. അക്രമവും ഭീഷണിയും മൂലം സര്‍വ്വതും ഉപേക്ഷിച്ച് ആയിരക്കണക്കിന് ക്രിസ്ത്യാനികളാണ് ആഗസ്റ്റ് മാസത്തില്‍ മാത്രം പ്രദേശത്ത് നിന്നും പലായനം ചെയ്തത്.

More Archives >>

Page 1 of 910