News

ജനപ്രീതിയാര്‍ജ്ജിച്ച കത്തോലിക്ക ചാനല്‍ യുട്യൂബ് നീക്കം ചെയ്തു

പ്രവാചകശബ്ദം 23-11-2023 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: ഓണ്‍ലൈന്‍ വീഡിയോ ഷെയറിംഗ് സമൂഹമാധ്യമമായ യുട്യൂബില്‍ ജനപ്രീതിയാര്‍ജ്ജിച്ച കത്തോലിക്ക യുട്യൂബ് ചാനല്‍ നീക്കം ചെയ്തു. ‘ഹോം ഓഫ് ദി മദര്‍’ സന്യാസിനി സമൂഹം നടത്തിവരുന്ന “എച്ച്.എം ടെലിവിഷന്‍ ഇംഗ്ലീഷ്” എന്ന ചാനലാണ്‌ നവംബര്‍ 3ന് യുട്യൂബ് ചാനല്‍ നീക്കം ചെയ്തത്. “ഓള്‍ ഓര്‍ നത്തിംഗ്” എന്ന പ്രശസ്തമായ ഡോക്യുമെന്ററി ചിത്രം പുറത്തുവിട്ടത് ഈ യൂട്യൂബ് ചാനലിലൂടെയായിരിന്നു. അഭിനയ കരിയര്‍ വിട്ട് സന്യാസ ജീവിതം സ്വീകരിച്ച് ഇക്വഡോറില്‍ സേവനം ചെയ്യവേ 2016-ലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട ഐറിഷ് സ്വദേശിനിയായ സിസ്റ്റര്‍ ക്ലയര്‍ ക്രോക്കെറ്റ് എന്ന കത്തോലിക്കാ കന്യാസ്ത്രീയുടെ ജീവിതകഥയാണ് ഈ ഡോക്യുമെന്ററിയുടെ ഇതിവൃത്തം.

ദശലക്ഷകണക്കിന് പ്രേക്ഷകരുള്ള ഡോക്യുമെന്ററിക്ക് പുറമേ നൂറുകണക്കിന് വീഡിയോകളും ഈ ചാനലില്‍ ഉണ്ടായിരുന്നു. ഡോക്യുമെന്ററി നീക്കം ചെയ്തത് വളരെയേറെ ദുഃഖകരമാണെന്നും, തങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ട്‌ പോലും ചാനല്‍ നീക്കം ചെയ്തിരിക്കുയാണെന്നു സെര്‍വന്റ് സിസ്റ്റേഴ്സ് ഓഫ് ദി ഹോം ഓഫ് ദി മദര്‍ സമൂഹാംഗമായ സിസ്റ്റര്‍ ക്രിസ്റ്റെന്‍ ഗാര്‍ഡനര്‍ 'കാത്തലിക് ന്യൂസ് ഏജന്‍സി'യോട് പറഞ്ഞു. ‘ഹോം ഓഫ് ദി മദര്‍’ സമൂഹത്തിന്റെ ഇ.യു.കെ മാമി ഫൗണ്ടേഷനായിരുന്നു ചാനല്‍ നടത്തിയിരുന്നത്. ചാനല്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് യാതൊരു മുന്നറിയിപ്പും തന്നിരുന്നില്ലെന്നും സിസ്റ്റര്‍ ഗാര്‍ഡനര്‍ ആരോപിച്ചു.

അതേസമയം സ്പാം, വഞ്ചനാപരമായത്, തട്ടിപ്പ് എന്നിവ സംബന്ധിച്ച തങ്ങളുടെ നയത്തിന് നിരക്കാത്തതാണ് ഈ ചാനല്‍ എന്നായിരുന്നു യുട്യൂബിന്റെ മറുപടി. എന്നാല്‍ തങ്ങളുടെ ചാനല്‍ യുട്യൂബിന്റെ യാതൊരു നയവും ലംഘിച്ചിട്ടില്ലെന്നാണ് മാമി ഫൗണ്ടേഷന്‍ പറയുന്നത്. യൂട്യൂബ് ക്രൈസ്തവ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് ഇതാദ്യമായല്ല. കൊറോണ പകര്‍ച്ചവ്യാധിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചു എന്ന ആരോപണം ഉന്നയിച്ച് പ്രമുഖ പ്രോലൈഫ് ക്രിസ്ത്യന്‍ മാധ്യമമായ ‘ലൈഫ്‌സൈറ്റ് ന്യൂസ്’ന് യൂട്യൂബ് നേരത്തെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരിന്നു. ഔദ്യോഗിക കത്തോലിക്കാ മാധ്യമമല്ലെങ്കിലും ഗര്‍ഭഛിദ്രം, ദയാവധം അടക്കമുള്ള വിഷയങ്ങളില്‍ ക്രിസ്തീയ ധാര്‍മ്മികത ഏറ്റവും കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമമായിരിന്നു ലൈഫ്സൈറ്റ് ന്യൂസ്.

More Archives >>

Page 1 of 907