India - 2024

ക്രൈസ്‌തവരുടെ പിന്നാക്കാവസ്ഥ: സർക്കാർ ദുരൂഹത അവസാനിപ്പിക്കണമെന്ന് ലെയ്‌റ്റി കൗൺസിൽ

പ്രവാചകശബ്ദം 06-12-2023 - Wednesday

കോട്ടയം: ക്രൈസ്‌തവ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കുന്നതിനും ക്ഷേമപദ്ധതികൾ നിർദേശിക്കുന്നതിനുമായി രൂപീകരിച്ച ജെ.ബി. കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിട്ട് സർക്കാർ ദുരൂഹത അവസാനിപ്പിക്കണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്‌റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ. വിവരാവകാശ നിയമപ്രകാരം ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ആവശ്യ പ്പെട്ടപ്പോൾ സർക്കാർ റിപ്പോർട്ട് പരിശോധിച്ചുവരുന്നുവെന്ന മറുപടിയാണ് 2023 ഒക്ടോബർ ഒമ്പതിന് ലഭിച്ചത്.

തുടർന്ന് സമർപ്പിച്ച വിവരാവകാശ അപ്പീൽ അപേക്ഷയിൽ 2023 നവംബർ 23ന് ലഭിച്ച മറുപടിയിൽ റിപ്പോർട്ടിലെ നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയിരിക്കുന്നുവെന്നും സർക്കാർ പ്രഖ്യാപിക്കുന്ന മുറയ്ക്കുമാത്രമേ റിപ്പോർട്ടിൻ്റെ പകർപ്പ് ലഭ്യമാക്കുവെന്നും സൂചിപ്പിക്കുന്നു. 2023 ഒക്ടോബർ 10ന് സംസ്ഥാന ഭരണത്തിലെ വിവിധങ്ങളായ 33 വകുപ്പുകളി ലേയ്ക്ക് ജെ.ബി.കോശി കമ്മീഷൻ ശിപാർശകൾ നടപ്പാക്കുന്നത് സംബന്ധിച്ച രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കമ്മീഷൻ നിർദ്ദേശങ്ങൾ സഹിതം ഉത്തരവ് കൈമാറിയെങ്കിലും ഏഴ് ആഴ്‌ചകൾ പിന്നിട്ടിട്ടും ഒരു വകുപ്പിൽ നിന്നുപോലും മറുപടി ലഭിച്ചിട്ടില്ല.

നവംബർ ഒമ്പത്, 18 തീയതികളിൽ പ്രത്യേക ഓർമപ്പെടുത്തലുകൾ നടത്തിയി ട്ടും സർക്കാർ വകുപ്പുകൾ ബോധപൂർവം നിഷേധനിലപാടുകൾ സ്വീകരിച്ചി രിക്കുന്നത് വൻവീഴ്‌ചയും ഭരണ സ്‌തംഭനവും കെടുകാര്യസ്ഥതയുമാണ്. ഭരണ ഉദ്യോഗസ്ഥ തലങ്ങളിലെ ബോധപൂർവ്വമായ അനാസ്ഥയിലും നിഷേധ സമീപനങ്ങളിലും മുഖ്യമന്ത്രിയും വകുപ്പുമന്ത്രിമാരും അടിയന്തര ഇടപെടൽ നടത്തി പൂർണ റിപ്പോർട്ട് പുറത്തുവിടണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.