News

സീറോ മലബാര്‍ സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 13-05-2024 - Monday

കാക്കനാട്: സീറോമലബാര്‍സഭയുടെ ആരാധനക്രമ, ദൈവശാസ്ത്ര, ആധ്യാത്മിക, സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള സീറോമലബാര്‍ സഭാംഗങ്ങള്‍ സവിശേഷശ്രദ്ധ പതിപ്പിക്കണമെന്നു ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തു. അതുല്യവും അമൂല്യവുമായ ചരിത്രാനുഭവങ്ങള്‍ സ്വന്തമായുള്ള സീറോമലബാര്‍സഭയ്ക്കു ലഭിച്ചതും സഭ മുന്നോട്ടുകൊണ്ടുപോകുന്നതുമായ മഹത്തായ പൈതൃകത്തില്‍ സഭാംഗങ്ങളെ ഉറപ്പിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ പ്രസ്താവിച്ചു.

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റതിനുശേഷം വത്തിക്കാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മാര്‍ റാഫേല്‍ തട്ടില്‍പിതാവിനെയും മെത്രാന്മാരുടെ പ്രതിനിധിസംഘത്തെയും സ്വീകരിച്ചതിനുശേഷം വൈദികരും സമര്‍പ്പിതരും അല്മായരുമടങ്ങുന്ന റോമിലുള്ള സീറോമലബാര്‍സഭാഗംങ്ങളെ വത്തിക്കാന്‍ പാലസിലെ കണ്‍സിസ്റ്ററി ഹാളില്‍ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

സ്വയം ഭരണാവകാശമുള്ള ഒരു വ്യക്തിസഭ എന്നുള്ളനിലയില്‍ സീറോമലബാര്‍സഭയെ ഈ പൈതൃകസംരക്ഷണത്തില്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ മാര്‍പാപ്പ സഭ ഇന്നു നേരിടുന്ന വെല്ലുവിളികളെ ഉത്തരവാദിത്വത്തോടെയും സുവിശേഷാത്മക ധൈര്യത്തോടെയും മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെയും സിനഡിന്റെയും നേതൃത്വത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടു നേരിടുവാനും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.

ഭാരതത്തിന്‍റെ അപ്പസ്തോലനായ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തില്‍ അടിത്തറയിട്ടു രൂപപ്പെട്ട സീറോമലബാര്‍സഭ അഭിമുഖീകരിക്കേണ്ടിവന്ന വിവിധ വെല്ലുവിളികളെ അനുസ്മരിച്ച മാര്‍പാപ്പ പത്രോസിന്‍റെ സിംഹാസനത്തോട് ഈ സഭ എക്കാലവും പുലര്‍ത്തിയ വിശ്വസ്തതയെ പ്രത്യേകം എടുത്തുപറഞ്ഞു.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ വി. കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യങ്ങളെ തന്‍റെ പ്രസംഗത്തില്‍ പരാമര്‍ശിച്ച മാര്‍പാപ്പ ഈ പ്രശ്നപരിഹാരത്തിനായി നല്‍കിയ കത്തുകളെയും വീഡിയോ സന്ദേശത്തെയും കുറിച്ചു പരാമര്‍ശിച്ചു. സഭയില്‍ ഐക്യം നിലനിര്‍ത്തുകയെന്നുള്ളത് കേവലം ഒരു ഉപദേശമായി മാത്രം കണക്കാക്കാതെ, അതൊരു കടമയാണെന്നും അനുസരണം വാഗ്ദാനം ചെയ്ത വൈദികര്‍ക്ക് ആ കടമ നിറവേറ്റുന്നതില്‍ പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. പരിശുദ്ധ കുര്‍ബാനയോടുകാണിക്കുന്ന ഗുരുതരമായ അനാദരവ് കത്തോലിക്കാവിശ്വാസവുമായി ചേര്‍ന്നുപോകുന്നതല്ലായെന്നും മാര്‍പാപ്പ മുന്നറിയിപ്പു നല്കി.

സഭയില്‍ ഐക്യം നിലനിര്‍ത്താനുള്ള ദൃഢനിശ്ചയത്തോടെ ഒരുമിച്ചു പ്രവര്‍ത്തിക്കാനും പ്രാര്‍ത്ഥിക്കാനും ആഹ്വാനം നല്കിയ മാര്‍പാപ്പ പ്രതിസന്ധിഘട്ടങ്ങളില്‍ നഷ്ടധൈര്യരും നിസഹായരുമാകാതെ പ്രത്യാശയില്‍ മുന്നേറാന്‍ ആവശ്യപ്പെട്ടു. കുടുംബങ്ങളുടെ രൂപീകരണത്തിലും വിശ്വാസപരിശീലനത്തിലും സീറോമലബാര്‍സഭ പുലര്‍ത്തുന്ന പ്രതിബദ്ധതയ്ക്കു നന്ദിപറഞ്ഞ മാര്‍പാപ്പ സഭയിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്കും യുവജനങ്ങളെയും ദൈവവിളിപ്രോത്സാഹനത്തെയും മുന്‍നിറുത്തിയുള്ള എല്ലാ അജപാലനപ്രവര്‍ത്തനങ്ങളെയും താന്‍ പിന്‍തുണയ്ക്കുന്നതായും അറിയിച്ചു.

മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് മെയ് 13 തിങ്കളാഴ്ച ഇറ്റാലിയന്‍ സമയം രാവിലെ 7.45-ന് തന്‍റെ ഓഫീസില്‍ സ്വീകരിച്ചു. പെര്‍മനന്‍റ് സിനഡ് അംഗങ്ങളായ ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററും സഭയുടെ പ്രൊക്യൂറേറ്ററുമായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരും പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കൂടിക്കാഴ്ചയുടെ ആമുഖമായി മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് മേജര്‍ ആര്‍ച്ചുബിഷപ്പായി തന്നെ തിരഞ്ഞെടുത്ത സിനഡിന്‍റെ തീരുമാനത്തിനു അംഗീകാരം നല്‍കിയ മാര്‍പാപ്പയ്ക്ക് നന്ദി അറിയിച്ചു. സീറോമലബാര്‍ സഭയുടെ വളര്‍ച്ചയ്ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ കൈക്കൊണ്ട തീരുമാനങ്ങള്‍ എടുത്തുപറഞ്ഞ് സഭയ്ക്കുവേണ്ടി മേജര്‍ ആര്‍ച്ചുബിഷപ്പ് നന്ദി പറഞ്ഞു. വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മാര്‍പാപ്പ നടത്തിയ ഇടപെടലുകള്‍ക്കും മേജര്‍ ആര്‍ച്ചുബിഷപ്പ് കൃതജ്ഞത പ്രകാശിപ്പിച്ചു.

ഭാരതംമുഴുവനിലും സീറോമലബാര്‍ സഭയ്ക്കു അജപാലന അധികാരം നല്കിയ പരിശുദ്ധ പിതാവിനു നന്ദിപറഞ്ഞ മേജര്‍ ആര്‍ച്ചുബിഷപ്പ് സഭയുടെ അംഗങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ പ്രത്യേകിച്ച്, ഗള്‍ഫ് രാജ്യങ്ങളില്‍ തനതായ അജപാലന സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥനയും മാര്‍പാപ്പയുടെ മുമ്പില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് സീറോമലബാര്‍ സഭയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ മേജര്‍ ആര്‍ച്ചുബിഷപ്പും മെത്രാന്‍സംഘവും മാര്‍പാപ്പയുമായി ആശയവിനിമയം നടത്തുകയുണ്ടായി.

മേജര്‍ ആര്‍ച്ച്ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി വത്തിക്കാന്‍ സന്ദര്‍ശത്തിനെത്തിയ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ മെയ് ആറാം തീയതി പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്‍റെ തലവന്‍ കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തി റോമിലെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ മേജര്‍ ആര്‍ച്ചുബിഷപ്പും മെത്രാന്‍ പ്രതിനിധി സംഘവും വത്തിക്കാനിലെ വിവിധ കാര്യാലയങ്ങള്‍ സന്ദര്‍ശിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനു മെയ് 15-നു ഔദ്യോഗിക സ്വീകരണം നല്കും. മെയ് 19 ഞായറാഴ്ച റോമിലെ സാന്താ അനസ്താസിയ ബെസിലിക്കയില്‍ നടക്കുന്ന ആഘോഷമായ പരിശുദ്ധ കുര്‍ബനയോടെ ഔദ്യോഗിക സന്ദര്‍ശന പരിപാടികള്‍ സമാപിക്കും.


Related Articles »