News

2025 ജൂബിലി വര്‍ഷാഘോഷം: വാഷിംഗ്ടണിലെ ബസിലിക്കയുടെ വിശുദ്ധ വാതിലുകള്‍ അടച്ച് മുദ്രവെച്ചു

പ്രവാചകശബ്ദം 07-12-2023 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: 2025-ലെ ജൂബിലി വര്‍ഷാഘോഷത്തിന്റെ തയാറെടുപ്പുകളുടെ ഭാഗമായി അമേരിക്കയിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായ വാഷിംഗ്ടണിലെ നാഷണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ബസിലിക്കയുടെ രണ്ട് പടുകൂറ്റന്‍ വാതിലുകള്‍ അടച്ച് മുദ്രവെച്ചു. അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായ മെത്രാപ്പോലീത്ത തിമോത്തി ബ്രോഗ്ലിയോയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ''തീര്‍ത്ഥാടകര്‍ക്കുള്ള വിശുദ്ധ വാതില്‍'' എന്ന നിലയില്‍ അടുത്ത വര്‍ഷം ക്രിസ്തുമസ് തലേന്നാണ് ഈ വാതിലുകള്‍ തുറക്കുക. പ്രത്യാശയുടെ ദൈവശാസ്ത്രപരമായ നന്മയില്‍ കേന്ദ്രീകരിച്ചുകൊണ്ട് 2025-ല്‍ ആഘോഷിക്കുവാനിരിക്കുന്ന ജൂബിലി വര്‍ഷാഘോഷത്തിന്റെ മുന്നോടിയായി ആഗമനകാലത്തിന്റെ ആദ്യ ഞായറാഴ്ചയാണ് വിശുദ്ധ വാതിലുകള്‍ അടച്ചു മുദ്രചെയ്തത്.

വിശുദ്ധ വാതിലുകളിലൂടെ കടന്നുപോകുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക കൃപകള്‍ ലഭിക്കുന്നതിനായി ജൂബിലി വര്‍ഷങ്ങള്‍ക്ക് മുന്നോടിയായി വിശുദ്ധ വാതിലുകള്‍ അടച്ചു മുദ്രവെക്കുന്നത് കത്തോലിക്കാ പാരമ്പര്യമാണ്. സമ്പൂര്‍ണ്ണ ദണ്ഡവിമോചനത്തിനുള്ള പൊതു വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍ വിശുദ്ധ വാതിലിലൂടെ ദേവാലയത്തില്‍ പ്രവേശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് സമ്പൂര്‍ണ്ണ ദണ്ഡവിമോചനവും ലഭിക്കും. ജൂബിലി വര്‍ഷാഘോഷത്തിനായുള്ള വിശുദ്ധ വാതിലുകള്‍ക്കായി ബസിലിക്കയെ തെരഞ്ഞെടുത്തത് ഫ്രാന്‍സിസ് പാപ്പയാണ്. 2000 ത്തിലേയും, 2016 ലേയും ജൂബിലി വര്‍ഷാഘോഷങ്ങളിലും ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ബസിലിക്കക്ക് ഈ പദവി ലഭിച്ചിരുന്നു. 2025 പ്രത്യാശയുടെ വര്‍ഷമായി തീരുവാന്‍ വിശുദ്ധവര്‍ഷാചരണത്തിന് വേണ്ടിയുള്ള നീണ്ട കാലപദ്ധതി ഒരുക്കുകയാണെന്ന് വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ്പ് ബ്രോഗ്ലിയോ പറഞ്ഞു.

ദൈവസഹായത്താല്‍ ലോകത്തെ നവീകരിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷ ക്രിസ്ത്യാനികള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ പുനരുജ്ജീവിപ്പിക്കേണ്ട സമയമാണ് ആഗമനകാലമെന്ന അന്തരിച്ച മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ 2005-ല്‍ പറഞ്ഞിട്ടുള്ളതും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. ജീവിതത്തിന്റെ പൂര്‍ണ്ണതയിലേക്കുള്ള യാത്രയിലാണ് നമ്മള്‍. പ്രത്യാശയുടെ സന്ദേശം ലോകത്തിലേക്ക് കൊണ്ടുവരുവാനാണ് നമ്മള്‍ ചുമതലപ്പെട്ടിരിക്കുന്നത്. യുക്രൈനിലും വിശുദ്ധ നാട്ടിലും യുദ്ധം നടക്കുകയാണ്. ഇതിന്റെ അവസാനമാണ് നിഷ്കളങ്കരായ ആളുകള്‍ ആഗ്രഹിക്കുന്നത്. നമ്മള്‍ സിറിയയേക്കൂടി ഓര്‍മ്മിക്കണം. ഹെയ്തിയിലെ ജനങ്ങള്‍ക്കും നമ്മള്‍ പ്രത്യാശ പകരണം”- മെത്രാപ്പോലീത്ത വിവരിച്ചു. 2024 ഡിസംബര്‍ 24-ന് ആരംഭിക്കുന്ന ജൂബിലി വര്‍ഷം 2026 ജനുവരി 6-നാണ് അവസാനിക്കുക.


Related Articles »