News

ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്: സിനിമ റിവ്യൂ

ഫാ. വിപിൻ വില്ല്യം 17-11-2023 - Friday

മധ്യപ്രദേശിലെ പീഡിത ജനതയ്ക്കായി ജീവിതം ബലിയാക്കിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്വലമായ ജീവിതം പ്രമേയമാക്കി ഒരുക്കിയ സിനിമയാണ് ''ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്''. സമൂഹത്തിൽ മുഖമില്ലാതായിപോയ ഒരു ജനതയുടെ മുഖമായി മാറിയ സിസ്റ്റർ റാണി മരിയയുടെ സഹായത്തിന്റെ, പരിത്യാഗത്തിന്റെ, സാക്ഷിത്വത്തിന്റെ, അവസാനം അനർവചനീയമായ ക്ഷമയുടെ കഥ. അക്ഷരക്കൂട്ടുകളിലും വാമൊഴികളിലും വഴി സിസ്റ്റർ. റാണി മരിയയെക്കുറിച്ച് അറിഞ്ഞതിലും അധികമായി സംഘർഷഭരിതവും സംഭവബഹുലവും ഒപ്പം അഹിംസയുടേയും സമാധാനത്തിന്റെയും മാർഗ്ഗത്തിലൂന്നിയതുമായ അറിയാക്കഥകളെക്കൂടി അനാവരണം ചെയ്തുകൊണ്ടാണ് ''ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്'' എന്ന ഈ ചലച്ചിത്രം തെളിയുന്നത്.

സന്യാസത്തെയും പൗരാഹിത്യത്തെയും അങ്ങേയറ്റം ആക്ഷേപിക്കുന്നതിൽ ഇന്നത്തെ സിനിമാലോകം മത്സരിക്കുമ്പോൾ എന്താണ് സന്യാസമെന്ന് ഒരു നേർകാഴ്ച്ചപോലെ ദൃശ്യാവിഷ്കാരം നടത്തുകയാണ് ഈ സിനിമ. എന്തിനാണ് നിങ്ങളെപ്പോലെയുള്ള സന്യാസിനികൾ ആരാരുമില്ലാത്ത ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ ജീവിക്കുന്നത് എന്ന സിനിമയിലെ ഒരു കഥാപാത്രത്തിന്റെ ചോദ്യത്തിന് സിസ്റ്റർ റാണി മരിയ പറയുന്ന ഉത്തരം വളരെ ശ്രദ്ധേയമാണ്, ''നീ ആ സൂര്യനെ നോക്കിയേ... സൂര്യൻ എന്തിനാണ് നമുക്ക് പ്രകാശം തരുന്നതെന്ന് ആരെങ്കിലും ചോദിച്ചിക്കാറുണ്ടോ?'' മറ്റുള്ളവർക്ക് വേണ്ടി ജീവിതം വിട്ടുകൊടുക്കുന്നതിൽ അർത്ഥമുണ്ടെന്ന് തെളീക്കുന്നതാണ് സന്യാസത്തിന്റെ യഥാർത്ഥ സൗന്ദര്യമെന്ന് സിസ്റ്റർ റാണി മരിയ ഈ ലോകത്തിനു കാണിച്ചുകൊടുക്കുകയാണ്.

സുവിശേഷത്തിലൂടെ കടന്നുപോകുമ്പോൾ കുരിശിലെ ക്രിസ്തുവിന്റെ മരണമല്ല സുവിശേഷത്തിന്റെ ക്ലൈമാക്സ്. മറിച്ച് അവൻ പറയുന്നുണ്ട് അവർ ചെയ്യുന്നത് എന്താണെന്ന് അവർ അറിയുന്നില്ല അവരോട് ക്ഷമിക്കണമേയെന്ന്. ഇത് പറഞ്ഞപ്പോൾ യേശുവിന്റെ മഹത്വം വളർന്നത് കുരിശിനപ്പുറത്തേക്കാണ്. സിനിമയിലും സിസ്റ്റർ റാണി മരിയ കുത്തേറ്റ് മരിക്കുന്നതല്ല ക്ലൈമാക്സ് രംഗം. മറിച്ച് സിസ്റ്റർ റാണി മരിയയുടെ അമ്മ 'എന്റെ മകളുടെ രക്തം വീണ കൈ ഞാനൊന്ന് ചുംബിച്ചോട്ടെ' എന്ന് പറഞ്ഞുകൊണ്ട് സിസ്റ്ററുടെ കൊലയാളിയായ സമന്ദർ സിംഗിനെ സ്വന്തം മകനായി സ്വീകരിക്കുന്നതാണ്. ഇവിടെ സുവിശേഷത്തെ ഇതിനെക്കാളും അർത്ഥപൂർണ്ണമായി ദൃശ്യവിൽക്കരിക്കുന്നത് അസാധ്യമാണ്.

ഒരു സന്യാസിനിയുടെ ജീവചരിത്രം ഇതുപോലെ സിനിമയായി കേരളത്തിലെ ബിഗ് സ്ക്രീനുകളിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ഈ അപൂർവ്വമായൊരു ചരിത്ര നിമിഷത്തിൽ സിനിമയുടെ സംവിധായാകൻ പ്രൊഫ. ഡോ. ഷെയ്സൻ ഔസേപ്പിനെയും ട്രൈലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സിനിമ നിർമ്മിച്ച സാന്ദ്ര ഡിസൂസ്സയെയും ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയ അൽഫോൻസ് ജോസഫിനേയും ക്യാമറാമാൻ മഹേഷ് ആനെയേയും ബേബിച്ചൻ എർത്തയിലിന്റെ പുസ്തകങ്ങൾ പ്രചോദനമായി ഈ ചിത്രത്തിന് തിരക്കഥ സംഭാഷണം രചിച്ചിച്ച ജയ്പാൽ ആനന്ദിനേയും ഓരോ കഥാപാത്രങ്ങൾക്കും ജീവൻ പകർന്ന ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 150 ൽ പരം പ്രശസ്തരായ കലാകാരന്മാർക്കും ഒത്തിരി നന്ദി.

ജീവിതത്തിൽ എന്നെങ്കിലും ക്രൈസ്തവ സന്യസ്തരുടെ നന്മകൾ സ്വീകരിച്ചുവരും ക്രൈസ്തവ സന്യസ്തരുടെ നന്മ ആഗ്രഹിക്കുകയും അവരെ സ്നേഹിക്കുകയും ചെയ്യുന്ന കേരളത്തിലെ ഓരോ വ്യക്തികളോടും: ഈ സിനിമ നിങ്ങൾ കാണാതെ പോകരുത്. കുടുംബസമേതം എല്ലാവരും ഈ സിനിമ കണ്ട് ക്രൈസ്തവ സന്യസ്തരെ പ്രോത്സാഹിപ്പിക്കണം. കാരണം ദൈവ സ്നേഹത്തേയും സഹോദര സ്നേഹത്തേയും പ്രതി സ്വന്തം ഭവനത്തെയും മാതാപിതാക്കളെയും ഉറ്റവരെയും സ്വദേശത്തെയും ഒക്കെ ഉപേക്ഷിച്ച് ലോകത്തിന്റെ ഏതെങ്കിലും ഒരു കുഗ്രാമത്തിൽ മറ്റുള്ളവർക്കായി ജീവിതം മാറ്റി വച്ചിരിക്കുന്ന ജീവിതമാണ് സന്യാസ ജീവിതം.

ഈ സിനിമക്ക് ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിലെ നായിക വിൻസി അലോഷ്യസിന് മികച്ച നടിക്കും സംവിധായകൻ ഷൈസൺ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാർഡുകളും, പാരീസ് സിനി ഫിയസ്റ്റയിൽ "ബെസ്റ്റ് വുമൻസ് ഫിലിം "പുരസ്കാരവും കാനഡയിലെ torrento ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ "ബെസ്റ്റ് ഹ്യൂമൻ റൈറ്സ് ഫിലിം" പുരസ്കാരവും നേടിയത് ഉൾപ്പെടെ മുപ്പതിലധികം രാജ്യാന്തര പുരസ്കാരങ്ങളാണ് സിനിമ കരസ്ഥമാക്കിയത്.


Related Articles »