India - 2024

"ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്'' അതുല്യമായ ചലച്ചിത്രം: കർദ്ദിനാൾ മാർ ആലഞ്ചേരി

പ്രവാചകശബ്ദം 11-11-2023 - Saturday

കാക്കനാട്: ഉത്തരേന്ത്യയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട സി. റാണി മരിയയുടെ ജീവിതവും സാമൂഹ്യക്ഷേമപ്രവർത്തനങ്ങളും രക്തസാക്ഷിത്വവും ഇതിവൃത്തമാക്കിയ "ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്'' എന്ന സിനിമ അതുല്യമായ ചലച്ചിത്രമാണെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്ന പൊതുസമ്മേളനത്തിൽ ഈ സിനിമയുടെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. "ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്'' എന്ന സിനിമയുടെ പ്രചാരം സാമൂഹ്യതിന്മകൾക്കെതിരെയുള്ള ഒരു പോരാട്ടമാണെന്നും ക്രിസ്തുനാഥന്റെ ത്യാഗ സന്ദേശം ലോകമെമ്പാടും എത്തിക്കാൻ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുപ്പത്തിയാറോളം വരുന്ന സിനിമാപ്രവർത്തകർക്ക് പ്രശംസാഫലകങ്ങൾ സമ്മാനിച്ചു. ചാലക്കുടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിലെ 30 വിദ്യാർത്ഥിനികൾ അവതരിപ്പിച്ച പ്രാർത്ഥനാനൃത്തത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ചലച്ചിത്രതാരം സിജോയ് വർഗീസ് സിനിമാ ആസ്വാദനം നടത്തി സംസാരിച്ചു. ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തിൽ മികവുറ്റതും കലാമൂല്യവുമുള്ള സിനിമയാണ് The Face of the Faceless എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

16 സംസ്ഥാനങ്ങളിൽ നിന്നുള്ള 150ൽ പരം പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഈ ബോളിവുഡ് ചിത്രം ഇതിനോടകം മുപ്പതോളം ഇൻറർനാഷണൽ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. മലയാളഭാഷയിലും അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രം നവംബർ 17ന് തിയറ്ററുകളിൽ പ്രദർശനമാരംഭിക്കുമെന്ന് സെൻട്രൽ പിക്ചേഴ്സ് സംഘാടകർ അറിയിച്ചു. കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, പി.ആർ.ഒ.യും മീഡിയാ കമ്മീഷൻ സെക്രട്ടറിയുമായ ഫാ. ഡോ. ആന്റണി വടക്കേകര വി.സി., സി. റാണി മരിയയുടെ കഥാപാത്രത്തെ അനശ്വരമാക്കിയ വിൻസി അലോഷ്യസ്, സംവിധായകൻ ഷെയ്‌സൺ പി. ഔസേപ്പ്, നിർമ്മാതാവ് സാന്ദ്ര ഡിസൂസ റാണ, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും എഡിറ്ററുമായ രഞ്ജൻ എബ്രഹാം എന്നിവർ പ്രസംഗിച്ചു.


Related Articles »