India - 2024
കോട്ടയം അതിരൂപത വികാരിയാത്ത് ശതാബ്ദി ആഘോഷിച്ചു
പ്രവാചകശബ്ദം 22-12-2023 - Friday
കോട്ടയം: കോട്ടയം വികാരിയാത്തിനെ രൂപതയായി ഉയർത്തിയതിന്റെ ശതാബ്ദി കോട്ടയം അതിരൂപതയിൽ ആചരിച്ചു. ക്രിസ്തുരാജാ ക്‌നാനായ കത്തോലിക്കാ കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് കൃതജ്ഞതാബലിയർപ്പിച്ച് സന്ദേശം നൽകി. 1923 ഡിസംബർ 21-നാണ് രൂപതയായി പരിശുദ്ധ സിംഹാസനം ഉയർത്തിയത്. ക്നാനായ സമുദായത്തിനു സഭാപരമായ അംഗീകാരം നൽകിയതു തുടങ്ങി വിവിധ കാലങ്ങളിൽ രൂപതയുടെ വളർച്ചയ്ക്കു നൽകി വരുന്ന നിരന്തരമായ സഹായങ്ങളെ മാർ മൂലക്കാട്ട് നന്ദിയോടെ അനുസ്‌മരിച്ചു.
രൂപതയുടെ ആരംഭത്തിനും വളർച്ചയ്ക്കും വഴിയൊരുക്കിയ എല്ലാ പിതാക്കന്മാരെയും വൈദികരെയും സമർപ്പിതരെയും അൽമായ നേതാക്കളെയും നന്ദിയോടെ ഓർക്കുവാനും വിശ്വാസവും പൈതൃകവും നഷ്ടപ്പെടുത്താതെ അതിരൂപതയുടെ തുടർ വളർച്ചയ്ക്കായി കൂട്ടായി പ്രവർത്തിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്തു.
അൾജീരിയ, ടുണീഷ്യ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ, സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം, പൂന-കട്‌കി ഭദ്രാസനത്തിന്റെ നിയുക്ത മെത്രാൻ മാർ മത്തായി കടവിൽ, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വൈദിക പ്രതിനിധികൾ എന്നിവർ സഹകാർമികരായി. സമ്മേളനം മാർ കുര്യൻ വയലുങ്കൽ ഉദ്ഘാടനം ചെയ്‌തു. അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും ശതാബ്ദിയോടനുബന്ധിച്ച് കൃതജ്ഞതാബലിയും പ്രാർത്ഥനയും നടത്തപ്പെട്ടു.