India - 2024
ബെഥനി സന്യാസിനീ സമൂഹം ശതാബ്ദി നിറവിലേക്ക്
പ്രവാചകശബ്ദം 16-01-2024 - Tuesday
കോട്ടയം: പുണ്യശ്ലോകന്‍ ദൈവദാസൻ മാർ ഈവാനിയോസ് പിതാവിനാൽ സ്ഥാപിതമായ ബെഥനി സന്യാസിനീ സമൂഹം ശതാബ്ദി നിറവിലേക്ക് പ്രവേശിച്ചു. ശതാബ്ദിയുടെ ഭാഗമായി സമൂഹത്തിൻ്റെ ആസ്ഥാനമന്ദിരമായ ജനറലേറ്റി നോട് ചേർന്ന് നിർമിച്ച സെന്ററിനറി സ്‌മാരകത്തിൻ്റെ ഉദ്ഘാടനം മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിച്ചു.ചടങ്ങിൽ സുപ്പീരിയർ ജനറൽ മദർ ആർദ്ര അധ്യക്ഷത വഹിച്ചു. ബെഥനി ആശ്രമം സുപ്പീരിയർ ജനറൽ ഫാ. ഗീവർഗീസ് കുറ്റിയിൽ, മുൻ മന്ത്രി കെ.സി. ജോസഫ്, വിജയപുരം പഞ്ചായത്ത് മെംബർ സിസി ബോബി, കളത്തിപ്പടി മൈത്രി അസോസിയേഷൻ പ്രസിഡൻ്റ് റോയി ജോൺ ഇടയത്തറ, വൈദികർ, ബഥനി സന്യാസിനീ സമൂഹം മദർ പ്രൊവിൻഷ്യൽസ്, സിസ്റ്റേഴ്‌സ് എന്നിവർ സന്നിഹിതരായിരുന്നു.
കോൺഗ്രിഗേഷൻ ഓഫ് ദി ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്, (എസ്‌ഐസി) അഥവാ ബെഥനി സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന സന്യാസ സമൂഹം മലങ്കര സഭയിലെ ആദ്യത്തെ വനിത സന്യാസ സമൂഹമാണ്. ദൈവദാസൻ മാർ ഈവാനിയോസ് 1925 സെപ്റ്റംബർ 8 ന് തിരുവല്ലയിലെ തിരുമൂലപുരത്താണ് കോണ്‍ഗ്രിഗേഷന്‍ സ്ഥാപിച്ചത്. മലങ്കര സഭയുടെ ആത്മീയ നവീകരണം സഭയിലെ സമർപ്പിതരായ സ്ത്രീപുരുഷന്മാരിലൂടെ മാത്രമേ സാധ്യമാകൂ എന്ന് മാർ ഇവാനിയോസ് വിശ്വസിച്ചിരിന്നു.
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട മാർ ഈവാനിയോസ് സഭയെ ആത്മീയ ശക്തിയുടെയും നവീകരണത്തിന്റെയും ഉറവിടമായി സ്ഥാപിച്ചു. മാർ ഈവാനിയോസിന്റെ കത്തോലിക്കാ സഭയുമായുള്ള ചരിത്രപരമായ പുനരൈക്യം 1930 സെപ്തംബർ 20-നായിരുന്നു. സ്ഥാപകന്റെ പാതയോടൊപ്പം, സഭയിലെ ആദ്യത്തെ പത്ത് അംഗങ്ങളും 1930 സെപ്റ്റംബർ 22-ന് കത്തോലിക്കാ സഭയുമായി വീണ്ടും ഐക്യത്തിലായി. തിരുവനന്തപുരം, തിരുവല്ല, ബത്തേരി, പത്തനംതിട്ട, മൂവാറ്റുപുഴ എന്നിങ്ങനെ അഞ്ച് പ്രവിശ്യകളിലായി 804 സന്യാസിനികളാണ് സമൂഹത്തിലുള്ളത്. ഇന്ത്യയ്ക്കു പുറമെ ജർമ്മനി, അമേരിക്ക, ഇറ്റലി, സ്വിറ്റ്‌സർലൻഡ്, എത്യോപ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ബെഥനി സിസ്റ്റേഴ്സ് സജീവമാണ്.