News - 2024

സ്ഥാന ത്യാഗത്തെ കുറിച്ച് ചിന്തിയ്ക്കുന്നില്ല: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 17-01-2024 - Wednesday

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാന ത്യാഗം ചെയ്യുമെന്ന പ്രചരണത്തിനിടെ വിഷയത്തില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് പാപ്പ. നിലവില്‍ സ്ഥാന ത്യാഗത്തെ കുറിച്ച് ചിന്തയില്ലായെന്ന് ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി. ജനുവരി 14 ഞായറാഴ്ച സംപ്രേഷണം ചെയ്ത ഇറ്റാലിയൻ ടിവി പ്രോഗ്രാമായ “Che tempo che fa” എന്ന പരിപാടിയിലെ അഭിമുഖത്തിലാണ് ഫ്രാൻസിസ് പാപ്പ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചത്.

ഇതില്‍ രാജിയെ കുറിച്ചും പ്രത്യേകം പരാമര്‍ശിക്കുകയായിരിന്നു. രാജി സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങളോടു പ്രതികരിച്ച ഫ്രാൻസിസ് പാപ്പ അത് ഇപ്പോഴത്തെ തന്റെ ചിന്തയോ ആശങ്കയോ ആഗ്രഹമോ അല്ലെന്ന് വ്യക്തമാക്കി. ഏതൊരു പാപ്പയ്ക്കും രാജി ഒരു സാധ്യതയുണ്ടെന്നും എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം അത് തന്റെ ചിന്തകളുടെയോ ആശങ്കകളുടെയോ വികാരങ്ങളുടെയോ കേന്ദ്രമല്ലെന്നും വ്യക്തമാക്കി.

അഭിമുഖത്തില്‍ വരാനിരിക്കുന്ന രണ്ട് അപ്പസ്തോലിക യാത്രകളെ കുറിച്ച് ഫ്രാൻസിസ് പാപ്പ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. രാജ്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പോളിനേഷ്യന്‍ രാജ്യങ്ങള്‍ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി അഭിമുഖത്തിൽ പാപ്പ പറഞ്ഞു. കൂടാതെ, വർഷാവസാനത്തോടെ തന്റെ ജന്മനാടായ അർജന്റീന സന്ദർശിക്കാനുള്ള ആഗ്രഹവും പാപ്പ പ്രകടിപ്പിച്ചു. വർഷത്തിന്റെ രണ്ടാം പകുതിയിൽ ഒരു യാത്ര നടത്താനുള്ള സാധ്യതയുണ്ടെന്നുള്ള സൂചനയും പാപ്പ നൽകി. പാപ്പയെ ജന്മനാട്ടിലേക്കു ക്ഷണിച്ച് അർജന്റീനയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജാവിയർ മിലി കത്തയച്ചിരിന്നു.


Related Articles »