Videos

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ | നോമ്പുകാല ചിന്തകൾ | ഇരുപത്തിരണ്ടാം ദിവസം

പ്രവാചകശബ്ദം 04-03-2024 - Monday

നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ (മത്തായി 6: 9).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഇരുപത്തിരണ്ടാം ദിവസം ‍

മിശിഹായുടെ മനുഷ്യാവതാരത്തിലൂടെ ദൈവത്തെ പിതാവേ എന്ന് വിളിക്കുവാനുള്ള മഹത്തായ ഭാഗ്യം നമ്മുക്ക് ലഭിച്ചു. പഴയ നിയമത്തിൽ ദൈവത്തിന്റെ നാമം ഉച്ചരിക്കുവാൻ പോലും മനുഷ്യൻ ഭയപ്പെട്ടിരുന്നു. എന്നാൽ ദൈവപുത്രനായ യേശുക്രിസ്തുവിലൂടെ ദൈവത്തെ പിതാവേ എന്ന് വിളിക്കുവാൻ നമ്മുക്കു സാധിക്കുന്നു. ഈശോ ശിഷ്യന്മാരെ പഠിപ്പിച്ച വിശിഷ്ടമായ പ്രാത്ഥനയിൽ അവിടുന്ന് "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന് വിളിച്ചുകൊണ്ട് ദൈവത്തെ അഭിസംബോധന ചെയ്യുവാൻ ശിഷ്യന്മാരെ പഠിപ്പിച്ചു. എത്രവലിയ ഭാഗ്യമാണ് നമ്മുക്ക് ലഭിച്ചിരിക്കുന്നത്.

ഇതേക്കുറിച്ച് സഭാപിതാവായ അലക്‌സാൻഡ്രിയായിലെ വിശുദ്ധ സിറിൽ ഇപ്രകാരം പറയുന്നു:

അവിടുന്നു തന്റെ മഹിമ നമുക്കു തരുന്നു. അടിമകളെ അവിടുന്നു സ്വാതന്ത്യത്തിന്റെ മഹത്വത്തിലേക്ക് ഉയർത്തുന്നു. പ്രകൃതിയുടെ ശക്തിയെ അതിലംഘിക്കുന്ന മാഹാത്മ്യം നല്കി മനുഷ്യാവസ്ഥയെ അവിടുന്നു കിരീടമണിയിക്കുന്നു. പ്രകൃത്യാ നമുക്കില്ലാത്ത അവിടുത്തെ കൃപ നൽകിക്കൊണ്ട് അടിമത്തത്തിന്റെ നുകത്തിൽ നിന്നും അവിടുന്നു നമ്മെ മോചിപ്പിക്കുന്നു; പുത്രന്മാരുടെ സ്ഥാനത്തേക്ക് നമ്മെ സ്വീകരിച്ചു കൊണ്ടു ദൈവത്തെ 'പിതാവേ' എന്നു വിളിക്കാൻ അവിടുന്ന് നമ്മെ അനുവദിക്കുകയും ചെയ്യുന്നു. അതിനാൽ, ആത്മ വിശ്വാസത്തോടെ നമ്മുടെ പ്രാർത്ഥനകളിൽ 'ഞങ്ങളുടെ പിതാവേ' എന്നു വിളിക്കാൻ അവിടുന്നു നമ്മോടു കല്പിക്കുന്നു.

ഭൂമിയുടെ മക്കളും അടിമകളും പ്രകൃതി നിയമപ്രകാരം നമ്മെ സൃഷ്ട്ടിച്ചവനോടു വിധേയപ്പെട്ടിരിക്കുന്നവരുമായ നമ്മൾ, സ്വർഗത്തിൽ വസിക്കുന്നവനെ "പിതാവേ" എന്നു വിളിക്കുന്നു. ഇപ്രകാരം പ്രാത്ഥിക്കുന്നവരെ ഇക്കാര്യം കൂടി മനസ്സിലാക്കാൻ അവിടുന്നു പ്രാപ്തരാക്കുന്നു. ദൈവത്തെ 'പിതാവേ' എന്നു വിളിക്കാനുള്ള ഇത്ര വിശിഷ്ടമായ ഒരു ബഹുമതിക്ക് നമ്മൾ അർഹരാകുന്നതിനാൽ, വിശുദ്ധവും കറയറ്റതുമായ ജീവിതം നമ്മൾ നയിക്കണം. നമ്മുടെ പിതാവിന് പ്രസാദകരമാംവിധം നമ്മൾ പെരുമാറണം; നമ്മുടെ മേൽ ചൊരിയപ്പെട്ട ഈ സ്വാതന്ത്ര്യത്തിന് നിരക്കാത്ത ഒന്നും ചിന്തിക്കുകയോ പറയുകയോ ചെയ്യരുത്.

സകലത്തിന്റെയും രക്ഷകനായവൻ, ദൈവത്തെ പിതാവേ' എന്നു വിളിക്കുവാൻ നമ്മെ അനുവദിക്കുന്നു. നമ്മൾ ദൈവപുത്രരാണെന്നു മനസ്സിലാക്കിക്കൊണ്ടു നമ്മെ മഹത്വമണിയിച്ച അവിടുത്തേക്ക് അനുയോജ്യമാംവിധം പെരുമാ റാൻ വേണ്ടിയാണിത്. അപ്പോൾ മിശിഹായിലൂടെ നമ്മൾ സമർപ്പിക്കുന്ന യാചനകൾ ദൈവം കൈക്കൊള്ളും (Commentary on Luke, Homily 71).

പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മെ ദൈവമക്കളുടെ സ്ഥാനത്തേക്ക് ദൈവം ഉയർത്തിയെങ്കിൽ ദൈവമക്കളെ പോലെ ജീവിക്കുവാൻ നമ്മുക്ക് കടമയുണ്ട്. അതിനാൽ ഇന്ന് നമ്മുക്ക് ഒരു തീരുമാനമെടുക്കാം. പാപത്തെയും പാപസാഹചര്യങ്ങളെയും ഉപേക്ഷിച്ചുകൊണ്ടും, നമ്മുടെ സഹോദരങ്ങളെ സ്നേഹിച്ചുകൊണ്ടും നമ്മുക്ക് ദൈവമക്കൾക്ക് ഉചിതമായ ഒരു ജീവിതം നയിക്കാം.


Related Articles »