News - 2024

വചനോപാസകയായ പരിശുദ്ധ മറിയം | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 26

സിസ്റ്റർ റെറ്റി FCC 26-05-2024 - Sunday

വിശ്വാസ നിർഭരവും വചനാധിഷ്ഠിതവുമായിരുന്നു മറിയത്തിന്റെ ജീവിതം. കർത്താവിന്റെ ദാസിയായ മറിയം ആയുഷ്കാലം മുഴുവൻ വചനം അനുസരിച്ച് ജീവിച്ചിരുന്നവളാണ്.ദൈവവചനം പാലിക്കുകയും വചനത്തിന് ശുശ്രൂഷ ചെയ്യുകയും ചെയ്യുന്നവർ ആത്മീയ മാതൃത്വത്തിലേക്കും പിതൃത്വത്തിലേക്കും ഉയരുകയാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ നാം വായിക്കുന്നത് അനുസരിച്ച് ആൾക്കൂട്ടത്തിൽ നിന്ന് ഒരു സ്ത്രീ സ്വരം ഉയർത്തി പറയുന്നു "അങ്ങയെ വഹിച്ച ഉദരവും അങ്ങയെ പാലൂട്ടിയ സ്തനങ്ങളും ഭാഗ്യമുള്ളവ" (Lk11/27).

മറിയത്തിന് ലഭിച്ച ഒരു പ്രശംസയായിരുന്നു അത്. ഈശോയുടെ പ്രത്യുത്തരവും ശ്രദ്ധേയമാണ്. "ദൈവവചനം കേട്ട് അത് പാലിക്കുന്നവർ കൂടുതൽ ഭാഗ്യം ഉള്ളവരാകുന്നു "(LK11/28). വിശുദ്ധ ഗ്രന്ഥത്തിലെ മറ്റൊരു വിവരണവും വചനത്തിന്റെ പ്രാധാന്യവും പ്രാഥമ്യവും വ്യക്തമാക്കുന്നുണ്ട്. അങ്ങയുടെ അമ്മയെയും സഹോദരങ്ങളും അങ്ങേ കാത്തുനിൽക്കുന്നുവെന്ന് ആരോ ഈശോയെ ഉണർത്തിച്ചപ്പോൾ ദൈവവചനം ശ്രമിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും" എന്നായിരുന്നു അവിടുത്തെ മറുപടി (Lk8/19-21, Mt12/46-50, Mk3/31-35).

വചന ശ്രവണത്തിനും വചനാധിഷ്ഠിത ജീവിതത്തിനും ഈശോ കൊടുക്കുന്ന പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. 12 വയസ്സുകാരനായ ഈശോ തന്റെ അമ്മയോട് ദേവാലയത്തിൽ വച്ച് പറഞ്ഞതുപോലെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കുന്നതാണ്(Lk2/49) വചനാധിഷ്ഠിതമായ ജീവിതം. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ പറയുന്നു "ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു" Jn 10 : 35.

ദൈവവചനം കേൾക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തവരിൽ ഒന്നാമത്തെ ആൾ മറിയം തന്നെ. മറിയം വചനം സ്വീകരിക്കുകയും വചനത്തിൽ വിശ്വസിക്കുകയും വചനം ഹൃദയത്തിൽ സൂക്ഷിച്ച് ധ്യാനിക്കുകയും ചെയ്തു. വചനത്തിന്റെ പാതയിലൂടെ കുരിശോളം അവൾ യാത്ര ചെയ്തു. വചന ബദ്ധയായ മറിയത്തെ കുരിശിൻ അപ്പുറത്ത് സെഹിയോൻ മാളികയിൽ ആദിമ സഭയുടെ മധ്യത്തിലും നാം കാണുന്നു. വചനാധിഷ്ഠിത ജീവിതത്തിന് മറിയത്തിനേക്കാൾ വലിയ മാതൃക പുതിയ നിയമത്തിൽ ഇല്ല. അതുകൊണ്ടുതന്നെ മറിയത്തിന്റെ മാതൃത്വം ജഡപ്രകാരമുള്ള മാതൃത്വത്തെ അതിലങ്കിച്ച് ദൈവരാജ്യ മാതൃത്വത്തിന്റെ ഔന്നത്യത്തിലേക്ക് ഉയർന്നു. വചനാധിഷ്ഠിത ജീവിതം നയിക്കുമ്പോഴാണ് ഓരോ ക്രൈസ്തവന്റെയും ജീവിതം ധന്യമാകുന്നത്.

നിരന്തരം ബൈബിൾ വായിക്കുകയും വചനത്തെപ്പറ്റി ധ്യാനിക്കുകയും വേണം. വചനത്താൽ നിറഞ്ഞ വ്യക്തി വചനത്തിന് വാക്കിലൂടെയും പ്രവർത്തിയിലൂടെയും സാക്ഷ്യം വഹിക്കാൻ നിർബന്ധിതനാകും. അതുകൊണ്ടാണ് വിശുദ്ധ പൗലോസ്ലീഹ പറയുന്നത് ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എന്റെ സ്ഥിതി എത്ര ദയനീയം (1cori9/16). മറിയത്തെ 'ദൈവിക ശബ്ദത്തിന്റെ പുത്രി'(Daughter of the voice)എന്നാണ് ചില ബൈബിൾ പണ്ഡിതന്മാർ വിളിക്കുന്നത്.

കാനായിൽവെച്ച് അവൻ പറയുന്നത് നിങ്ങൾ ചെയ്യുവിൻ എന്ന് മറിയം പരിചാരകരോട് പറഞ്ഞപ്പോൾ ആ വാക്യത്തിൽ ഈശോ തന്റെ പിതാവിന്റെ സ്വരം തന്നെയാണ് ശ്രമിച്ചത്. ജ്ഞാനസ്നാന അവസരത്തിൽ തന്റെ പിതാവിന്റെ സാക്ഷ്യം കിട്ടി "നീ എന്റെ പ്രിയപുത്രൻ നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു "(MK1/10). കാനായിൽ തന്റെ മാതാവിന്റെ സാക്ഷ്യം ഈശോയ്ക്ക് കിട്ടി മാതാവിന്റെ സാക്ഷ്യത്തിലും തന്റെ പിതാവിന്റെ ഇംഗിതം തന്നെയാണ് ഈശോ തിരിച്ചറിഞ്ഞത്.

മറിയത്തിൻ്റെ ജീവിതത്തെ ഒറ്റവാക്കിൽ നമുക്കു സംഗ്രഹിക്കാം ദൈവവചനത്തിനു വഴങ്ങി ജീവിച്ചവൾ(Obedient to Word of God).ദൈവവചനത്തിൽ ആഹ്ലാദം കണ്ടെത്തിയ മറിയം മറ്റാരും ജീവിച്ചിട്ടില്ലാത്തതുപോലെ ദൈവവചനത്തിനു സാക്ഷ്യം ഏകി ജീവിച്ചു

നമുക്ക് വചനം വായിക്കുകയും വചനത്തിന്റെ ചെവി കൊടുക്കുകയും ചെയ്തു പരിശുദ്ധ മറിയത്തിന്റെ മാതൃക അനുകരിക്കാം.


Related Articles »